- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ പതിനാറ് വയസ്സുകാരൻ കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തു; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി പരാതി; അന്വേഷണം
ഭോപ്പാൽ: കോവിഡ് പ്രതിരോധ വാക്സിൻ എടുത്തതിനു പിന്നാലെ പതിനാറ് വയസ്സുകാരന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ബാഘ് കാ പുര പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. കമലേഷ് കുശ്വാഹ എന്നയാളുടെ മകൻ പില്ലുവിനാണ് കോവിഡ് വാക്സിൻ എടുത്തതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച അധികൃതർ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ വിതരണം ചെയ്തു തുടങ്ങാത്ത പശ്ചാത്തലത്തിൽ എങ്ങനെയാണ് പില്ലുവിന് കുത്തിവെപ്പ് ലഭിച്ചതെന്ന കാര്യം കണ്ടെത്തുമെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. മൊറേന ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള വാക്സിനേഷൻ കേന്ദ്രത്തിൽനിന്നാണ് പില്ലു കുത്തിവെപ്പ് എടുത്തത്.
പിന്നാലെ പില്ലുവിന് തലകറക്കം അനുഭവപ്പെട്ടതായും പിന്നീട് വായിൽനിന്ന് നുരയും പതയും വരികയും ചെയ്യുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച പില്ലുവിനെ ഗ്വാളിയോറിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശം നൽകുകയും ചെയ്തു. പില്ലുവിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനു പിന്നാലെ കുടുംബാംഗങ്ങൾ വാക്സിനേഷൻ കേന്ദ്രത്തിലെത്തി ബഹളംവെച്ചു.
എന്നാൽ പില്ലുവിനെ ഗ്വാളിയോറിലേക്ക് കൊണ്ടുപോയോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഗ്വാളിയേറിലേക്ക് കൊണ്ടുപോകുന്നതിന് പകരം വീട്ടിലേക്ക് മടക്കിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് തങ്ങൾക്ക് ലഭിച്ച സ്ഥിരീകരിക്കാത്ത വിവരമെന്ന് മൊറേന ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. എ.ഡി. ശർമ പറഞ്ഞു. ഒരു സംഘത്തെ പില്ലുവിന്റെ വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും കുട്ടിക്ക് അപസ്മാരം ഉണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും ഡോ. ശർമ കൂട്ടിച്ചേർത്തു.
പില്ലുവിന് എങ്ങനെയാണ് വാക്സിൻ നൽകിയതെന്ന കാര്യം അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പില്ലുവിന്റെ ആധാർ കാർഡ് പരിശോധിക്കുമെന്നും ഡോ. ശർമ പറഞ്ഞു. അതേസമയം ആധാർ കാർഡ് പ്രകാരം പില്ലുവിന് 16 വയസ്സാണ് പ്രായമെന്നും 2005 ജനുവരി ഒന്നാണ് ജനിച്ചദിവസമായി നൽകിയിരിക്കുന്നതെന്നും പില്ലുവിന്റെ കുടുംബത്തെ അറിയാവുന്നവർ പറഞ്ഞു.
ന്യൂസ് ഡെസ്ക്