കൊല്ലം: മാത്യൂ ടി തോമസിന്റെ ഗൺമാൻ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലം. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ആത്മഹത്യാകുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സുജിത്ത് കടയ്ക്കലിന് അടുത്ത് കോട്ടുക്കലിൽ തന്നെയുള്ള ഒരു പെൺകുട്ടിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പെൺകുട്ടി ഇതിൽ നിന്നും പിന്മാറി. ഇതു മൂലമുള്ള മനോവിഷമത്തിലാണ് സുജിത്ത് കടും കൈ ചെയ്തത് എന്നാണ് പൊലീസ് നൽകുന്ന വിവരം.

ആത്മഹത്യാ കുറിപ്പിൽ പറയുന്നതിങ്ങനെ. അവളില്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല. എല്ലാ എതിർപ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു. അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട. എന്നിങ്ങനെയുള്ള നിരാശാജനകമായ വരികളായിരുന്നു കത്തിൽ. പെൺകുട്ടി പിന്മാറിയതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിനെ തുടർന്ന് സുജിത്ത് മാനസികമായി ഏറെ തകർന്നു പോയിരുന്നതായി സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു.

27 കാരനായ സുജിത്ത് കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശിയാണ് . അർദ്ധ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. മാതാപിതാക്കൾ താഴത്തെ നിലയിലെ മുറിയിലായിരുന്നു. മുകൾ നിലയിലായിരുന്നു സുജിത്തിന്റെ കിടപ്പു മുറി. ആത്മഹത്യാ കുറിപ്പെഴുതി വച്ചതിന് ശേഷം സുജിത്ത് ആത്മഹത്യ ചെയ്തത് രണ്ടു കൈകളിലെയും ഞരമ്പ് മുറിച്ച ശേഷം സർവീസ് റിവോൾവർ കൊണ്ട് തലയ്ക്കു വെടിവച്ചാണ്. വെടിവയ്ക്കുന്ന സമയം ശബ്ദം പുറത്ത് കേട്ടിരുന്നില്ല എന്നാണ് വീട്ടുകാർ പറയുന്നത്.

രാത്രിയായിരുന്നതിനാലും മുകൾ നിലയിൽ വച്ചായതിനാലുമാണ് ശബ്ദം പുറത്ത് കേൾക്കാതിരുന്നതായാണ് പൊലീസ് നിഗമനം. അതേ സമയം സർവ്വീസ് റിവോൾവർ വീട്ടിൽ കൊണ്ടു പോയതിൽ ഗുരുതര വീഴ്‌ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസുകാരനായിരുന്ന സുജിത്ത് കഴിഞ്ഞ ദിവസമാണ് ജോലിയിൽ നിന്നും ലീവ് എടുത്ത് വീട്ടിൽ എത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് വീടിന്റെ രണ്ടാം നിലയിൽ സുജിത്തിനെ വെടികൊണ്ട നിലയിൽ വീട്ടുകാർ കണ്ടെത്തുന്നത്.

കടയ്ക്കൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.തിരുവനന്തപുരം സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ സുജിത്ത് രണ്ട് വർഷമായി മന്ത്രിയുടെ ഗൺമാനായി പ്രവർത്തിച്ച് വരികയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും സുജിത്തിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായാണ് വിവരം.

മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാൾ വീട്ടിലെത്തിയത്. കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുജിത്തിന്റെ വീട്ടിലെത്തിയി പരിശോധനകൾ നടത്തിയപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ.

2015ലാണ് സുജിത്ത് പൊലീസ് സർവ്വീസിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരം സിറ്റി എ.ആർ ക്യാമ്പിലായിരുന്നു നിയമനം. ഇവിടെ നിന്നും ആറുപേരെയായിരുന്നു മാത്യൂ ടി തോമസിന്റെ ഗൺമാന്മാരായി നിയമിച്ചിരുന്നത്.