തിരുവനന്തപുരം: ശംഖുമുഖം-വിമാനത്താവളം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റി(യു.എൽ.സി.സി)യെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ശംഖുമുഖം-വിമാനത്താവളം റോഡ് പ്രവൃത്തി വിലയിരുത്താൻ വിളിച്ച യോഗത്തിൽ ഊരാളുങ്കലിന്റെ പ്രധാന ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല. ജൂനിയർ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വിളിച്ചെങ്കിൽ മാത്രമേ കമ്പനിയിൽ നിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയുള്ളോയെന്ന് മന്ത്രി ചോദിച്ചിരുന്നു. റോഡ് നിർമ്മാണം വൈകിയാൽ യു.എൽ.സി.സിക്ക് എതിരെ നടപടി എടുക്കുമെന്നാണ് കഴിഞ്ഞദിവസം നടന്ന യോഗത്തിൽ മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നൽകിയത്.

''പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണ് മരാമത്തു വകുപ്പിന്റെ പ്രശ്നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. എന്നാൽ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവർത്തിച്ചാൽ നടപടിയുണ്ടാകും.'' മന്ത്രി റിയാസ് യോഗത്തിൽ പറഞ്ഞു.

221 ദിവസങ്ങളായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് അടഞ്ഞുകിടക്കുകയാണ്. കടൽ ഭിത്തി നിർമ്മാണം പൂർത്തിയായ ശേഷം മാത്രമേ റോഡിന്റെ പണി ആരംഭിക്കുകയുള്ളൂ.