തിരുവനന്തപുരം: മന്ത്രിമാർ നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ ശക്തമാക്കണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി. നവമാധ്യമ അക്കൗണ്ടുകളിലെ ലൈക്കുകൾ കൂട്ടണമെന്നും മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേർത്ത യോഗത്തിലാണ് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനാകും ഏകോപന ചുമതല. ഇടപെടൽ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നവമാധ്യമ സെൻട്രൽ ഡസ്‌ക് തുടങ്ങും. എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജൻ വിളിച്ചുചേർത്ത യോഗത്തിലാണ് നവമാധ്യമ ഇടപെടൽ ശക്തമാക്കാൻ തീരുമാനിച്ചത്.

യോഗത്തിൽ നവമാധ്യമങ്ങളിലെ മന്ത്രിമാരുടെ സാന്നിധ്യം സംബന്ധിച്ച കണക്കുകളും അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അവതരിപ്പിച്ച കണക്കുകൾ പ്രകാരം ആറ് ലക്ഷം ലൈക്കുകളുള്ള ധനമന്ത്രി തോമസ് ഐസക്കാണ് മന്ത്രിമാരിൽ ഫേസ്‌ബുക്കിലെ താരം. മുഖ്യമന്ത്രിയുടെ ലൈക്ക് കണക്ക് റിപ്പോർട്ടിൽ പറഞ്ഞില്ലെങ്കിലും അദ്ദേഹം ഐസക്കിനും പിന്നിലാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിന് 5.97 ലക്ഷം ലൈക്കുകളും സ്വകാര്യ പേജിന് 4.57 ലക്ഷം ലൈക്കുകളുമാണുള്ളത്.

അടുത്തത് കെ.ടി ജലീലാണ്. ജലീലിന് 10,6000 ലൈക്കുകളാണ് ഉള്ളത്. തൊട്ടുപിന്നിൽ ജി. സുധാകരൻ- ഒരുലക്ഷം ലൈക്കുകൾ. മന്ത്രിസഭയിൽ വൈകിവന്ന എം.എം. മണിക്ക് 72,000 ലൈക്കുകളുണ്ട്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഫേസ്‌ബുക്ക് പേജിന് 800 ലൈക്ക് മാത്രമേയുള്ളു. 536 ലൈക്കുകളുമായി ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ് ഏറ്റവും പിന്നിൽ ഉള്ളത്.

മന്ത്രിമാരുടെ ഫേസ്‌ബുക്ക് പേജിന് ലൈക്ക് കൂട്ടാൻ വാട്ട്സ് ആപ്പിലൂടെ സന്ദേശ പ്രചാരണം നടത്തിയത് വാർത്തയായിരുന്നു. ദൃശ്യ-പത്ര മാധ്യമങ്ങൾ സർക്കാരിന്റെ ജനകീയ തീരുമാനങ്ങളും പ്രവർത്തനങ്ങളും അവഗണിക്കുകയാണെന്നുള്ള ആമുഖത്തോടെയാണ് സന്ദേശം. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പേജുകൾ ഒഴിച്ച് നിർത്തിയാൽ ബാക്കി മന്ത്രിമാരുടെ പേജുകൾക്ക് റീച്ച് വളരെ പിന്നിലാണെന്ന് സന്ദേശത്തിൽ പറയുന്നു. പേജുകൾ ലൈക്ക് ചെയ്യാൻ ബാക്കി ഉള്ളവർ ലൈക്ക് ചെയ്ത് ഫോളോ ചെയ്യണം. പോസ്റ്റുകൾ ഷെയർ ചെയ്യണം. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് നിർദ്ദേശം.

സിപിഐ എം കേരള പേജ്, സിപിഐ എം കേന്ദ്രകമ്മറ്റി പേജ്, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേജ്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേജ് എന്നിവ നിർബന്ധമായും ലൈക്ക് ചെയ്ത് ഫോളോ ചെയ്യണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്