തിരുവനന്തപുരം: സ്‌പൈഡർമാനേയും സൂപ്പർമാനേയും ബാറ്റ്മാനേയും ഏറ്റെടുത്ത ആരാധകരുടെ ഹൃദയങ്ങളിലേക്ക് മിന്നൽ വേഗത്തിലാണ് മിന്നൽ മുരളി നടന്നു കയറിയത്. ടോവിനോ തോമസ് - ബേസിൽ ജോസഫ് കൂട്ടുകെട്ട് ചിത്രമായ 'മിന്നൽ മുരളി' ക്രിസ്മസ് റിലീസ് എന്ന നിലയിൽ ഡിസംബർ 24 നാണ് നെറ്ഫ്‌ളിക്‌സ് പ്രീമിയറായി ആരാധകർക്ക് മുന്നിൽ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്.

ഒരു മലയാളം ഒടിടി റിലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പ്രതികരണമാണ് മിന്നൽ മുരളിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ഗ്ലോബൽ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തായിരുന്നു കഴിഞ്ഞ ആഴ്ചയിൽ ചിത്രം. ഒപ്പം ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ചിത്രമുണ്ട്. ലോകത്ത് ഏറ്റവും ആരാധകരുള്ള ചലച്ചിത്ര വിഭാഗമാണ് സൂപ്പർഹീറോ ചിത്രങ്ങൾ. വരുന്ന വാരങ്ങളിലും മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സിന് നേട്ടമുണ്ടാക്കി മുന്നേറുമെന്നാണ് പ്രതീക്ഷ.

സൂപ്പർഹീറോ ഴോണറിനോട് നീതി പുലർത്തുമ്പോൾത്തന്നെ സാങ്കേതിക മേഖലകളിലെല്ലാം മികവ് കാട്ടിയ ചിത്രം കൂടിയായിരുന്നു 'മിന്നൽ മുരളി' . സമീർ താഹിറിന്റെ ഛായാഗ്രഹണത്തിനൊപ്പം ചിത്രത്തിന്റെ നിലവാരമുയർത്തിയ ഘടകമായിരുന്നു സൗണ്ട് ഡിസൈൻ.

നിക്‌സൺ ജോർജ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് നിർവ്വഹിച്ചത്. ഇപ്പോഴിതാ വലിയ ആൾക്കൂട്ടം കടന്നുവരുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിനുവേണ്ടി നിക്‌സൺ ശബ്ദങ്ങൾ പകർത്തുന്നതിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

ചിത്രത്തിന്റെ പശ്ചാത്തലമായ 'കുറുക്കന്മൂല'യിലെ പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ക്ലൈമാക്‌സ് രംഗങ്ങൾ. ഇതിനായി നിരവധി ആളുകളെ സംഘടിപ്പിച്ചായിരുന്നു ക്ലൈമാക്‌സ് രംഗങ്ങൾക്കുവേണ്ട ശബ്ദങ്ങൾ നിക്‌സൺ ആലേഖനം ചെയ്‌തെടുത്തത്. പല ഭാഷക്കാരായ ആളുകളോട് അവരവരുടെ ഭാഷയിൽ നിർദേശങ്ങൾ നൽകുന്ന സഹായികളെയും വീഡിയോയിൽ കാണാം.