ബെർലിൻ: സ്ത്രീകൾക്ക് തങ്ങളുടെ പുരുഷ സഹപ്രവർത്തകരുടെ വേതനവുമായി താരതമ്യം ചെയ്യാൻ അനുവദിക്കുന്ന പുതിയ നിയമം നടപ്പിലാക്കാൻ ഫാമിലി മിനിസ്റ്റർ മാനുവേല ഷ്വെസിഗ് ഒരുങ്ങുന്നു. സ്ത്രീ പുരുഷ വേതന സമത്വം ഉറപ്പാക്കുന്ന തരത്തിലുള്ള ഈ നിയമപരിഷ്‌ക്കരണത്തിന് തൊഴിലുടമകളിൽ നിന്ന് വൻ എതിർപ്പാണ് മന്ത്രിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഒരേ തൊഴിൽ ചെയ്യുന്ന സ്ത്രീക്കും പുരുഷനും വ്യത്യസ്ത വേതനം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരത്തിൽ നടപടിക്ക് മന്ത്രി ഒരുങ്ങുന്നത്. വേജ് ട്രാൻസ്‌പെരൻസി പ്ലാൻ (wage transperency plan) എന്നു പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം തന്റെ പുരുഷ സഹപ്രവർത്തകന്റെ ശമ്പളവുമായി ഒരു സ്ത്രീക്ക് തന്റെ ശമ്പളം താരതമ്യം ചെയ്തു നോക്കാവുന്നതാണ്.

കമ്പനിയിലുള്ള ഓരോരുത്തരുടേയും ശമ്പളം പ്രത്യേകം ചോദിക്കുകയെന്നത് പ്രാവർത്തികമായ കാര്യമല്ല. എന്നാൽ തന്റെ അതേ നിലയിൽ ജോലി ചെയ്യുന്ന ഒരാളുടെ ശമ്പളവുമായി താരതമ്യം ചെയ്യാൻ സാധിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ഇതുസാധ്യമാക്കുന്ന തരത്തിൽ നിയമനിർമ്മാണമാണ് നടത്തുന്നതെന്ന് ഷ്വെസിഗ് വ്യക്തമാക്കി.

ചാൻസലർ ആഞ്ചല മെർക്കറുടെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും ഉൾപ്പെടുന്ന കൂട്ടുകക്ഷി മന്ത്രിസഭ ഇത്തരത്തിലൊരു പദ്ധതി വിഭാവനം ചെയ്തിരുന്നതാണ്. 500 തൊഴിലാളികളിൽ കൂടുതലുള്ള കമ്പനികൾക്ക് ബാധകമാകുന്ന തരത്തിലാണ് ഈ നിയമം നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഷ്വെസിഗിന്റെ തീരുമാനപ്രകാരം എത്ര തൊഴിലാളികളുള്ള കമ്പനിയായാലും പുതിയ പദ്ധതി നടപ്പാക്കണമെന്നാണ് പറയുന്നത്. ട്രേഡ് യൂണിയനുകളും എംപ്ലോയർമാരുടെ പ്രതിനിധികളും ഇതുസംബന്ധിച്ച് ഉടൻ തന്നെ സമ്മേളനം കൂടണമെന്നും മന്ത്രി നിഷ്‌ക്കർഷിക്കുന്നു.

ഫെഡറേഷൻ ഓഫ് ജർമൻ ഇൻഡസ്ട്രി, ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, യൂണിയൻ ഓഫ് ജർമൻ എംപ്ലോയേഴ്‌സ് ഫെഡറേഷൻ എന്നിവ അവരുടെ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞു. നിയമം പാസാകുകയാണെങ്കിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുകയെന്നത് പ്രാവർത്തികമാക്കാൻ സാധിക്കില്ല എന്നാണ് തൊഴിലുടമകൾ വാദിക്കുന്നത്.