- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ; ..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ'; കൊച്ചുകുട്ടികളിലേക്കും മതവിദ്വേഷം എത്തുന്നെന്ന ഞെട്ടലിൽ കേരളം; മതപാഠശാലകളെ നിയന്ത്രിച്ചില്ലെങ്കിൽ നമ്മെയും കാത്തിരിക്കുന്നത് അഫ്ഗാന്റെ ഗതി
കേരളത്തെ ഞെട്ടിച്ച രണ്ട് വ്യത്യസ്ത സംഭവങ്ങളാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഉണ്ടായത്. ഒന്ന് ഒരു പത്താംക്ലാസ് പെൺകുട്ടിയെ സറ്റേജിൽ കയറിയതിന്റെ പേരിൽ ഒരു മൗലവി പരസ്യമായി ശാസിക്കുന്നതാണ്. രണ്ടാമത്തേത് ഇന്നലെ കേരളത്തെ ഞെട്ടിച്ച 'അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ, കുന്തരിക്കം വാങ്ങിക്കോ' എന്ന് ഒരു കൊച്ചുകുട്ടി മുദ്രാവാക്യം വിളിക്കുന്നതും നിരവധി പോപ്പുലർ ഫ്രണ്ടുകാർ അത് ഏറ്റുവിളിക്കുന്നതുമായുള്ള വീഡിയോ ആണ്. പെൺകുട്ടികൾ സ്റ്റേജിൽപോലും വരാത്ത രീതിയിൽ ഒതുക്കുമ്പോൾ, നിങ്ങൾക്ക് താലിബാനെ ഓർമ്മ വരുന്നുണ്ടോ. അതുപോലെ, കളിച്ച് നടക്കേണ്ട പ്രായത്ത് അതിതീവ്ര വർഗീയ മുദ്രാവാക്യങ്ങൾ മുഴക്കുന്ന ആ ബാലനും താലിബാനെ ഓർമ്മിപ്പിക്കയാണ്!
ഇത് വെറുതെ പറയുന്നതല്ല. താലിബാൻ അടക്കമുള്ള ലോകത്തിലെ ഇസ്ലാമിക തീവ്രാദികൾക്കൊക്കെയും, ആൺകൂട്ടികളുടെ മാത്രമുള്ള പരിശീലന വിങ്ങുകൾ ഉണ്ടായിരുന്നു. ഇത് ഒരു മാനസിക യുദ്ധം കൂടിയാണ്. പതുക്കെ പതുക്കെ വിഷം കുത്തിവച്ചാണ് ഒരാളെ പൂർണ്ണമായും മതഭ്രാന്തനാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള കുട്ടികളിലേക്ക് ഇസ്ലാമിക തീവ്രാവാദം എത്തിക്കാനായി, കോടിക്കണക്കിന് രൂപയുടെ ഫണ്ടിങ്ങും നടക്കുന്നുണ്ട്. സാക്കിർ നായിക്കൊക്കെ ഇതിന്റെ പേരിൽ ഇന്നും അന്വേഷണം നേരിടുന്നുണ്ട്. ഐഎസ് റിക്രൂട്ട്മെന്റിന്റെ പേരിൽ നമ്മുടെ എം എം അക്‌ബറിന്റെ സ്‌കൂളുകളും സംശയത്തിന്റെ മുൾ മുനയിലാണ്. ആ കുട്ടിയുടെ തീവ്ര മുദ്രാവാക്യങ്ങൾ, ഒരു പയ്യനും ആയാളുടെ രക്ഷിതാവിനും ഉണ്ടായ വഴിതെറ്റലുകൾ മാത്രമല്ല. അത് കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ കാഹളമാണ്. അതിനെ നാം ഭയന്നേ മതിയാവൂ.
നോക്കുക, പതിവുപോലെ ഈ രണ്ടു സംഭവങ്ങളിലും കേരളത്തിലെ സോ കോൾഡ് സാംസ്കാരിക നായകർ വെച്ചുപുലർത്തുന്ന നിർലജ്ജമായ മൗനം നോക്കുക. ഉത്തരേന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കി ജീവിക്കുന്ന, വെറും വടക്കുനോക്കി യന്ത്രങ്ങളായി ഇവർ മാറുകയാണ്. ശരിക്കും തീവ്രവാദത്തിന് തീവെട്ടി പിടിക്കുക എന്ന അതിഗുരുതരമായ പരിപാടിയാണ്, കുറ്റകരമായ മൗനത്തിലുടെ അവർ ചെയ്യുന്നത്.
'കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളോ'
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, ജാഗ്രത തുടരുന്ന ആലപ്പുഴയിലാണ്
പ്രകോപനം സൃഷ്ടിച്ച് പോപ്പുലർ ഫ്രണ്ടിന്റെ ഈ മുദ്രാവാക്യം ഉയർന്നത് എന്നോർക്കണം. 'റിപ്പബ്ലിക്കിനെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തോടും മാർച്ചിനോടും അനുബന്ധിച്ച് ജില്ലയിൽ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്കാണ്് പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചും ബഹുജന റാലിയും നടന്നത്. റാലിക്കിടെയാണ് ഒരു പ്രവർത്തകന്റെ തോളത്തിരുന്ന കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇത് മറ്റു പ്രവർത്തകർ ഏറ്റുവിളിക്കുകയും ചെയ്തു.
ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളെ ലാക്കാക്കിയാണ് പ്രകോപനപരമായ മുദ്രാവാക്യമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കൊച്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
മുദ്രാവാക്യം ഇങ്ങനെയാണ്-''അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ...ഒന്നുകൂടെ മറന്നടാ..ഒന്നുകൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളോ...വരുന്നുണ്ട്..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ..മര്യാദയ്ക്ക് ജീവിച്ചാൽ, നമ്മുടെ നാട്ടിൽ ജീവിക്കാം...മര്യാദയ്ക്ക്...മര്യാദയ്ക്ക്..മര്യാദയ്ക്ക് ജീവിച്ചോ..മദ്യാദയ്ക്ക് ജീവിച്ചില്ലേൽ, നമുക്കറിയാം ആസാദി...മര്യാദയ്ക്ക്..മര്യാദയ്ക്ക്..മര്യാദയ്ക്ക് ജീവിച്ചോ''- ഇതായിരുന്നു മുദ്രാവാക്യത്തിന്റെ പൂർണ്ണരൂപം.
ഏറ്റവു വിചിത്രം ഇതിന്റെ പേരിൽ ഒരു കേസ് പോലും ഉണ്ടായിട്ടില്ലൊണ്. പൊലീസിന് മാത്രമല്ല ബാലാവകാശ കമ്മീഷനും കുട്ടികൾക്കെതിരെ നടത്തുന്ന ക്രൂരത എന്ന കാര്യം ചൂണ്ടിക്കാട്ടി ഈ വിഷയത്തിൽ നടപടി എടുക്കാം. പെൺകുട്ടിയെ സ്റ്റേജിൽ ഇട്ട് അപമാനിച്ച സംഭവത്തിൽ ബാലാവകാശകമ്മീഷൻ വിശദീകരണമെങ്കിലും തേടിയെന്ന് വെക്കാം. ഇവിടെ അതും ഉണ്ടായില്ല. ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രത തുടരുന്നതിനിടെയാണ് ഈ പ്രകോനപനം എന്ന് ഓർക്കണം. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും, ഇതിന് പിന്നാലെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടതിന്റെ ഭീതി ഇപ്പോഴും ആലപ്പുഴയിൽ മാറിയിട്ടില്ല.
ധീരന്മാരാണ് പോപ്പുലർ ഫ്രണ്ടെന്ന് അലിയാർ ഖാസിമി
ഏറ്റവും ഭയപ്പെടുത്തുന്നത് നേരത്തെ പോപ്പുലർ ഫ്രണ്ട്പോലുള്ള തീവ്രാവാദ സംഘടനകളെ മുസ്ലിം സമുദായം ഒറ്റപ്പെടുത്തുകയായിരുന്നെങ്കിൽ, ഇപ്പോൾ അവർക്ക് പരസ്യ പിന്തുണ കൊടുക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
പോപ്പുലർ ഫ്രണ്ട് ധീരന്മാരുടെ സംഘമാണെന്നാണ് ജം ഇയ്യത്തുൽ ഉലമ ഹിന്ദ് കേരള ജനറൽ സെക്രട്ടറി വിഎച്ച് അലിയാർ ഖാസിമിയുടെ നിലപാട്. ശനിയാഴ്ച ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജനമഹാസംഗമത്തിൽ പങ്കെടുത്താണ് ഖാസിമി തന്റെ നിലപാട് വ്യക്തമാക്കിയത്. 'പലപ്പോളും അഭിസംബോധന ചെയ്യാൻ ആൾക്കൂട്ടങ്ങളെ കിട്ടാറുണ്ടെങ്കിലും അധികവും ഭീരുക്കളുടെ കൂട്ടങ്ങളാവും. ധീരന്മാരെ അഭിമുഖീകരിക്കുക എന്നത് തന്നെ ആനന്ദമാണല്ലോ. ആ നിലയിൽ ഈ സമ്മേളനത്തെ അഭിമുഖീകരിക്കുന്നതിൽ വിനീതൻ ആനന്ദിക്കുകയാണ്', എന്നാണ് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് അലിയാർ ഖാസിമി പറഞ്ഞത്. ലോകത്ത് മാനവരാശിയെ സ്വതന്ത്രനാക്കാൻ വേണ്ടി വന്ന പരിശുദ്ധമായ ഇസ്ലാമിക പ്രത്യയശാസ്ത്രം.
എല്ലാ വിധമായ വംശീയതകൾക്കും ദേശീയതകൾക്കും എല്ലാ അസമത്വങ്ങൾക്കും അതീതമായി മുഴുവൻ മനുഷ്യർക്കും ലോകത്ത് സ്വതന്ത്രരരായി സമാധാനത്തോടെ പേടിയില്ലാതെ ജീവിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ ഒരു പ്രത്യയശാസ്ത്രത്തിന്റെ അവകാശികളാണെന്ന് പറഞ്ഞുകൊണ്ടും പേടി മാത്രമാണ് ഞങ്ങളുടെ ജീവിതത്തിന്റെ നയമെന്ന് പ്രഖ്യാപിക്കുന്ന നമ്മുടെ സമൂഹത്തിലെ ധാരാളം പേർക്കിടയിൽ ഞങ്ങൾക്ക് ഇസ്ലാം പ്രധാനിക്കുന്ന ഭയരഹിതത്വം അല്ലെങ്കിൽ പേടിയില്ലായ്മയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് പറയാൻ തയ്യാറാകുന്ന ഒരു സമൂഹത്തിനാണ് യഥാർത്ഥത്തിൽ ഇസ്ലാമിന്റെ ഐഡന്റിറ്റി അവകാശപ്പെടാൻ കഴിയൂ എന്നും അലിയാർ ഖാസിമി പറഞ്ഞു.സോഷ്യൽ മീഡിയിൽ ഇസ്ലാമിസ്റ്റ് പക്ഷത്തിന്റെ മുഖമായി നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ഖാസിമി എന്നോർക്കണം.
മുസ്ലിം ലീഗിനും പഴയതുപോലെയുള്ള അയിത്തം എസ്ഡിപിഐക്ക് എതിരെയില്ല. സമസ്തയും വാക്കാൽ മാത്രമാണ് എസ്ഡിപിഐയെ എതിർക്കുന്നത്. മുസ്ലിം സമുദായത്തിന് അകത്ത് ആർഎസ്എസിനെ ശക്തമായ എതിരിടുന്ന രക്ഷകന്റെ റോൾ ആണ്, ഈ വിദ്വേഷ സംഘടനക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
വിഷം പ്രചരിപ്പിക്കുന്നത് മതപാഠശാലകൾ
കുട്ടികളിൽ വ്യാപിക്കുന്ന അതി തീവ്രമായ സാമുദായിക ധ്രുവീകണത്തിന്റെ അടിസ്ഥാന പ്രശ്നം കിടക്കുന്നത് മതപാഠശാലകളിൽ ആണെന്നാണ് കേരളത്തിലെ സ്വതന്ത്രചിന്തകർ ശാസ്ത്രപ്രചാരകരും ചൂണ്ടിക്കാട്ടുന്നത്. ചെമ്മാട് ദാറൂൽ ഹുദയിൽ 12 വർഷത്തെ ഹുദവി പട്ടത്തിന് പഠിച്ചശേഷം ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്ക് വന്ന അസ്‌ക്കർ അലി എന്ന 24കാരൻ ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റ് മതങ്ങളെക്കുറിച്ചും ഇന്ത്യൻ സൈന്യത്തെക്കുറിച്ചുമെല്ലാം വളരെ ദുഷിച്ച ഒരു ചിത്രമാണ് തനിക്ക് മതപാഠശാലകളിൽനിന്ന് കിട്ടിയിരുന്നത് എന്നാണ് അയാൾ പറയുന്നത്.
''എന്റെ കൂടെ ജനിച്ചവൻ ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യുമ്പോൾ, എന്നെ പഠിപ്പിച്ചിരുന്നു നിങ്ങൾ ആരും ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യരുത് എന്ന്. കാരണം എന്താണ്, പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും, നുഴഞ്ഞുകയറുന്ന തീവ്രവാദികളെ നിങ്ങൾക്ക് വെടിവെക്കേണ്ടിവരും. അവരെല്ലാം വിശ്വാസികൾ അല്ലേ. അവരെക്കുറിച്ച് മറ്റുള്ളവർ പറയും അവർ ടെററിസ്റ്റുകൾ ആണെന്ന്. പക്ഷേ നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കിയേ. അവർ അല്ലേ യഥാർഥ വിശ്വാസികൾ. അവർ മുസ്ലീങ്ങൾ അല്ലേ. അവർ ഇവിടെ ആക്രമണിക്കപ്പെട്ട കശ്മീരികൾക്ക് വേണ്ടി ചോദിക്കാൻ വരുന്നവർ അല്ലേ. അവർ ഷഹാദത്ത് കലിമ ചൊല്ലിയവർ അല്ലേ. നമ്മുടെ മതം എന്താണ് പഠിപ്പിക്കുന്നത്. ഒരു മുസ്ലിം മറ്റൊരു മുസ്ലീമിനെ കൊല്ലാൻ പാടില്ല. അപകടകരമാണ് ഈ വിദ്യാഭ്യാസം. എന്നിട്ട് പഠിപ്പിച്ചത് എന്താണ്. നിങ്ങൾ ഇത് ചെയ്യാൻ പാടില്ല എന്ന് മാത്രമല്ല, നിങ്ങൾക്ക് ഫേസ് ചെയ്യുന്ന കമ്യൂണിറ്റിയെ ഇത് പഠിപ്പിക്കുയും കൂടി വേണമെന്ന്. അപകടകരമാണ് ഈ വിദ്യാഭ്യാസം.''- അസ്‌ക്കർ ചൂണ്ടിക്കാട്ടുന്നു.
ഏതെങ്കിലും ഒരു തീവ്രസംഘടനയെ നിരോധിക്കുന്നതുകൊണ്ട് അവസാനിക്കാൻ പോകുന്നതല്ല ഇതൊന്നുമെന്നും അദ്ദേഹം പറയുന്നു. ''ഈ എജുക്കേഷൻ സിസ്റ്റം തന്നെയാണ് നാം അവസാനിപ്പിക്കേണ്ടത്.ഒരു കുട്ടി ജനിച്ചുവീണാൽ ആദ്യം അവന്റെ ചെവികളിൽ എന്ത് കേൾപ്പിക്കണം എന്ന് മുകളിൽനിന്നുള്ള ഇൻസ്ട്രക്ഷൻ ഉണ്ട്. എന്നാൽ ബൈ ബർത്ത് കിട്ടിയ ഈ സാധനത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഇതിൽ ശൈശവ വിവാഹം ഉണ്ട്, ഇതിൽ അടിമത്തം ഉണ്ട്, ഇതിൽ പല്ലിയെ കൊല്ലൽ ഉണ്ട്... ഇതൊക്കെ തെറ്റാണ്, എന്ന് പറഞ്ഞ് അവന് മാറിനിൽക്കാൻ കഴിയുമോ. അപ്പോൾ എന്താണ് മതത്തിന്റെ നിയമം. അവന്റെ തലയങ്ങ് അറുത്തുകളയണം എന്നാണ്''- അസ്‌ക്കർ അലി ചൂണ്ടിക്കാട്ടുന്നു.
അതുപോലെ കമ്യൂണിസ്ററുകാർ, യഹൂദന്മാർ, മറ്റ് മതസ്ഥർ എന്നിവർക്ക് എതിരെയെല്ലാം വളരെ ദുഷിച്ച ഒരു ചിത്രമാണ്, മതപാഠശാലകളിൽനിന്ന് കിട്ടുന്നത്. മതം വിട്ടവനെ കൊല്ലണം എന്ന് തന്നെയാണ് ഇപ്പോഴും 12ാം ക്ലാസിലെ മദ്രസാ പാഠ പുസ്തകത്തിലൊക്കെ പഠിപ്പിക്കുന്നത് എന്ന് അസ്‌ക്കർ അലി ചൂണ്ടിക്കാട്ടിയിരുന്നു.
ഫ്രാൻസിന്റെ മാതൃക വേണം
നോക്കുക, ഈ രീതിയിലുള്ള ഒരു മതവിദ്യാഭ്യാസത്തിലൂടെ കടന്നുപോയ ഒരു കുട്ടിയെ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനക്ക് ഏത് രീതിയിലും വളച്ചൊടിപ്പിച്ച് ചെറുപ്പത്തിലേ തന്നെ ഒരു കുട്ടി ജിഹാദിയാക്കി വളർത്തിയെടുക്കാൻ കഴിയും. മാത്രമല്ല കേരളത്തിലെ മത വിദ്യാഭ്യാസ മേഖലയിൽ സർക്കാറിന്റെ ഇടപെടൽ തീരെ ഇല്ല. മത വിദ്യാഭ്യാസത്തിൽ മാത്രമല്ല, പൊതു വിദ്യാഭ്യാസത്തിൽപോലും സർക്കാറിനെ മതം നിയന്ത്രിക്കയാണ് എന്നതാണ് മുമ്പത്തെ 'മതമില്ലാത്ത ജീവൻ' പാഠപുസ്തക വിവാദം ഒക്കെ തെളിയിക്കുന്നത്. മതരഹിതനായും മനുഷ്യന് ജീവിക്കാം എന്ന് അർഥം വരുന്ന ആ പാഠഭാഗങ്ങൾക്ക് എതിരെ, ഉറഞ്ഞു തുള്ളിയവരിൽ ഏറെയും കേരളത്തിലെ ഇസ്ലാമിക മൗലികവാദികൾ ആയിരുന്നു. അവസാനം ആ പാഠഭാഗം പിൻവലിച്ച് തടിയൂരുകയാണ്, വിപ്ലവകാരിയായ എം എ ബേബിയെന്ന വിദ്യാഭ്യാസ മന്ത്രി ചെയ്തത്.
ജോസഫ് മാഷിന്റെ കൈവെട്ട് കേസിന്റെ സമയത്തും സമാനമായ പ്രതികരണമായിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ബേബി ചെയ്തത്. ചോദ്യപേപ്പറിട്ട അദ്ധ്യാപകനെ മഠയൻ എന്നാണ് മന്ത്രി പരാമർശിച്ചത്. ഇത് തീവ്രവാദികൾക്ക് വളരെയാധികം ഊർജം പകർന്ന പ്രസ്താവനയാണെന്ന് പിൽക്കാലത്ത് വിമർശിക്കപ്പെട്ടു.
ഈ സമയത്താണ് ജോസഫ് മാഷിന് സമാനമായ പ്രശ്നങ്ങൾ നേരിട്ട സാമുവൽ പാറ്റയെന്ന ഫ്രാൻസിലെ അദ്ധ്യാപകനെ ഓർമ്മ വരുന്നത്. സറ്റയറിലൂടെ കാര്യങ്ങൾ വിശദീകരിക്കുന്ന ജോസഫ് മാഷിന്റെ ശൈലിക്ക് സമാനമായിരുന്നു,സാവുവൽ പാറ്റിയുടെ ക്ലാസും. ഒരു സംഭവം ക്ലാസെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ടതെല്ലാം കാണിച്ച് പഠിപ്പിക്കയാണ് അദ്ദേഹത്തിന്റെ രീതി. അങ്ങനെയാണ് ആ അദ്ധ്യാപകൻ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ ഷാർലി ഹെബ്ദോയുടെ വിവാദ കാർട്ടൂണുകൾ കാണിക്കുന്നത്. അപ്പോഴും അദ്ദേഹം പറഞ്ഞു. മുസ്ലിം വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ പുറത്തുപോകാം. ആ അദ്ധ്യാപകന്റെ ജനാധിപത്യബോധം നോക്കുക. കുറച്ചു കുട്ടികൾ അങ്ങനെ പുറത്തുപോയി.
എന്നാൽ ഒരു പെൺകുട്ടി ഒളിഞ്ഞുനോക്കി കണ്ടെന്നും ഇത് ആ കുട്ടി വീട്ടിൽ അറിയിച്ചുവെന്നുമാണ് ഫ്രഞ്ച് പത്രങ്ങൾ എഴുതിയത്. തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവാണ് നവമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച് ഈ അദ്ധ്യാപകനെ കൊലക്ക് കൊടുത്തത്. തീവ്രവാദികൾ അദ്ദേഹത്തിന്റെ തലയറുത്താണ് കൊന്നത്. അതുപോലെ മൂന്ന്കൂട്ടികൾക്കും കൃത്യത്തിൽ പങ്കുണ്ടെന്നത് അന്വേഷണ ഏജൻസികളെ ഞെട്ടിച്ചിട്ടുണ്ട്. അദ്ധ്യാപകനെ കൊല്ലാൻ പോവുകയാണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നത്രേ. ഇസ്ലാമിക തീവ്രവാദിയിൽനിന്ന് പണം വാങ്ങി അവരാണ് അദ്ധ്യാപകനെ കാണിച്ചുകൊടുത്തത്!
നോക്കുക, സ്വന്തം അദ്ധ്യാപകനെ ഒറ്റിക്കൊടുക്കുന്ന വിദ്യാർത്ഥികൾ. ഒരു കുട്ടിപോലും പറഞ്ഞില്ല, എക്കാലവും മാനവികതക്കും മതേതരത്വത്തിനും വേണ്ടി നിലനിന്ന വ്യക്തിയാണ് സാവുമൽ പാറ്റി എന്ന്. ഒരു മതവെറിയൻ ആയിട്ടാണ് അദ്ദേഹം ചിത്രീകരിക്കപ്പെട്ടത്. സമാനമായ അനുഭവം ആയിരുന്നു ജോസഫ് മാസ്റ്റർക്കും. സ്വന്തം കുട്ടികളും കോളജും അയാളെ ഒറ്റുകൊടുത്തു. ഒരു മതവെറിയൻ അല്ല ജോസഫ് മാസ്റ്റർ എന്ന് ആരും പറഞ്ഞില്ല. എത്രകാലമായിട്ട് അദ്ദേഹത്തെ ഈ നാടിന് അറിയാമായിരുന്നു.
എന്നാൽ ഫ്രാൻസും കേരളവും തമ്മിൽ ഒരു അടിസ്ഥാന വ്യത്യാസം ഉണ്ടായിരുന്നു. അദ്ധ്യാപകനെ തീവ്രവാദികൾക്ക് എറിഞ്ഞുകൊടുക്കുന്നതായിരുന്നു ബേബിയുടെ പ്രസ്താവനയെങ്കിൽ, ഫ്രഞ്ച് പ്രസിഡന്റ് അടക്കമുള്ളവർ വിമർശിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയായിരുന്നു. അവിടെ മാക്രോൺ രാജ്യത്തിന്റെ പരമോന്നത പുരസ്‌ക്കാരം കൊടുത്താണ് മരിച്ച അദ്ധ്യാപകനെ ആദരിച്ചത്. ഇവിടെയോ അറ്റുപോയി കൈയുമായി മരണാസന്നനായ ജോസഫ് മാഷിന് സസ്‌പെൻഷനാണ് കിട്ടിയത്. അത് പിൻവലിക്കാനും ദീർഘനാൾ നിയമയുദ്ധം വേണ്ടിവന്നു. ശമ്പളമില്ലാതെ ജീവിതം ബുദ്ധിമുട്ടി. ഒടുവിൽ ഡിപ്രഷൻ ബാധിച്ച് അദ്ദേഹത്തിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തു. ശരിക്കും സ്റ്റേറ്റ് സ്‌പോൺസേഡ് മരണം.
അവസാനം കേസിലെ പ്രതികൾ മുഴുവനായി പിടിക്കപ്പെട്ടോ. ആസൂത്രകർ ഇന്നും ഇവിടെ സുഖമായിരിക്കുന്നു. കേസിലെ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷയും കിട്ടിയില്ല. പാൽപുഞ്ചിരി തൂകി, ലോകകപ്പ് നേടിയപോലെ അഭിമാനത്തോടെ, ജയിലിലേക്ക് പോകുന്ന പ്രതികളായ പോപ്പുലർ ഫ്രണ്ടുകാരുടെ ചിത്രം, പത്രങ്ങളുടെ ഒന്നാം പേജ് അലങ്കരിച്ചത് ഓർമ്മയില്ലേ? തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കൈവട്ടുകേസിലെ ഒരു പ്രതി മൂവാറ്റുപുഴയിൽനിന്ന് ജയിച്ച് മതേതര കേരളത്തെ നാണം കെടുത്തി. മതത്തിന്റെ പേരിലുള്ള ഏത് അക്രമവും അങ്ങനെയാണ്. പുറമെ അപലപിക്കുന്ന നല്ലൊരു ശതമാനവും അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്നു. തങ്ങൾ ചെയ്യാത്തത് ചെയ്തവരെ രഹസ്യമായി അഭിനന്ദിക്കുന്നു.
പക്ഷേ ഫ്രാൻസിൽ അങ്ങനെയല്ല. അദ്ധ്യാപകന്റെ തലവെട്ടിയ സംഭവത്തിൽ, 'യഥാർഥ ഇസ്ലാം ഇങ്ങനെയല്ല, അവർ ഇങ്ങനെ ഒന്നും ചെയ്യില്ല' എന്ന നിലവിളി ശബ്ദമായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ മാക്രാൺ അത് ഇസ്ലാമിന്റെ കുഴപ്പം തന്നെയായി വിലയിരുത്തി. കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ തുടങ്ങി. തീവ്രാവാദ പ്രസംഗത്തിന്റെ പേരിൽ ചില പള്ളികൾ അടച്ചു പൂട്ടി. പാരീസിന്റെ തെരുവുകൾ മുഴവൻ ഷാർലി ഹെബ്ദോയുടെ കാർട്ടുണിന്റെ വലിയ ഫ്‌ളക്‌സുകൾ വന്നു. എന്താണോ തീവ്രാവാദികൾ മറയ്ക്കാൻ ശ്രമിച്ചത് അത് ലോകം മുഴുവൻ കണ്ടു. വെള്ളിയാഴ്ചകളിൽ അള്ളാഹു അക്‌ബർ വിളിച്ച് തെരുവിൽ നിസ്‌ക്കരിക്കുന്നവരുടെ അടുത്തേക്ക്, ഫ്രഞ്ച് ദേശീയ ഗാനം ആലപിച്ചുകൊണ്ട് ജനം എത്തുന്നു. ഇമാമുമാർക്കും മതപ്രഭാഷകർക്കും കർശന സ്‌ക്രൂട്ടിനി ഏർപ്പെടുത്താനും തീരുമാനിച്ചിരിക്കയാണ്. അല്ലാതെ വ്യാജ മതസൗഹാർദ വാദങ്ങൾ മാക്രാൺ ഉയർത്തിയില്ല. ഫ്രഞ്ച് വിപ്ലവക്കാലത്തെ ലോകത്തെ മാറ്റിമറിച്ച മുദ്രാവാക്യങ്ങൾപോലെ 'മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണ്' എന്ന മാക്രോണിന്റെ വാക്കുകൾ ലോകത്തിലെ മതേതരവാദികൾ സംഗീതംപോലെ ആസ്വദിച്ചതാണ്. ബേബിയിൽനിന്ന് മാക്രോണിലേക്കുള്ള ദൂരം ശരിക്കും പ്രകാശ വർഷങ്ങൾ തന്നെയാണ്.
ഇന്ന് ഫ്രാൻസിൽ പുറമെ നിന്നുള്ള മദ്രാസാ അദ്ധ്യാപകർക്ക് വിലക്കുണ്ട്. മതപാഠശാലകളിലെ സിലബസ് സർക്കാറിനെ അറിയിക്കണം എന്ന കർശന നിയമം വന്നു. അതുപോലെയുള്ള സർക്കാറിന്റെ ഒരു ഇടപെടലാണ് കേരളത്തിലും പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.
തീയേറ്റർ കത്തിക്കൽ മുതൽ കൈവെട്ട് വരെ
പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ കിട്ടിയ വളരെ പെട്ടെന്നുള്ള സ്വീകര്യതയും ഇതോടൊപ്പം ചർച്ച ചെയ്യേണ്ടതാണ്. അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ഭീമമായ പെട്രോ ഡോളർ പിൻപറ്റി കേരളത്തിൽ പ്രവർത്തനം ആരംഭിച്ച നമ്പർ വൺ ഇസ്ലാമിക തീവ്രവാദഗ്രൂപ്പ് ആണ് എൻ.ഡി.എഫ്. അത് പിന്നീട് പോപ്പുലർ ഫ്രണ്ട് ആയി പേര് മാറുകയും എസ്ഡിപിഐ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു.
സിനിമ അനിസ്ലാമികമാണ് എന്ന് പറഞ്ഞ് മലബാർ മേഖലയിലെ സി ക്ലാസ് തീയറ്ററുകൾ സിഗററ്റ് ബോംബുകൾ വെച്ച് കത്തിച്ചാണ് ഇവരുടെ തുടക്കം. പർദ്ദയും ഹിജാബും, നിഖാബും ഇസ്ലാമിക വിശ്വാസത്തിന്റെ നിർബന്ധിത ഘടകമാണ് എന്ന വികാരം അടിച്ചേൽപ്പിച്ചു. നാദാപുരത്ത് മുസ്ലിം ലീഗുകാർ വ്യാജ ബലാൽസംഗ കേസിൽ കുടുക്കിയ ഡിവൈഎഫ്ഐ പ്രവർത്തകൻ ഈന്തുള്ളതിൽ ബിനുവിനെ നിഷ്ഠൂരമായി കൊന്ന് തള്ളി ഇസ്ലാമിന്റെ ഉമ്മത്ത് സംരക്ഷകരായി ഇവർ മാറി. മാറാട് കലാപത്തിൽ മുഖ്യ പങ്ക് വഹിച്ചു. ചോദ്യപേപ്പറിൽ മുഹമ്മദ് എന്ന പേര് ഉപയോഗിച്ചത് പ്രവാചകനെ നിന്ദിക്കാനാണ് എന്ന വ്യാജ ആരോപണം ഉയർത്തി പ്രഫസർ ജോസഫിന്റെ വലതു കൈ വെട്ടിമാറ്റി. അഖില ഹാദിയയുടെ മതം മാറ്റം വിവാഹം എന്നിവയിൽ അനാവശ്യമായി ഇടപെട്ട് വർഗ്ഗീയ കുത്തിത്തിരുപ്പ് ഉണ്ടാക്കി. വിവിധ ഫ്രീഡം പരേഡുകൾ, ഐഎസ് റിക്രൂട്ട്മെന്ററ്, ലൗ ജിഹാദ് തുടങ്ങിയ വിവധി വിഷയങ്ങളിലും പോപ്പുലർ ഫ്രണ്ടുകാർ ആരോപിതരായി. സായുധ പരിശീലനം കിട്ടിയ കില്ലർ സ്‌ക്വാഡുകൾ ഇവർക്കുണ്ടെന്നും ആരോപണമുണ്ട്.
അത് ശരിയാണെന്ന് അടുത്തിടെ നടന്ന കൊലകൾ തെളിയിക്കുന്നു. ആ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ തകർത്ത് അവർക്കൊപ്പമുള്ള മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന മത വിശ്വാസികളെ തങ്ങളുടെ വർഗ്ഗീയ പക്ഷത്തേക്ക് അടുപ്പിക്കാനുള്ള പണിയാണ് പോപ്പുലർ ഫ്രണ്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടകൾ നിരന്തരമായ ഇരവാദം ഉയർത്തി ഈ തീവ്രവാദത്തിന കുട പിടിക്കയും ചെയ്യുന്നു.
പേടിപ്പിച്ച് തനിക്കാക്കുന്നവർ
മാത്രമല്ല സ്വർഗത്തിന്റെയും നരകത്തിന്റെയും കഥ പറഞ്ഞ് നിരന്തരം കൊതിപ്പിച്ചും പേടിപ്പിച്ചുമാണ് ഇവർ വിദ്യാർത്ഥികളായ ഇസ്ലാമിക വിശ്വാസികളെ വരുതിയിലാക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് ഇങ്ങനെയാണ്. -''പന്നിയെ പേടി, പട്ടിയെ പേടി, പല്ലിയെ പേടി,സിനിമ പേടി, ഡാൻസ് പേടി, സംഗീതം പേടി, കാർട്ടൂൺ പേടി,വിദ്യാഭ്യാസം പേടി, വാക്സിൻ പേടി, ആൺ ഡോക്ടറെ കാണാൻ പേടി, പ്രാർത്ഥിക്കാതെ കക്കൂസിൽ പോകാൻ പേടി, കല്യാണത്തിന് വീഡിയോ പിടിക്കാൻ പേടി, മതം മാറ്റാതെ കല്യാണം കഴിക്കാൻ പേടി, ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ പന്തലിൽ ഒന്നിച്ചിരുത്തി ഭക്ഷണം കൊടുക്കാൻ പേടി,സ്ത്രീകൾ പൊതുവേദികളിൽ വരുന്നത് പേടി, പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പോലും സ്റ്റേജിൽ കയറ്റാൻ പേടി,സ്ത്രീകളുടെ മുഖം പുറത്തു കാണിക്കാൻ പേടി, അതിനാൽ കല്യാണ ഫോട്ടോയിൽ പൂമ്പാറ്റയെ വച്ച് അഡ്ജസ്റ്റ് ചെയ്യും, സ്ത്രീകൾ ശരീരം മുഴുവനും മറയ്ക്കാതിരുന്നാൽ പേടി, അതിനാൽ പഴക്കുല പഴുപ്പിക്കുന്ന കണക്കേ കരിംചാക്കിൽ പൊതിയും, ഉപ്പൂറ്റി വരെ എത്തുന്ന പാന്റ്സ് ധരിക്കാൻ പേടി, അതിനാൽ പാന്റ്സും ബർമുഡയും അല്ലാത്ത ഒരു തരം പ്രത്യേക സാധനം ധരിക്കും....
നാല് ദിവസത്തിൽ കൂടുതൽ ലൈംഗിക ബന്ധത്തിലേർപ്പെടാതിരുന്നാൽ പേടി, പുതപ്പു മൂടാതെ ലൈംഗികത നടത്താൻ പേടി, ഓണമുണ്ണാൻ പേടി, അരവണ കഴിക്കാൻ പേടി, ക്രിസ്മസ് കേക്ക് കഴിക്കാൻ പേടി, അമ്പലത്തിന് സംഭാവന കൊടുക്കാൻ പേടി,
ഉത്സവത്തിനും പെരുന്നാളിനും പോകാൻ പേടി.... ഇങ്ങനെയുള്ള നൂറായിരം പേടികളിലുടെയാണ് കേരളത്തിലെ മുസ്ലീങ്ങളെ ഇവർ മതമൗലികവാദത്തിൽ തളച്ചിടുന്നത്''-
ഈ മതപേടിയിൽനിന്നും തെറ്റായ അറിവുകളിൽനിന്നുമുള്ള മോചനമാണ് ഇസ്ലാമിക തീവ്രവാദത്തിന് പ്രതിവിധി. അല്ലാതെ പകരം മറ്റ് സമുദായക്കാർ അതേ മോഡലിൽ സംഘടിക്കുന്നത്, പെട്രോളൊഴിച്ച് തീ കെടുത്താമെന്ന വാദത്തിന് തുല്യമാണ്. അതായത് ശാസ്ത്രബോധവും യുക്തിബോധവും പ്രചരിപ്പിക്കകയാണ്, ലോകത്തിലെ എല്ലാ തീവ്രവാദത്തിനുമുള്ള മറുമരുന്ന്. അതുകൊണ്ടുതന്നെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിലബിസുകൾ സർക്കാർ പരിശോധിക്കുകയും, ശാസ്ത്രാധിഷ്ഠിതമായ വിദ്യാഭ്യാസം അവിടെ നടക്കുന്നണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം. നമ്മുടെ ഇരട്ടച്ചങ്കൻ മുഖ്യമന്ത്രിയുടെ ചങ്കൂറ്റം ഇവിടെയാണ് കാണേണ്ടത്. പക്ഷേ ഇസ്ലാമിനെ തൊടൻ അദ്ദേഹത്തിന് ധൈര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ വയ്യ.
വാൽക്കഷ്ണം: ഈ രീതിയിൽ പോവുകയാണെങ്കിൽ കുട്ടികളുടെ നേതൃത്വത്തിലുള്ള കില്ലർ സ്‌ക്വാഡുകൾ നമ്മുടെ നാട്ടിലും ഉണ്ടാവാനിടയുണ്ട്. കർശനമായ മോണിറ്ററിങ്ങ് ഇല്ലെങ്കിൽ നമ്മുടെ സ്‌കൂളുകിൽപോലും നാളെ വർഗീയ സംഘർഷങ്ങൾ ഉണ്ടാവാം.'അരിയും മലരും കുന്തരിക്ക' മുദ്രാവാക്യം കേരളത്തെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്.