- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദളിതനായതിന്റെ പേരിൽ യോഗി തന്നെ അവഗണിക്കുന്നു; യു പി ജലസേചന വകുപ്പ് മന്ത്രി രാജിവച്ചു; മന്ത്രി ജിതിൻ പ്രസാദയും പരാതിയുമായി രംഗത്ത്; വകുപ്പിലെ സ്ഥലംമാറ്റ നടപടികളിൽ പ്രതിഷേധം; മന്ത്രിമാരെ അനുനയിപ്പിക്കാൻ നീക്കം
ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അതൃപ്തി തുറന്നു പറഞ്ഞ് ഉത്തർപ്രദേശ് ജലസേചന വകുപ്പ് മന്ത്രി രാജിവെച്ചു. ദളിതനായതിന്റെ പേരിൽ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് മന്ത്രി ദിനേഷ് ഖാതിക് രാജിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മന്ത്രി രാജിക്കത്ത് അയച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദയും യോഗിക്കെതിരേ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ നൂറ് ദിവസമായി തന്റെ വകുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഇതിൽ തനിക്ക് വേദനയുണ്ടെന്നും വകുപ്പിലെ സ്ഥലംമാറ്റ നടപടികളിൽ മുഴുവൻ ക്രമക്കേടാണെന്നും കത്തിൽ ജലസേചന വകുപ്പ് മന്ത്രി ആരോപിക്കുന്നു. താൻ ഒരു ദളിതനായതിനാലാണ് തനിക്ക് ഒരു പ്രാധാന്യവും നൽകാത്തതെന്നും മന്ത്രിയെന്ന നിലയിൽ ഒരു പ്രവർത്തനവും കാഴ്ചവെക്കാൻ കഴിയുന്നില്ലെന്നും ദിനേഷ് ഖാതിക് ആരോപിച്ചു.
വകുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്കൊന്നും തന്നെ വിളിക്കാറില്ലെന്നും ദളിത് സമുദായത്തെ അപമാനിക്കുന്ന നടപടികളാണിതെല്ലാമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, രാജിവെച്ച ദിനേഷ് ഖാതികിനെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിനുള്ള ശ്രമം തുടരുകയാണ് പാർട്ടി നേതൃത്വം.
യോഗി ആദിത്യനാഥിന്റെ പ്രവർത്തന രീതികളോട് വിയോജിച്ച് പൊതുമരാമത്ത് മന്ത്രിയായ ജിതിൻ പ്രസാദയും കേന്ദ്ര നേതൃത്വത്തെ കാണുന്നുണ്ട്. അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരെ നേരിൽ കണ്ട് പരാതി പറയാനാണ് ജിതിൻ പ്രസാദ ഡൽഹിയിൽ എത്തിയിരിക്കുന്നത്. തന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ യോഗി സസ്പെൻഡ് ചെയ്തതാണ് പ്രസാദയെ ചൊടിപ്പിച്ചത്. കോൺഗ്രസ് നേതാവായിരുന്ന ജിതിൻ പ്രസാദ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് മാത്രമാണ് ബിജെപിയിൽ ചേർന്നത്.
നിരവധി അഴിമതി ആരോപണങ്ങളാണ് യുപിയിൽ പൊതുമരാമത്ത് വകുപ്പിനെതിരെ ഉയർന്നുവന്നിട്ടുള്ളത്. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ അനിൽ കുമാർ പാണ്ഡേയെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡേയ്ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തവിട്ടിട്ടുണ്ട്.




