മുംബൈ: ഇന്ത്യയിലെ പ്രധാന ഒടിടിയായി ആമസോൺ പ്രൈം മാറിയിരുന്നു. ആഗോള ഭീമന്മാരാണെങ്കിലും ഇന്ത്യൻ ഭാഷകളിലെ സ്വാധീനക്കുറവ് നെറ്റ് ഫ്‌ളിക്‌സിന് തിരിച്ചടിയായിരുന്നു ഇന്ത്യയിൽ. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ. വമ്പൻ ഹിറ്റുകളെല്ലാം ആമസോൺ പ്രൈമിന് പിന്നാലെ പോയതാണ് ഇതിന് കാരണം. ഈ കഥ മാറുകയാണ്. മലയാളത്തിന്റെ സ്വന്തം സൂപ്പർഹീറോ നെറ്റ് ഫ്‌ളിക്‌സിനും ഇന്ത്യയിൽ നല്ല കാലം എത്തിക്കുകയാണ്. അതിവേഗം കത്തി പടരുകയാണ് നെറ്റ്ഫ്‌ളിക്‌സിലെ മിന്നൽ മുരളി. ഈ സന്തോഷം നെറ്റ് ഫ്‌ളിക്‌സും പരസ്യമാക്കുന്നു. യൂട്യൂബ് ചാനലിൽ നെറ്റ് ഫ്‌ളിക്‌സിന്റെ എന്നിന് പിന്നിൽ ഇപ്പോൾ മിന്നലുണ്ട്. കുറുക്കന്മൂലയിലെ മിന്നൽ നെറ്റ് ഫ്‌ളിക്‌സിനും സൂപ്പർ പവർ നൽകുകയാണ്.

നെറ്റ് ഫ്‌ളിക്‌സിൽ പുറത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ ഒന്ന് കുറുപ്പായിരുന്നു. തിയേറ്റർ റിലീസിന് ശേഷമായിരുന്നു അത്. ആദ്യമായാണ് വലിയ മലയാളം റിലീസ് നെറ്റ് ഫ്‌ളിക്‌സിൽ എത്തുന്നത്. നേരത്തെ ആമസോണിൽ മോഹൻലാലിന്റെ ദൃശ്യം രണ്ട് എത്തിയിരുന്നു. ഇതിന് ഏറെ അംഗീകാരം കിട്ടി. ഇന്ത്യാ ട്രെൻഡിംഗിൽ ദൃശ്യവും ആദ്യ സ്ഥാനങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഈ നേട്ടത്തെ മറികടക്കാൻ മിന്നലിനായി. ഇന്ത്യയിൽ ട്രെൻഡിംഗിൽ നമ്പർ വൺ. ലോക സിനിമയിൽ ആദ്യ പത്തിലും ഈ മലയാള ചിത്രമുണ്ട്. എല്ലാ ഇന്ത്യൻ ഭാഷയിലും പ്രിയപ്പെട്ട ചിത്രമാകുകയാണ് മിന്നൽ മുരളി. ഇന്ത്യയിലെ ആദ്യ സൂപ്പർ ഹീറോയാണ് മിന്നൽ എന്നാണ് വിശേഷങ്ങൾ.

മോളിവുഡിന് അഭിമാനമാണ് മിന്നൽ മുരളി. ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ ഹീറോയാണ് മിന്നൽ മുരളിയെന്നാണ് വിശേഷണം. ഇന്ത്യൻ ക്രിക്കറ്റിലെ അതിമാനുഷിക പരിവേഷമുള്ള താരങ്ങളിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ധോണിയുടെ ഭാര്യ പോലും മിന്നൽ മുരളിയെ കണ്ടു ഞെട്ടി. സാക്ഷിയുടെ വാക്കുകളിൽ മെയ്ഡ് ഇൻ ഇന്ത്യ.. സൂപ്പർ ഹീറോ ഫൈനലി!-ഇതാണ് ബേസിൽ ജോസഫിന്റെ കഥാപാത്ര സൃഷ്ടി. ഇന്ത്യയുടെ മുക്കിലും മൂലയിലും മിന്നൽ മുരളിക്ക് കിട്ടിയ അംഗീകാരത്തിന് തെളിവാണ് ഇത്. നെറ്റ് ഫ്‌ളിക്‌സിന്റെ ഇന്ത്യൻ കണക്കുകളിൽ ആദ്യ സ്ഥാനമാണ് ഈ മലയാള സിനിമയ്ക്ക്. ലോക റാങ്കംഗിൽ പത്തും. അങ്ങനെയാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കുറുക്കന്മൂലയിലെ മിന്നൽ അങ്ങനെ ആഗോള സിനിമാ ചരിത്രത്തിലേക്ക് കടക്കുകയാണ്. കോടികളുടെ പിൻബലത്തിൽ ചിത്രീകരിച്ച സ്‌പെഡർമാനെ വെല്ലുന്ന മെയ്ക്കിംഗാണ് മിന്നലിന്റേത്. അതുകൊണ്ട് തന്നെ മിന്നലിന്റെ രണ്ടാം ഭാഗവും സ്വന്തമാക്കാൻ നെറ്റ് ഫ്‌ളിക്‌സ് എത്തും. എന്നാൽ ത്രിഡിയിൽ ചിത്രീകരിക്കുന്ന മിന്നൽ മുരളി രണ്ട് തിയേറ്റർ റിലീസിനാണ് സാധ്യത. തിയേറ്ററിലെത്തിയിരുന്നുവെങ്കിൽ മിന്നൽ മുരളി 300 കോടി ക്ലബ്ബിൽ എത്തുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. മലയാളത്തിലെ കളക്ഷൻ റിക്കോർഡുകളും തകരുമായിരുന്നു. കോവിഡും ഓടിടിയും ഇതിനാണ് അവസരം നിഷേധിച്ചത്. എന്നാൽ ഒടിടി റിലീസ് സിനിമയ്ക്ക് ആഗോള ചിത്രമെന്ന പരിവേഷം നൽകുകയും ചെയ്തു.

മലയാളസിനിമയിൽ നിന്നെത്തുന്ന ആദ്യത്തെ സൂപ്പർഹീറോ തന്നെയാണ് നെറ്റ്ഫ്ലിക്സ് 'ഇന്ത്യ ടോപ്പ് 10' ലിസ്റ്റിൽ ഒന്നാമത്. ഡിസംബർ 24ന് ഉച്ചക്ക് 1.30നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. അന്നുമുതൽ മിന്നൽ മുരളി ഇന്ത്യൻ ടോപ് ലിസ്റ്റിൽ ഉണ്ടായിരുന്നു.സിരീസുകളായ എമിലി ഇൻ പാരീസ്, ദ് വിച്ചർ, ഡികപ്പിൾഡ്, ആരണ്യക് എന്നിവയെല്ലാം ലിസ്റ്റിൽ മിന്നൽ മുരളിക്ക് താഴെയാണ്. മിന്നൽ മുരളിക്ക് കിട്ടുന്ന പിന്തുണ നെറ്റ് ഫ്‌ളിക്‌സിനും ഗുണമാണ്. ഇന്ത്യയിലെ പല മുൻനിര ചിത്രങ്ങളും ഇനി നെറ്റ് ഫ്‌ളിക്‌സിലേക്ക് എത്തും. ഇന്ത്യയിലേയും പ്രധാന ഒടിടിയായി നെറ്റ് ഫ്‌ളിക്‌സ് മാറുകയാണ്. ആമസോണിന്റെ ബ്രാൻഡ് നെയിമിലുള്ള പ്രൈമിന് വൻ ക്ഷീണമാണ് മിന്നൽ മുരളിയുടെ മുന്നേറ്റം സംഭവിപ്പിക്കുന്നത്. സ്ട്രീമിങ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യതയാണ് മിന്നൽ മുരളിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നൽ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങൾ വഴി അഭിനന്ദനങ്ങൾ അറിയിക്കുന്നത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും മിന്നൽ മുരളിയെ അഭിനന്ദിച്ചതും നെറ്റ് ഫ്‌ളിക്‌സിനും അംഗീകാരമായി. ഇംഗ്ലീഷ് ഉൾപ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്‌സിൽ ലഭ്യമായിരിക്കുന്നത്. നിരവധി ഭാഷകളിൽ സിനിമ കാണാൻ സാധിക്കുന്നത് തന്നെയാണ് ഇന്ത്യൻ മുഴുവൻ മിന്നൽ മുരളി ചർച്ചയാവാൻ ഉള്ള കാരണവും. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസ്-ബേസിൽ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയിൽ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസിനെ കൂടാതെ അജു വർഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോർജാണ് ചിത്രത്തിലെ നായിക.