കൊച്ചി: മിന്നൽ മുരളിക്ക് മറ്റൊരു അന്താരാഷ്ട്ര നേട്ടം. ആഗോള ഹിറ്റായി മാറുകയാണ് ടോവിനോ തോമസിന്റെ ചിത്രം. പാൻ ഇന്ത്യാ സ്റ്റാറായി മലയാളി താരത്തെ മാറ്റുകയാണ് ചിത്രം. ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ ഇടംനേടുകയാണ് മിന്നൽ മുരളി. ന്യൂയോർക്ക് ടൈംസ് നിർദ്ദേശിച്ച അഞ്ച് അന്തർദേശീയ സിനിമകളുടെ പട്ടികയിലാണ് മിന്നൽ മുരളി ഇടംപിടിച്ചിരിക്കുന്നത്. ബേസിൽ ജോസഫാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.

കുടിയേറ്റക്കാരുടെ കഥ പറയുന്ന ബൾഗേറിയൻ കുടംബചിത്രത്തിനും മെക്സിക്കൻ ത്രില്ലർ ചിത്രത്തിനുമൊപ്പമാണ് സൗത്ത് ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രമായി മിന്നൽ മുരളിയും എത്തിയിരിക്കുന്നത്. നേരത്തെ നെറ്റ് ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത സിനിമയ്ക്ക് ഹിറ്റ് ചാർട്ടുകളിൽ ഏറെ നേട്ടം ഉണ്ടായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യൻ ഹിറ്റുകളിൽ ആദ്യ സ്ഥാനത്തായിരുന്നു ദിവസങ്ങളോളം ഈ ചിത്രം. ആഗോള ഹിറ്റ് ചാർട്ടിൽ ഒൻപതാമതുമെത്തി.

ഇതിനോടകം തന്നെ ആഗോള തലത്തിൽ മിന്നൽ മുരളി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്പാനീഷ് ലീഗായ ലാ ലീഗയുടെ ഫേസ്‌ബുക്ക് പേജിൽ മിന്നൽ മുരളിയുടെ സ്ഥാനത്ത് സെവിയ്യയുടെ താരം റാഫാ മിറിന്റെ ചിത്രം വെച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മുൻപ് മാഞ്ചസ്റ്റർ സിറ്റിയുടെ ഒഫീഷ്യൽപേജിലും മിന്നൽമുരളി എത്തിയിരുന്നു. മാഞ്ചസ്റ്റർ താരം മഹ്റസിന്റെ ചിത്രം പങ്കുവെച്ച് 'ഞങ്ങളുടെ സൂപ്പർഹീറോ മഹ്റസ് മുരളി' എന്ന അടിക്കുറിപ്പായിരുന്നു നൽകിയത്. ഇതിനെല്ലാം പിറകെയാണ് പുതിയ നേട്ടം.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി കേരളത്തിന് പുറത്തേക്കും വലിയ വിജയമായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മിന്നൽ മുരളി റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്ളിക്സ് ടോപ്പ് ടെൻ ലിസ്റ്റിൽ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നൽ മുരളി ഒന്നാമതെത്തിയിരുന്നു.

ചിത്രത്തിന്റെ വിജയത്തോടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയർന്നിരിക്കുകയാണ്. സാക്ഷി സിങ് ധോണിയും വെങ്കട് പ്രഭുവും ഉൾപ്പെടെയുള്ളവർ മിന്നൽ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.