ദോഹ: ലീവിലായിരിക്കെ തൊഴിലാളിയെ ജോലിയിൽ നിന്നു പിരിച്ചുവിടാൻ പാടില്ലെന്ന് തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി മിനിസ്ട്രി ഓഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ്. ലീവു സംബന്ധിച്ച് മന്ത്രാലയം പുതുതായി പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലീവ് എടുത്തിരിക്കുന്ന സമയത്ത് തൊഴിലാളിയെ എംപ്ലോയർ പിരിച്ചുവിടാൻ പാടില്ലെന്ന് വ്യക്തമാക്കിയതിനൊപ്പം തന്നെ തൊഴിലാളി ലീവെടുക്കുന്ന സമയത്ത് മറ്റൊരു എംപ്ലോയർക്കു വേണ്ടി ജോലി ചെയ്യാൻ പാടില്ലെന്നും നിഷ്‌ക്കർഷിക്കുന്നു.

ലേബർ നിയമത്തിലെ ആർട്ടിക്കിൾ 85 പ്രകാരം തൊഴിലാളിക്ക് ലീവ് അനുവദിച്ചിരിക്കുന്ന കാലഘട്ടത്തിൽ സർവീസ് കോൺട്രാക്ട് അവസാനിപ്പിക്കുകയോ തൊഴിലാളിയെ ടെർമിനേറ്റ് ചെയ്യുകയോ പാടില്ല. അതേസമയം ആർട്ടിക്കിൾ 84 പ്രകാരം ലീവ് എടുക്കുന്ന കാലഘട്ടത്തിൽ തൊഴിലാളി മറ്റൊരു തൊഴിൽ ഉടമയ്ക്കു വേണ്ടി ജോലി ചെയ്യാനും പാടില്ല. ഇത്തരത്തിൽ മറ്റൊരു തൊഴിൽ ഉടമയ്ക്കു കീഴിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ തൊഴിലാളിയുടെ ലീവ് സമയത്തെ വേതനം പിടിച്ചു വയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്.