റിയാദ്: സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നതിനെതിരേ മന്ത്രാലയം കർശന താക്കീത് പുറപ്പെടുവിച്ചു. അടുത്തകാലത്തായി ചില സ്വകാര്യ സ്‌കൂളുകൾ 150 ശതമാനത്തോളം ഫീസ് വർധിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച് മന്ത്രാലയം കർശനമായി താക്കീത് പുറത്തിറക്കിയത്. നാലു വർഷം കൂടുമ്പോൾ 90 ശതമാനം ഫീസ് വർധനയാണ് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്‌കൂളുകൾക്ക് അനുവദിച്ചിരുന്നത്. എന്നാൽ മിനിസ്ട്രിയുടെ ഈ നിബന്ധന കാറ്റിൽപ്പറത്തിയാണ് മിക്കസ്‌കൂളുകളും ഫീസ് വർധന നടപ്പാക്കുന്നത്.

അതേസമയം ട്രാൻസ്‌പോർട്ട് ഫീസുകൾ അതാത് സ്‌കൂളുകൾക്ക് നിശ്ചയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. സ്‌കൂളുകളുടെ ഭാവിപരിപാടികളെക്കുറിച്ചും ട്യൂഷൻ ഫീസ് വർധന എത്രത്തോളം ആവശ്യമായി വരുന്നുണ്ടെന്നും സംബന്ധിച്ച് വ്യക്തമായ പദ്ധതി തയാറാക്കി മന്ത്രാലയത്തിന് സമർപ്പിക്കാൻ സ്വകാര്യസ്‌കൂളുകളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുന്ന തരത്തിലുള്ള പരിപാടികൾ ഉൾക്കൊള്ളിച്ചാൽ മാത്രമേ ഫീസ് വർധനയ്ക്ക് മന്ത്രാലയം അനുമതി നൽകുകയുള്ളൂ.

ഈ വർഷം 1530ലധികം സ്വകാര്യസ്‌കൂളുകളാണ് ഫീസ് വർധനയ്ക്ക് അനുമതി തേടിയിരിക്കുന്നത്. അതേസമയം ടീച്ചർമാർക്ക് 5600 റിയാൽ ശമ്പളം, സ്‌കൂളിന്റെ നടത്തിപ്പിന് ആവശ്യമായ പണം കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾ മന്ത്രാലയം പരിഗണിക്കുന്നില്ലെന്നാണ് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ പറയുന്നത്.