ന്യുഡൽഹി:സ്വന്തം സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കിയത് കേട്ടിട്ടാണോ എന്നറിയില്ല, ഏതായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതേ വഴിക്കാണ്. സ്വന്തം സർക്കാരിനെ വിലയിരുത്താൻ തീരുമാനിച്ചിരിക്കുകയാണ് മോദിയും.മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരുടെയെല്ലാം പ്രവർത്തനം പരിശോധിച്ച് ഒരോരുത്തർക്കും മാർക്കിടാനൊരുങ്ങുകയാണ് അദ്ദേഹം.രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണി നടത്താൻ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.

പ്രവർത്തനത്തിൽ മികവ് പുലർത്താത്ത മന്ത്രിമാരെ ഒഴിവാക്കാനാണ് മാർക്കിടൽ.മന്ത്രിമാരുടെ പ്രവർത്തനം മനസ്സിലാക്കാൻ അവർ തങ്ങളുടെ ഓഫീസിൽ വന്ന എത്ര ഫയലുകളിൽ തീരുമാനം എടുത്തു, എത്ര മാസം കാലാവധി വരുത്തി തുടങ്ങിയ കാര്യത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് നരേന്ദ്ര മോദി.

2014ൽ മോദി അധികാരമേറ്റതു മുതൽ 2017 മെയ് 31 വരെയുള്ള ഫയലുകളുടെ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്നവ, അതിനു ശേഷം ലഭിച്ചവ, തീരുമാനം എടുത്തവ, തീരുമാനം എടുക്കാനുള്ളവ, ആകെ ഫയലുകൾ എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായാണ് റിപ്പോർട്ട് നൽകേണ്ടത്.എന്തായാലും റിപ്പോർട്ട് കിട്ടുന്നതോടെ ഇപ്പോൾ മന്ത്രിസഭയ്ക്കകത്തുള്ള പല പ്രമുഖർക്കു പുറത്തേക്കുള്ള വഴിയൊരുങ്ങുമെന്നാണ് സൂചന.