കൊച്ചി: മന്ത്രി ജി സുധാകരന്റെ വിടുവായത്തം മലയാളികൾക്ക് നല്ലവണ്ണം പരിചിതമാണ്. ലോകത്തിന് കീഴിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കവി കൂടിയായ സുധാകരന് ഉണ്ടെന്നാണ് മലയാളി സമൂഹം സമ്മതിച്ചു കൊടുത്ത കാര്യം. എന്നാൽ, ആ ലൈസൻസുകൊണ്ട് ലോകത്തെ എല്ലാവരെയും അധിക്ഷേപിക്കാൻ ഇറങ്ങിയാൽ എങ്ങനെയിരിക്കും? ജി സുധാകരന്റെ നാവു പിഴ കൊണ്ട് കേരളം മുഴുവൻ അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. ലോകബാങ്ക് ഉന്നതനെ നീഗ്രോ എന്ന് വിധിച്ച് വംശീയ വെറി പ്രകടിപ്പിച്ച മന്ത്രിക്കെതിരെ കടുത്ത് അമർഷത്തിലാണ് ലോകബാങ്ക്. ഇതോടെ കേരളത്തിലെ ലോകബാങ്ക് പദ്ധതികളുടെ കാര്യം ഗോവിന്ദയാകുമോ എന്ന ആശങ്ക ശക്തമായിരിക്കയാണ്.

സംഭവത്തിൽ മന്ത്രി ജി. സുധാകരൻ മാപ്പു പറഞ്ഞെങ്കിലും പ്രശ്‌നം തീരുന്ന ലക്ഷണം കാണുന്നില്ല. കേരളത്തിലെ ഒരു മുതിർന്ന മന്ത്രി തങ്ങളുടെ ടീം ലീഡർക്കെതിരെ വർണവെറി കലർന്ന പരാമർശം നടത്തിയതും ലോകബാങ്കിന്റെ വായ്പ ആവശ്യമില്ലെന്നു പരസ്യമായി പറഞ്ഞതും ഗൗരവമായി കാണുന്നുവെന്ന് ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്കു കത്തെഴുതി. ഇതോടെ കാര്യം ദേശീയ തലത്തലും ചൂടുപിടിച്ചിട്ടുണ്ട്. കെഎസ്ടിപി പദ്ധതിക്കുള്ള വായ്പയ്ക്കു പുറമേ കേരളം അപേക്ഷിക്കാനിരിക്കുന്ന മറ്റു പദ്ധതികൾക്കു വായ്പ നൽകുന്നതും പുനഃപരിശോധിക്കേണ്ടി വരുമെന്നു കത്തിൽ പറയുന്നു. ഇതോടെ സംസ്ഥാനത്തു ലോകബാങ്ക് വായ്പ വിനിയോഗിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് ആശങ്ക ഉയർന്നു.

കെഎസ്ടിപി അധികൃതർ ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ലോക ബാങ്കിന്റെ ടീം ലീഡർ ബെർണാർഡ് അരിട്വയ്‌ക്കെതിരെ ജി. സുധാകരൻ നടത്തിയ പ്രയോഗത്തോടെപ്പം കെഎസ്ടിപി പദ്ധതിയിൽ അടിമുടി അഴിമതിയാണെന്നും കേരളത്തിന് വായ്പ ആവശ്യമില്ലെന്നും പറഞ്ഞതു ലോകബാങ്ക് അധികൃതരെ ചൊടിപ്പിച്ചു. എത്തിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ദക്ഷിണേഷ്യൻ വൈസ് പ്രസിഡന്റ്, മാനവവിഭവശേഷി വൈസ് പ്രസിഡന്റ് എന്നിവർ ചേർന്നാണ് അരുൺ ജയ്റ്റ്‌ലിക്ക് കത്തെഴുതിയത്.

മന്ത്രിതന്നെ വായ്പയ്‌ക്കെതിരെ രംഗത്തുവരുന്നത് ഇടതു സർക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗമാണെന്നാണ് ലോകബാങ്ക് വിലയിരുത്തൽ. സുധാകരന്റെ പരാമർശത്തിൽ കൂട്ടായി പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു ജീവനക്കാർക്ക് ആഭ്യന്തര കുറിപ്പും നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വൻകിട പദ്ധതിയായ സർവീസ് ഡെലിവറി സംവിധാനത്തിന്റെ രണ്ടാം ഘട്ടം ഉൾപ്പെടെ പദ്ധതികളെ പ്രശ്‌നം ബാധിക്കുമെന്നാണു സൂചന.

1,500 കോടി രൂപയുടെ വായ്പ ലഭ്യമായാൽ രണ്ടാംഘട്ടം തുടങ്ങാൻ തയാറാണെന്നു കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ലോകബാങ്കിനെ അറിയിച്ചിരുന്നു. ഇതിനിടെ, കെഎസ്ടിപി പദ്ധതികൾക്കായി ലോകബാങ്ക് തയാറാക്കിയ നിയമാവലി പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഡയറക്ടറോടു മന്ത്രി നിർദേശിച്ചു. പദ്ധതി തുടങ്ങിയതു മുതലുള്ള അവലോകനം നടത്തി വിശദമായ റിപ്പോർട്ട് തയാറാക്കാനാണു നിർദ്ദേശം. പദ്ധതിക്കു നിയോഗിച്ച കൺസൽറ്റന്റുമാരുടെ അവിഹിതമായ ഇടപെടൽ പല തലത്തിലും ഉണ്ടായെന്ന നിലപാടിലാണു മന്ത്രി.

12 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും പിന്നീടിതു 35 കോടിയാക്കി വർധിപ്പിക്കുകയും ചെയ്തതുപേലെയുള്ള കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിലൊന്നും ലോകബാങ്കിന്റെ ഭാഗത്തുനിന്നു നിരീക്ഷണമോ പരിശോധനയോ ഉണ്ടായില്ല എന്നും അദ്ദേഹം കരുതുന്നു. ലോകബാങ്ക് പ്രതിനിധികളെ നേരിൽക്കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നു പൊതുമരാമത്ത് സ്‌പെഷൽ സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു.

അമേരിക്കയിലെ അടിമത്തത്തിനെതിരെ സംസാരിക്കുമ്പോഴാണ് താൻ ഇത്തരമൊരു പരാമർശം നടത്തിയതെന്ന് പറഞ്ഞ് തടിയൂരാനാണ് മന്ത്രി കത്തെഴുതി ശ്രമിച്ചത്. അമേരിക്കൻ വിപ്ളവത്തെ അനുകൂലിക്കുന്നതായും ഞാൻ താങ്കളെ അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമയ്ക്കൊപ്പമാണ് പരാമർശിച്ചതെന്നും മന്തി കത്തിൽ പറഞ്ഞുവയ്ക്കുന്നു. മോശം വാക്ക് പറഞ്ഞുപോയത് അറിയാതെയാണെന്നും അമേരിക്കയിലെയും ഗൾഫിലെയും ചില സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ഇതൊരു മോശം പരാമർശമാണെന്ന് മനസ്സിലാക്കിയതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

'ലോക ബാങ്കെന്നാൽ അമേരിക്കയാണെന്ന് പറഞ്ഞു തുടങ്ങിയ പ്രസംഗമാണ് മന്ത്രി സുധാകരനെ വിവാദത്തിലാക്കിയത്. അമേരിക്ക ഉണ്ടാവുന്നതിനു മുൻപേ കേരളം ഉണ്ട്. വായ്പ പിൻവലിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുകയൊന്നും വേണ്ട. കെഎസ്ടിപി പദ്ധതി ഇഴയുന്നതിനു കാരണം ലോക ബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ്. ഞാൻ മന്ത്രിയായ ശേഷം നാലു തവണ ലോക ബാങ്കിന്റെ പ്രതിനിധികൾ എന്നെ കാണാൻ വന്നു. ഇവിടുത്തെ ടീം ലീഡർ.

അയാൾ ഒരു ആഫ്രിക്കൻ അമേരിക്കനാണ്. എന്നുവച്ചാൽ ഒബാമയുടെ വംശം. അയാൾ നീഗ്രോയാണ്. നൂറ്റാണ്ടിനു മുൻപ് അടിമകളാക്കി, അമേരിക്കയിൽ കൊണ്ടു വന്നു പണിചെയ്യിപ്പിച്ചു. അടിമത്തം അവസാനിപ്പിച്ചപ്പോൾ സ്വതന്ത്രരായി. അതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്'.-ഇതായിരുന്നു സുധാകരന്റെ പ്രസംഗം.

അമേരിക്കയിൽ ഉൾപ്പടെ നിരോധിച്ച വാക്ക് പ്രയോഗിച്ചതിൽ മാപ്പുപറഞ്ഞാണ് മന്ത്രി കത്തെഴുതുന്നത്. താങ്കളൊരു യഥാർഥ അമേരിക്കൻ ആണെന്നും മേലിൽ ഒരിക്കലും തന്റെ പ്രസംഗത്തിൽ ഇത്തരമൊരു പദപ്രയോഗം നടത്തില്ലെന്നും മന്ത്രി പറയുന്നു. ദശാബ്ദങ്ങൾ നീണ്ട സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കു വേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്നുകൂടി ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ മാപ്പപേക്ഷ. വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞ് പുലിവാലു പിടിക്കുന്നതിൽ മുമ്പും ഏറെ പരാതികൾ സുധാകരനെതിരെ ഉയർന്നിരുന്നു. ഇതോടെ ഇപ്പോഴത്തെ വിവാദവും ആലപ്പുഴയിലെ മുതിർന്ന സി.പി.എം നേതാക്കളിൽ ഒരാളായ സുധാകരനെ കുരുക്കിൽ ചാടിച്ചിരിക്കുകയാണ്.