കോഴിക്കോട്: കൃഷിമന്ത്രിയായ ശേഷം വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെയും കാർഷിക മേഖലയുടെ വികസനത്തിന് പുതിയ കർമ്മപരിപാടികൾ അവതരിപ്പിക്കുന്നതിലൂടെയും കയ്യടി നേടിയ നേതാവാണ് വി എസ് സുനിൽകുമാർ. പല വിഷയങ്ങളിലും അദ്ദേഹം നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ മന്ത്രിയായതിന് ശേഷം വലിയ ചർച്ചയുമായിട്ടുണ്ട്. അത്തരത്തിൽ ഒരു അഭിപ്രായം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

പട്ടിയെ കൂടെ കിടത്തി ഉറക്കുന്ന സംസ്‌കാരത്തിലേക്ക് മലയാളി മാറിയതോടെ നമ്മുടെ സംസ്‌കാരത്തിൽ നിന്ന് പശു പുറത്തായെന്ന മന്ത്രിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മന്ത്രിയുടെ വാക്കുകൾ മാദ്ധ്യമം ദിന പത്രത്തിന്റെ ശബ്ദരേഖയിൽ പുനപ്രസിദ്ധീകരിക്കപ്പെട്ടതോടെ ആണ് ഇത് വലിയ ചർച്ചയായത്.

'നമുക്ക് പാൽ വേണം. എന്നാൽ പശുവിനെ വളർത്താൻ പാടാണ്. പള്ളിക്കൂടത്തിൽ പോകുന്നതിന് മുമ്പ് പശുവിന് പുല്ലരിയുന്നതും സ്‌കൂൾ വിട്ടുവന്നാൽ കുളിപ്പിക്കുന്നതും കുട്ടികളായിരിക്കെ എന്റെയൊക്കെ തലമുറയുടെ ഡ്യൂട്ടിയായിരുന്നു. ചാണകം മെഴുകിയ തറയിൽ കിടന്നുറങ്ങിയിരുന്ന മലയാളിയുടെ മക്കൾക്ക് ഇപ്പോൾ ചാണകം അറപ്പാണ്. പട്ടിയെ കൂടെ കിടത്തി ഉറക്കുന്നതാണ് നമ്മുടെ പുതിയ സംസ്‌കാരം'- ഇതായിരുന്നു ഇന്നത്തെ ശബ്ദരേഖയിൽ മന്ത്രിയുടെ വാക്കുകളായി പ്രസിദ്ധീകരിച്ചത്. മന്ത്രിയുടെ പ്രസ്താവന നേരത്തെ എവിടെയാണ് വന്നതെന്ന് വ്യക്തമല്ലെങ്കിലും ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. അനുകൂലിച്ചും എതിർത്തും നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്.

കേരളത്തിൽ കാർഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരുന്നതിന് ഫലപ്രദമായ നിരവധി ഇടപെടലുകൾ നടത്തുന്ന മന്ത്രി കൃഷി അറിയാത്തവർക്ക് ഇനി എസ്എസ്എൽസി പാസാകാമെന്ന മോഹം വേണ്ടെന്ന് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടതും ചർച്ചയായിരുന്നു. കൃഷി അടുത്ത അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് മുതൽ പത്താംകഌസ് വരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ കൃഷിയിറക്കാതെ തരിശിട്ടിരിക്കുന്ന ഭൂമിയിലെല്ലാം കൃഷിയിറക്കാനും ഞാറുനടാനും മുന്നിലിറങ്ങുന്ന മന്ത്രി ഇതിനകം കർഷകരുടെ മനസ്സിൽ കുടിയേറിക്കഴിഞ്ഞു. ഇപ്പോഴത്തെ പ്രസ്താവനയും അത്തരത്തിൽ കാർഷിക സംസ്‌കാരത്തിലേക്ക് കേരളം മടങ്ങിപ്പോകണമെന്ന ആഹ്വാനത്തിന്റെ ഭാഗമായാണെന്ന അഭിപ്രായങ്ങളാണ് കൂടുതലായും പ്രതികരണങ്ങളായി വരുന്നത്.