- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സത്യമേ ജയിക്കൂ.. സത്യം മാത്രം; ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്നും കെ ടി ജലീൽ; സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ സത്യത്തെ പറ്റി ഫേസ്ബുക്കിൽ കുറിച്ച മന്ത്രി കുറ്റത്തെ പറ്റി ഒന്നും മിണ്ടുന്നില്ല; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇതിനിടെ, സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ രംഗത്തെത്തി. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല എന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ മന്ത്രി കുറിച്ചു. ഇന്ന് രാവിലെയാണ് സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിനെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
സ്വകാര്യവാഹനത്തിൽ രാവിലെ കൊച്ചി ഇഡി ഓഫിസിലെത്തിയ കെ.ടി.ജലീൽ ഒരു മണിയോടെയാണ് ഓഫിസ് വിട്ടത്. യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ എത്തിച്ചതുൾപ്പടെയുള്ള വിഷയങ്ങളിൽ ജലീലിനെ പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരത്തു നിന്ന് വീട്ടിലേക്കെന്ന് അറിയിച്ച് യാത്ര തിരിച്ച മന്ത്രി കെ.ടി.ജലീലിൽ 9 മണിയോടെയാണ് കൊച്ചി ഇഡി ഓഫിസിൽ സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായത്. യാത്രാമധ്യ അരൂരിലെ വ്യവസായിയുടെ വീട്ടിലെത്തിയ ജലീൽ ഔദ്യോഗിക വാഹനം അവിടെ നിർത്തി വ്യവസായിയുടെ വാഹനത്തിൽ എസ്കോർട്ടില്ലാതെയാണ് ഇഡി ഓഫിലേക്ക് എത്തിയത്. തുടർന്ന് മൂന്നുമണിക്കൂറിലേറെ ജലീൽ ഒാഫിസിലുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഒരുമണിയോടെ അവിടെ നിന്ന് ഇറങ്ങിയ ജലീൽ പിന്നീട് ഔദ്യോഗിക വാഹനത്തിൽ ആലുവയിൽ സുഹൃത്തിന്റെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചശേഷമാണ് മടങ്ങിയത്.
വൈകിട്ടോടെ മന്ത്രിയെ ഓഫിസിൽ വിളിച്ചുവരുത്തിയ വിവരം എൻഫോഴ്സ്മെന്റ് മേധാവി സ്ഥിരീകരിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധവും തിരുവനന്തപുരത്തെ യു.ഇ കോൺസുലേറ്റുമായുള്ള ബന്ധവുമാണ് എൻഫോഴ്സ്മെൻറ് പ്രധാനമായും ചോദിച്ചത്. വിദേശത്തുനിന്ന് അനുമതിയില്ലാതെ മതഗ്രന്ഥങ്ങളെത്തിച്ച നയതന്ത്രപാഴ്‌സലിന്റെ വിശദാംശങ്ങളും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. പാഴ്സലിന്റെ തൂക്കവും മതഗ്രന്ഥങ്ങളുടെ എണ്ണവും സംബന്ധിച്ച കൃത്യമായ കണക്കുകളും ചോദ്യം ചെയ്യലിലുണ്ടായി. മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാൻ പോയ സിഡാകിൻറ വാഹനത്തിന്റെ ജിപിഎസ് തൃശൂർ മുതൽ പ്രവർത്തിക്കാതിരുന്നതും സംശയങ്ങൾക്ക് ഇടവരുത്തിയിരുന്നു.
അതിനിടെ, സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരവുമായി കോൺഗ്രസും ബിജെപിയും തെരുവിലിറങ്ങി. സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത്കോൺഗ്രസ്, ബിജെപി പ്രവർത്തകർ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായി. ബിജെപി പ്രവർത്തകർ ജലീലിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുമ്പിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എസ്. എം ബാലു യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മുക്കോല ബിജു, വഞ്ചിയൂർ വിഷ്ണു എന്നിവർക്ക് ഗുരുതരമായ പരുക്കേറ്റു. കെടി ജലീലിന്റെ കോലം കത്തിച്ച ശേഷം സെക്രട്ടറിയേറ്റിലേക്ക് കടന്നപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം വീണ്ടും ശക്തമായതോടെ ലാത്തി ചാർജ് ആരംഭിക്കുകയായായിരുന്നു. ലാത്തിച്ചാർജിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് സമരം നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ സംസ്ഥാന ഉപാധ്യക്ഷന്മാരായ നുസൂർ, എസ്. എം. ബാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. അതേസമയം, ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോർച്ചയും പ്രതിഷേധിക്കുകയാണ്. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുമ്പിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.
മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. നയതന്ത്ര ബാഗിൽ മതഗ്രന്ധങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കള്ളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിക്കും. ഇതിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെൻറ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല.
Posted by Dr KT Jaleel on Friday, September 11, 2020
മറുനാടന് ഡെസ്ക്