- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമാണെന്ന് കേരള സർവകലാശാല; പ്രബന്ധത്തിൽ പിഴവുകളില്ലെന്നും വിസിയുടെ അന്വേഷണ റിപ്പോർട്ട്; വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയും
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമാണെന്ന് കേരള സർവകലാശാല. ആരോപണം സംബന്ധിച്ചുള്ള പരാതി ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർക്ക് കൈമാറിയിരുന്നു. തുടർന്ന് വി സി നടത്തിയ അന്വേഷണത്തിലാണ് ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കണ്ടെത്തിയത്. ജലീലിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിൽ മൗലിക സംഭാവനയില്ലെന്നും വിദഗ്ധ പാനൽ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതി.
ജലീൽ തയ്യാറാക്കിയ പ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതിൽ പിഴവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രബന്ധത്തിൽ പിഴവുകളുണ്ടെന്ന പരാതി തള്ളുകയും ചെയ്യുന്നു. മലബാർ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം 2006ലാണ് ജലീൽ തയ്യാറാക്കിയത്. ഇതിലൊരുപാട് പിശകുകളുണ്ടെന്നായിരുന്നു ആർ എസ് ശശികുമാർ, ഷാജിർഖാൻ തുടങ്ങിയവർ ഉൾപ്പെട്ട ഉന്നതവിദ്യാഭ്യാസ സമിതിയുടെ കണ്ടെത്തൽ.
2006-ലാണ് കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി. ബിരുദം നേടിയത്. മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം തയ്യാറാക്കിയത്. എന്നാൽ പ്രബന്ധത്തിൽ ഉദ്ധരണികൾ മാത്രമാണെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നാണ് പരാതിയിലെ ആരോപണം. ഇതോടൊപ്പം വ്യാകരണ പിശക് ഒരുപാടുണ്ടെന്നും അക്കമിട്ട് സൂചിപ്പിച്ചിരുന്നു. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്.ഡി. ബിരുദത്തിനെതിരേ ഗവർണർക്ക് പരാതി സമർപ്പിച്ചത്.
കെ ടി ജലീലിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ജലീലിന്റെ ഗവേഷണ പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി ഗവർണർക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ഗവർണർ കേരള സർവ്വകലാശാല വിസിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് വിസി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
വിസി ആരോപണങ്ങൾ തള്ളിയെങ്കിലും പിന്നോട്ടില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ സമിതിയുടെ നിലപാട്. ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകാനാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ തീരുമാനം.
മറുനാടന് ഡെസ്ക്