പത്തനംതിട്ട: 2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂർണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോർജ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയെ പൂർണ്ണമായും ബാലവേല വിമുക്തമാക്കുന്നതിനായി ജില്ലയിലെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അംഗങ്ങൾക്കും, വ്യാപാരി വ്യവസായി അംഗങ്ങൾക്കുമായി സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിൽ എട്ട് കോടിയിലേറെ കുഞ്ഞുങ്ങൾ ബാലവേല ചെയ്യുന്നുണ്ട്. ലോകത്ത് ആറു കുഞ്ഞുങ്ങളിൽ ഒരാൾ തൊഴിലാളിയാണ്. നമ്മുടെ സംസ്ഥാനത്ത് ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ് ബാല്യവിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചിരിക്കുന്ന പദ്ധതിയാണു ശരണ ബാല്യം. ശബരിമല മണ്ഡലകാലത്ത് കുഞ്ഞുങ്ങളെ ബാലവേല ചെയ്യിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച പദ്ധതിയാണു ശരണബാല്യം. ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ വകുപ്പ് ഏറ്റെടുക്കുകയും ഇന്ന് എല്ലാ ജില്ലയിലും ഒരു റസ്‌ക്യൂ ഓഫീസറുടെ നേതൃത്വത്തിൽ ഈ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടന്നു വരുന്നുണ്ട്.

പത്തനംതിട്ട ജില്ലയിൽ മാത്രം 85 കുഞ്ഞുങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വിമുക്തരാക്കിയിട്ടുണ്ട്. ബാലവേല നിരോധിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളെ ത്വരിതപ്പെടുത്തണമെന്നുള്ള ആഹ്വാനവുമായിട്ടാണു ബാലവേല വിരുദ്ധ ദിനം കടന്നുവന്നിരിക്കുന്നത്. 'ആക്ട് നൗ എൻഡ് ചൈൽഡ് ലേബർ' എന്നതാണ് ഈ വർഷത്തെ തീം. ബാലവേല നിരോധിക്കുകയെന്ന എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി കൂടുതൽ മികച്ച രീതിയിൽ ചെയ്യാൻ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പത്തനംതിട്ട ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച വെബിനാറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട സി.ഡബ്ല്യൂ.സി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ബെച്ച്പൻ ബച്ചാവോ ആന്ദോളൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ പ്രസ്റീൻ കുന്നംപ്പള്ളി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.എസ് തസ്നീം, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നീതദാസ്, ജില്ലാ ലേബർ ഓഫീസർ പി. ദീപ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പി:ആർ. പ്രതാപൻ നായർ, ജില്ലാ ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ സാജൻ ആന്റണി, പത്തനംതിട്ട ഡിസിപിയു സോഷ്യൽ വർക്കർ എലിസബത്ത് ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.