തിരുവനന്തപുരം: കായംകുളത്ത് മന്ത്രി എം കെ മുനീർ സഞ്ചരിച്ച വാഹനമിടിച്ച് കോളേജ് അദ്ധ്യാപകൻ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ വാദം തള്ളി മോട്ടോർ വാഹനവകുപ്പ്. മന്ത്രിയുടെ ആംഡബര കാർ യാത്ര നിയമവിരുദ്ധമെന്ന നിലപാടിലാണ് വകുപ്പ്.

നേരത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുനീറിന്റെ ആഡംബര കാർ ഉപയോഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ യാത്ര നിയമവിരുദ്ധമെന്നു കാട്ടി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്.

വ്യവസ്ഥകൾ പാലിക്കാതെയാണ് സ്വകാര്യ ആഡംബര വാഹനത്തിൽ സർക്കാൻ നമ്പർ പ്ലേറ്റ് സ്ഥാപിച്ചത് എന്നതിനാൽ ആലപ്പുഴ ആർടിഒയിൽനിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ ശ്രീലേഖ വ്യക്തമാക്കി. മന്ത്രി മുനീറിന് അനുവദിച്ച 'കേരള സ്റ്റേറ്റ് 17' എന്ന നമ്പറാണ് അപകടത്തിൽപെട്ട ആഡംബര കാറായ റേഞ്ച് റോവറിന് ഉപയോഗിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവയ്ക്ക് അനുവദിച്ചതാണ് ഈ നമ്പർ പ്ലേറ്റ് എന്നാണ് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അപകടത്തിൽപെട്ട റേഞ്ച് റോവർ (കെഎൽ 56 ജെ999) രജിസ്റ്റർ ചെയ്തിരിക്കുന്നത് മലപ്പുറം കോട്ടക്കൽ സ്വദേശിയായ സി കെ വി യൂസഫിന്റെ പേരിലാണ്.

മന്ത്രി എം.കെ. മുനീർ സഞ്ചരിച്ച ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ കോളജ് അദ്ധ്യാപകൻ പുതുപ്പള്ളി ഗോവിന്ദമുട്ടം മുത്തേഴത്ത് പ്രഫ ശശികുമാറാ(51)ണ് കഴിഞ്ഞ ദിവസം മരിച്ചത്. വാഹനമോടിച്ചിരുന്ന മലപ്പുറം കാരക്കുന്ന് പുളിങ്കുന്നിൽ സമീറിനെ (30) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അപകടം ഉണ്ടാക്കാവുന്ന തരത്തിൽ അശ്രദ്ധമായ ഡ്രൈവിങ് നടത്തിയതിനും മനപ്പൂർവമല്ലാത്ത നരഹത്യക്കും 304 എ, 279 എന്നീ വകുപ്പുകൾ പ്രകാരമാണ് മന്ത്രിയുടെ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച രാത്രി 11.30ഓടെ ദേശീയപാതയിൽ കായംകുളം കമലാലയം ജങ്ഷനു സമീപമാണ് റേഞ്ച് റോവർ കാർ അപകടമുണ്ടാക്കിയത്. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ബീക്കൺ ലൈറ്റും സർക്കാർ നമ്പർ പ്ലേറ്റും ആഡംബര കാറിൽ ഉപയോഗിച്ചായിരുന്നു മന്ത്രിയുടെ യാത്ര. അപകടം നടന്നയുടൻ ബീക്കൺ ലൈറ്റും നമ്പർ പ്ലേറ്റും മോട്ടോർ വാഹന വകുപ്പ് അധികൃതർ അഴിച്ചുമാറ്റിയിരുന്നു. ഈ നടപടി വിവാദമാകുമെന്ന് അറിഞ്ഞതോടെ അധികൃതർ ഇത് പുനഃസ്ഥാപിച്ചു.

ആഡംബര കാറിൽ മന്ത്രി മുനീർ നടത്തിയ യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും പലപ്പോഴും ടാക്‌സി വണ്ടികളിൽ സർക്കാർ നമ്പർ പ്ലേറ്റ് വച്ച് മന്ത്രിമാർ യാത്രചെയ്യാറുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ന്യായീകരണം. മുനീർ സഞ്ചരിച്ച കാറിന്റെ ഉടമ അദ്ദേഹത്തിന്റെ പാർട്ടിക്കാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.