കുമരകം: കുമരകത്തും മിന്നൽ പടയാളി! പുതുവത്സര തലേന്ന് പൊലീസുകാരന്റെ വീടിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം.വീടിന്റെ ജനൽച്ചില്ലുകളും വാതിലും അടിച്ചുതകർത്തു. വാതിൽക്കൽ മലമൂത്രവിസർജനം നടത്തി. ചുമരിൽ 'മിന്നൽ മുരളി ഒറിജിനൽ' എന്നും എഴുതിയിട്ടുണ്ട്.

മലയാളികളുടെ ആദ്യ സൂപ്പർ ഹീറോയായ മിന്നൽ മുരളി ജനഹൃദയം കീഴടക്കിയിരിക്കുകയാണ്. മിന്നലടിച്ച് സൂപ്പർ പവറുകൾ കിട്ടുന്ന രണ്ട് കഥാപാത്രങ്ങളുടെ കഥ പറയുന്ന സിനിമ ഇപ്പോൾ നവമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിക്കഴിഞ്ഞു. എന്നാൽ ശരിക്കും ഒരാൾക്ക് മിന്നലടിച്ചാൽ എന്തായിരിക്കും അവസ്ഥ എന്നതുൾപ്പെടെ ചർച്ചകൾക്കുണ്ട്. ഇതിനിടെയാണ് കുമരകത്ത് മിന്നൽ മുരളിയുടെ ഒർജിനൽ ആക്രമണം.

കുമരകത്താണ് വീടിനു നേരേ ആക്രമണമുണ്ടായത്. ശൗചാലയം ഇവർ തല്ലിത്തകർത്തു. വീട് ആക്രമിച്ച ആ 'മിന്നൽ മുരളി'യെ തേടുകയാണ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്ബിത്തറ ഷാജിയുടെ വീടാണ് ഇത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ പൊലീസുകാരനായ ഷാജിയും കുടുംബവും വെച്ചൂരാണ് ഇപ്പോൾ താമസം. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സാമൂഹിക വിരുദ്ധരുടെ ആക്രമണം കാരണം വീടിനുണ്ടായിട്ടുണ്ടെന്നാണ് ഷാജി പറയുന്നത്.

രണ്ടാഴ്ച മുൻപ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ വിലക്കിയിരുന്നു. കഴിഞ്ഞരാത്രി കുമരകം പൊലീസ് പരിശോധന നടത്തുമ്പോൾ ഇവിടെ മദ്യപാനികളെ കണ്ടെത്തുകയും ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകൾ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം പൊലീസ് പറയുന്നു.

അതേസമയം പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത് എന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു നാട്ടുകാർ അറിയിച്ചതിനെ തുർന്നാണ് ഷാജി വിവരം അറിയുന്നത്. പുതുവർഷത്തലേന്ന് ഈ ഭാഗത്ത് പട്രോളിങ് നടത്തിയപ്പോൾ സംശയകരമായി കണ്ട ബൈക്കുകളുടെ നമ്പർ കുറിച്ചെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. പരാതി ലഭിച്ചെന്നും പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എസ്‌ഐ എസ്.സുരേഷ് പറഞ്ഞു.