തിരുവനന്തപുരം: നേമം മണ്ഡലം സിപിഎം തിരിച്ചുപിടിച്ച് ഒരു വർഷം പൂർത്തിയാകവെ ബിജെപിയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. മണിക്കൂറുകളുടെ ഇടവേളകളിൽ രണ്ട് പോസ്റ്റുകളാണ് മന്ത്രി ശിവൻകുട്ടി പങ്കുവച്ചത്.

'നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം' എന്ന തലക്കെട്ടോടെ ചിത്രം പങ്കുവച്ചായിരുന്നു ശിവൻകുട്ടിയുടെ ആദ്യ പരിഹാസം. പിന്നാലെ 'ഇനി പൂജ്യത്തിന്റെ കാര്യത്തിൽ തർക്കം വേണ്ട. പൂജ്യം കണ്ട് പിടിച്ചത് നമ്മൾ തന്നെയാണ്' എന്ന ക്യാപ്ഷനോടെ 'താമര'യെ ഫ്ളഷ് ചെയ്യുന്ന ചിത്രവും മന്ത്രി പങ്കുവച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരനും യുഡിഎഫിന് വേണ്ടി കെ മുരളീധരനും കളത്തിലിറങ്ങിയ ത്രികോണ പോരാട്ടത്തിൽ ശിവൻകുട്ടി വിജയം കൈവരിക്കുകയായിരുന്നു.



2016ൽ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ബിജെപി ഒ രാജഗോപാലിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് നേടിയത്. 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ബിജെപി വിജയിച്ചത്. എന്നാൽ 2021ൽ അത് ആവർത്തിക്കാനായില്ല. സംസ്ഥാനത്താകെ ആഞ്ഞടിച്ച ഇടതുതരംഗത്തിൽ നേമത്തും ബിജെപിക്ക് കാലിടറുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ മുൻതവണത്തേതിനെ അപേക്ഷിച്ച് കോൺഗ്രസിന് വലിയ രീതിയിൽ വോട്ടിങ് ശതമാനം വർധിപ്പിക്കാൻ സാധിച്ചിരുന്നു.നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ തന്നെ ബിജെപിയുടെ അക്കൗണ്ട് പൂട്ടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.



''അഞ്ച് കൊല്ലം മുൻപ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങൾ ക്ലോസ് ചെയ്യും.'' എന്നായിരുന്നു പിണറായി വിജയന്റെ വാക്കുകൾ. അത് പോലെ തന്നെ സംഭവിച്ചു. നേമം പിടിച്ചെടുത്ത് നിയമസഭയിലെത്തിയ ശിവൻകുട്ടി രണ്ടാം പിണറായി സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏൽക്കുകയും ചെയ്തു.