- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അവിശുദ്ധ കൂട്ടുകെട്ടുണ്ട്; ഉറക്കത്തിൽ പറഞ്ഞതല്ല; ഒരടി പിന്നോട്ടില്ല; ഖേദം പ്രകടിപ്പിച്ചിട്ടുമില്ല'; എംഎൽഎമാർ കരാറുകാരെ കൂട്ടി വരേണ്ടെന്ന് മന്ത്രി റിയാസ്; പ്രതികരിക്കാനില്ലെന്ന് എ.എൻ.ഷംസീർ
കോഴിക്കോട്: എംഎൽഎമാരെ കൂട്ടി കരാറുകാർ കാണാൻ വരുന്നതുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയിൽ താൻ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിൻവലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന് എ.എൻ.ഷംസീർ പറഞ്ഞു.
കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎൽഎമാരുമായി കരാറുകാർ വരുന്നതിൽ തെറ്റില്ല. ചില എംഎൽഎമാർ മറ്റ് മണ്ഡലങ്ങളിൽ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു.
അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കരാറുകാരെ സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നും റിയാസ് പറഞ്ഞു. ഉറക്കത്തിൽ പറഞ്ഞതല്ല. അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല താൻ പറയുന്നത്. ചിലർ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് പറഞ്ഞത്.
അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താൻ പറഞ്ഞ കാര്യങ്ങൾ സിഎജി റിപ്പോർട്ടിലും പരാമർശിച്ചിട്ടുണ്ട്. കരാറുകാരുമായി ഇടപെടുമ്പോൾ അവർ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളിൽ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അതിൽ ഭരണകക്ഷി എംഎൽഎമാർ എതിർപ്പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ല. തനിക്കെതിരെ പടപ്പുറപ്പാടെന്ന് കേട്ട് സന്തോഷിക്കുന്നവർക്ക് മാത്രമാണ് ഈ മറുപടികളെന്നും മന്ത്രി പറഞ്ഞു.
മാർക്കറ്റ് വില കുറയുമ്പോഴും കൂടിയ സമയത്തെ വിലയിട്ട് കരാർ ഉണ്ടാക്കുന്നു. ഒരു ജില്ലയുടെ ഇൻവോയിസ് മറ്റൊരു ജില്ലയുടേതെന്ന് കാണിക്കുന്നു. ഇത് കാരണം സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതെന്നും സമയബന്ധിതമായി പണികൾ തീർക്കാതിരിക്കുന്നതിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും തോണ്ടിയാൽ അങ്ങു നിന്നുപോവുന്നതല്ല വകുപ്പിന്റെ പ്രവർത്തനമെന്നും റിയാസ് പറഞ്ഞു.
എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും തന്നെ വിമർശിച്ചിട്ടില്ല. വിവാദമായതുകൊണ്ട് നിലപാടിൽനിന്ന് പിന്നോട്ടുപോവില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
റിയാസിനെതിരെ സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിൽ വിമർശനമുയർന്ന പശ്ചാത്തലത്തിലായിരുന്നു വിശദീകരണം. എംഎൽഎമാർ കരാറുകാരെ കൂട്ടി തന്നെ കാണാൻ വരരുത് എന്ന് റിയാസ് നിയമസഭയിൽ പറഞ്ഞതിനെ എ.എൻ.ഷംസീർ എംഎൽഎ വിമർശിച്ചിരുന്നു. ആരെയൊക്കെ കൂട്ടി കാണാൻ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീർ തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു പാർലമെന്ററി പാർട്ടി യോഗം ചേർന്നത്.
മറുനാടന് മലയാളി ബ്യൂറോ