ദോഹ: ബീച്ചിൽ കുളിക്കുന്നതിനും സീ സ്‌കൂട്ടർ റൈഡിനും മറ്റും ഇറങ്ങുന്നവർ മതിയായ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഇന്റീരിയർ മിനിസ്ട്രി നിർദേശിച്ചു. ഫെസ്റ്റിവൽ സീസണിൽ ബീച്ചിലും സീ സ്‌കൂട്ടർ റൈഡിനും മറ്റും പോകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരത്തിലൊരു നിർദ്ദേശം പുറപ്പെടുവിച്ചത്. പ്രായമായവരും കുട്ടികളും ഒരു കാരണവശാലും സീ സ്‌കൂട്ടർ യാത്രയ്ക്ക് തയാറാകരുതെന്നാണ് നിർദ്ദേശം.

സീ സ്‌കൂട്ടർ എത്ര നല്ല കണ്ടീഷനിലായാലും അതിലുള്ള യാത്ര റിസ്‌കുള്ളതാണെന്നും അതുകൊണ്ടാണ് പ്രായമായവരേയും കുട്ടികളേയും അതിലുള്ള യാത്ര പ്രോത്സാഹിപ്പിക്കാത്തതെന്നാണ് മന്ത്രാലയം വിശദമാക്കുന്നത്. ആദ്യമായി സീ സ്‌കൂട്ടറിൽ കയറുന്നവരും ഏറെ ജാഗ്രത പാലിക്കണം. ആളുകൾ കുളിക്കുന്നിടത്തും നീന്തുന്ന സ്ഥലങ്ങളിലും സീ സ്‌കൂട്ടർ വിലക്കിയിട്ടുണ്ട്. കൂടാതെ ഫിഷിങ് ബോട്ടുകളുള്ള സ്ഥലങ്ങളിലും നിരോധിത മേഖലകളിലും ഇത്തരം യാത്ര വിലക്കിയിരിക്കുകയാണ്. സ്വകാര്യ വ്യക്തികളുടെ പ്രോപ്പർട്ടികളിലും സ്‌കൂട്ടർ യാത്രക്കാർ പോകാൻ പാടില്ല. മാത്രമല്ല, ലൈഫ് ജാക്കറ്റ് ഇല്ലാതെ ഇത്തരം സ്‌കൂട്ടർ യാത്ര ചെയ്യുന്നവരെ റൈഡിൽ നിന്നു വിലക്കുകയും ചെയ്യുമെന്ന് മിനിസ്ട്രി മുന്നറിയിപ്പു നൽകുന്നു.

ബീച്ചുകളിൽ കുട്ടികളെ മാതാപിതാക്കൾ അലക്ഷ്യമായി വിടുന്നതും സാധാരണ കണ്ടുവരാറുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം പൂർണമായും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്നും ഒരു കാരണവശാലും കുട്ടികളെ ബീച്ചിൽ തനിയെ വിടുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. മോശം കാലാവസ്ഥയിലും ബീച്ചിൽ വരുന്നതിൽ നിന്നു ആൾക്കാർ പിന്മാറണമെന്നും നിർദേശമുണ്ട്.