കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിസിറ്റിങ് വിസ ഫീസ് ഇരട്ടിയാക്കി വർധിപ്പിക്കാൻ സാധ്യത. ഫീസ് വർദ്ധനവ് നടപ്പിൽ വരുത്തന്നത് സംബന്ധിച്ച് അധികൃതർ പഠനം നടത്തി വരുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ആഭ്യന്തരമന്ത്രാലയത്തിലെ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് വിസ ഫീസ് വർദ്ധനവ് സംബന്ധിച്ച നിർദ്ദേശം ഡപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അൽ ഖലീദ് അൽ സബാഹിന് സമർപ്പിച്ചു.

ബിസിനസ്,ടൂറിസം മേഖലകളിലും കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തുന്നവരും സന്ദർശക വിസയ്ക്ക് അധിക ഫീസ് നടപ്പിലാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സെൽഫ് സ്‌പോൺസർഷിപ്പ് (ആർട്ടിക്കിൾ 24),ഫാമിലി ഡിപ്പന്റൻസി(ആർട്ടിക്കിൾ 22) എന്നിവയുടെ വിസ ഫീസും ഇതിൽ ഉൾപ്പെടുത്താൻ നിർദേശമുണ്ട്.

നിയമം നടപ്പിലായാൽ 200 കുവൈറ്റ് ദിനാർ ഫീസ് 400 കുവൈറ്റ് ദിനാറായി മാറും. മന്ത്രി ഇതേക്കുറിച്ച് പഠിച്ചശേഷം നാഷണൽ അസംബ്ലിയിൽ ചർച്ച ചെയ്യും. ഈ വർഷം അവസാനത്തോടെ പുതുക്കിയ ഫീസ് നിലവിൽ കൊണ്ടുവരാനാണ് അധികൃതർ തയ്യാറെടുക്കുന്നതെന്നാണ് സൂചന.