- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി; പൗൾട്രി വികസന കോർപറേഷന്റെ ഔട്ട്ലെറ്റുകളിൽ മിതമായ നിരക്കിൽ ലഭ്യമാക്കും; കോഴിത്തീറ്റയുടെ വില കുറച്ചതായും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗൾട്രി വികസന കോർപറേഷന്റെ ഔട്ട്്ലെറ്റുകളിൽ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
കോഴിത്തീറ്റ വില കുറഞ്ഞാൽ കോഴിയുടെയും വില കുറയും. കേരള ഫീഡ്സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും പരമാവധി കർഷകരിലേക്ക് ഇത് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചാക്കിന് 80 രൂപയാണ് കേരള ഫീഡ്സ് കുറച്ചത്. ഇത് ഇറച്ചിക്കോഴി വിലയിൽ പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ പൗൾട്രി ഫാമുകളിൽ വളർത്തുന്ന കോഴികളെ മിതമായ വിലയ്ക്കാണ് വിൽക്കുന്നത്. കിലോയ്ക്ക് 95രൂപയിൽ തന്നെയാണ് വില നിൽക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം കോഴിയിറച്ചി വില കിലോയ്ക്ക് 240 രൂപയായാണ് ഉയർന്നത്. ഒരു മാസത്തിനിടെ കൂടിയത് 100 രൂപ. ഫാമുകൾ കോഴി ഉൽപാദനം എഴുപത് ശതമാനംവരെ കുറച്ചതാണ് വിലവർധനയ്ക്ക് കാരണം. തുടർച്ചയായ വിലയിടിവും ലോക്ഡൗൺ ആശങ്കകളുമാണ് ഉൽപാദനം കുറയ്ക്കാൻ ഫാമുകളെ പ്രേരിപ്പിച്ചത്. കോഴിത്തീറ്റ വില കൂടിയതിനാൽ കോഴിയിറച്ചി വില കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. അതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.
മറുനാടന് മലയാളി ബ്യൂറോ