ദോഹ: സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഡിസംബർ ഒന്നിന് അവസാനിക്കാനിരിക്കേ, പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനും പൊതുമാപ്പിന്റെ പ്രയോജനം ഏവരും പ്രയോജനപ്പെടുത്തുന്നതിനും വീണ്ടും ഓർമപ്പെടുത്തലുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. സെപ്റ്റംബർ ഒന്നിനാണ് സർക്കാർ രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് രാജ്യം വിടാനുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചത്.

മതിയായ രേഖകളില്ലാതെ രാജ്യത്ത് കുടുങ്ങിപ്പോയവർക്കും രാജ്യത്ത് തങ്ങാൻ നിർവാഹമില്ലാത്തവരും ഈ അവസരം പ്രയോജനപ്പെടുത്തി സ്വന്തം നാട്ടിലേക്ക് തിരികെ പോകണമെന്നാണ് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെയും മറ്റും ഓർമപ്പെടുത്തുന്നത്. രാജ്യത്ത് അനധികൃതമായി തങ്ങുന്നവർ ഈ കാലയളവിൽ രാജ്യം വിടാൻ തയാറാകുകയാണെങ്കിൽ നിയമനടപടികൾ ഒന്നും നേരിടേണ്ടി വരില്ലെന്നും അതാത് രാജ്യത്തിന്റെ എംബസികൾ സ്വദേശത്ത് എത്തുന്നതിന് ഇവരെ സഹായിക്കുമെന്നും മന്ത്രാലയം അറിയിക്കുന്നുണ്ട്.

പൊതുമാപ്പ് പ്രഖ്യാപിച്ച വിവരം ഉൾപ്രദേശങ്ങളിലുള്ളവരിലേക്ക് എത്തിക്കുന്നതിനാണ് മന്ത്രാലയം അടിക്കടി ഓർമപ്പെടുത്തൽ നടത്തുന്നത്. കൂടാതെ നിയമനടപടികൾ നേരിടേണ്ടി വരുമോ എന്ന ഭയാശങ്ക ഒട്ടും വേണ്ടെന്നും സ്വരാജ്യത്തേക്ക് തിരികെ പോകാൻ ഇതിലും നല്ലൊരു അവസരം ലഭിക്കുകയില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.