- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തത് ആറ് മണിക്കൂറിലധികം; മതഗ്രന്ഥ വിതരണം മുതൽ സ്വപ്‌ന സുരേഷുമായുള്ള ഫോൺ വിളികൾ വരെ ഉൾപ്പെടുത്തി വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസും; മൂന്നാമത്തെ കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരായിട്ടും തരിമ്പും കൂസലില്ലാതെ കെ ടി ജലീലും
കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തത് ആറ് മണിക്കൂറിലധികം. ഉച്ചയോടെ ഔദ്യോഗിക വാഹനത്തിൽ കസ്റ്റംസ് ഓഫീസിലെത്തിയ മന്ത്രി, ചോദ്യംചെയ്യലിനുശേഷം രാത്രിയോടെയാണ് കസ്റ്റംസ് ഓഫീസിൽനിന്ന് പുറത്തിറങ്ങിയത്. മതഗ്രന്ഥം, ഭക്ഷ്യക്കിറ്റുകൾ എന്നിവയുടെ വിതരണം, യു.എ.ഇ കോൺസുലേറ്റ് സന്ദർശനങ്ങൾ, സ്വപ്‌ന സുരേഷുമായുള്ള ഫോൺ വിളികൾ എന്നിവ സംബന്ധിച്ച് കസ്റ്റംസ് വിശദമായ മൊഴി രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ.
ഉച്ചകഴിഞ്ഞ് ആരംഭിച്ച ചോദ്യം ചെയ്യലിനായി പ്രത്യേക ചോദ്യാവലിതന്നെ കസ്റ്റംസ് തയ്യാറാക്കിയിരുന്നു. എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നേരത്തെ മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു. രണ്ട് ഏജൻസികളുടേതിൽനിന്നും വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയത് എന്നാണ് വിവരം. കോൺസൽ ജനറലുമായി മന്ത്രി ജലീൽ ചർച്ചകൾ നടത്താറുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്ത് മൊഴി നൽകിയിരുന്നു.
ചോദ്യം ചെയ്യൽ അവസാനിച്ചതിന് പിന്നാലെ മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. എൻഐഎയും ഇഡിയും നേരത്തേ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സ്വകാര്യ വാഹനത്തിൽ പോകുകയും ഇപ്പോൾ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഔദ്യോഗിക വാഹനത്തിൽ പോകുകയും ചെയ്തതിന്റെ കാരണം വിശദമാക്കിയായിരുന്നു പോസ്റ്റ്. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി കസ്റ്റംസ് വിളിച്ചതുകൊണ്ടാണ് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തിയതെന്ന് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി.
മതഗ്രന്ഥം, ഭക്ഷ്യകിറ്റ് വിതരണം, യു.എ.ഇ. കോൺസുലേറ്റ് സന്ദർശനങ്ങൾ, സ്വപ്നാ സുരേഷുമായുള്ള ഫോൺ വിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് കസ്റ്റംസ് മന്ത്രിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എൻ.ഐ.എ.യും എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റും ചോദ്യംചെയ്തുകഴിഞ്ഞതിനാൽ അതിൽനിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരുന്നത്. കോൺസൽ ജനറലുമായി ജലീൽ ചർച്ചകൾ നടത്താറുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയും മന്ത്രിക്ക് വിനയായിരുന്നു. പ്രോട്ടോക്കോൾ ലംഘനത്തിനുപുറമേ വിദേശസഹായനിയന്ത്രണച്ചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. എന്നാൽ, ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും തന്നെ കുരുക്കാനാകില്ലെന്ന പഴയ നിലപാട് ആവർത്തിച്ചാണ് മന്ത്രിയുടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റും. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ മനോധൈര്യമാണ് തനിക്കെന്നും മന്ത്രി പറയുന്നു.
മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..
മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട
-------------------------------
മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചതുകൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്.
ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു; ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകന്റെ എക്കാലത്തുമുള്ള ആത്മബലം.
എന്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്.
പിഎച്ച്ഡി പ്രബന്ധവും വിവാദത്തിൽ
അതേസമയം, മന്ത്രി കെ.ടി. ജലീലിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരമെന്ന വിവാദവും കനക്കുകയാണ്. നൂറുകണക്കിന് ഉദ്ധരണികൾ അക്ഷരത്തെറ്റുകളോടെ പകർത്തിയെഴുതി പ്രബന്ധമായി സമർപ്പിച്ചാണ് ഉന്നത മന്ത്രി കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയതെന്നാണ് ഗവർണർക്ക് ലഭിച്ചിരിക്കുന്ന പരാതി. അദ്ദേഹത്തിന്റെ പ്രബന്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. പരാതി കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ പരിശോധനയ്ക്കു ഗവർണർ കൈമാറി. ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം മൗലികമല്ലെന്നും വിദഗ്ധ പാനൽ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാന്പയിൻ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്ഡി ബിരുദത്തിനെതിരേ ഗവർണർക്കു പരാതി സമർപ്പിച്ചത്.
2006-ലാണ് കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്ഡി ബിരുദം നേടിയത്. മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം പ്രബന്ധത്തിൽ ഗവേഷകന്റെ മൗലികമായ സംഭാവനകൾ കുറവാണെന്നും അതുകൊണ്ട് തന്നെ ഇത് പുനർമൂല്യനിർണയത്തിന് വിധേയമാക്കണമെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ക്യാംപയ്ൻ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകൾ കണ്ടെത്തിയിരുന്നു. പ്രബന്ധങ്ങൾ അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റിൽ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതുകൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്‌സിറ്റിയിൽനിന്ന് പ്രബന്ധത്തിന്റെ പകർപ്പ് ലഭ്യമാക്കുകയായിരുന്നു.
സിൻഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവിൽ വൈസ് ചാൻസലർ ആയിരുന്ന ഡോ. എം.കെ.രാമചന്ദ്രൻ നായർ ഇടപെട്ട് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിനു ഡോക്ടറേറ്റ് നൽകിയതെന്നു പരാതിയിൽ പറയുന്നു.
തന്റെ ഗവേഷണഫലം സാധൂകരിക്കാൻ ജലീൽ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. ഇവയ്ക്ക് വേണ്ട സൂചികകൾ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകർത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികൾ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നത്. മൂലഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണികൾക്കു പകരം പലതവണ പകർപ്പിനു വിധേയമായവയാണ് ഉപയോഗിച്ചിരിക്കുന്നത് . അതുകൊണ്ടുതന്നെ പ്രബന്ധം അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ്. വാരിയംകുന്നത്തു ഹാജിയുടെ പേര് അടുത്ത കാലത്ത് ചർച്ചാ വിഷയമായതിനെ തുടർന്നു മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയിൽപെട്ടതെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപയ്ൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മറുനാടന് ഡെസ്ക്