ന്യൂഡൽഹി: ജമ്മുകശ്മീരിൽ മുസ്ലീങ്ങൾക്ക് ന്യൂനപക്ഷ പദവിയുടെ ആവശ്യകത ഉണ്ടോയെന്ന കാര്യത്തിൽ കേന്ദ്രസർക്കാരും സംസ്ഥാനവും ചേർന്ന് തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച റിപ്പോർട്ട് നാല് ആഴ്ചയ്ക്കകം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഒരു ഹർജിയിൽ വാദം കേൾക്കേ നിർദ്ദേശിച്ചു.

രാജ്യത്ത് ന്യൂനപക്ഷ, ഭൂരിപക്ഷ നിർണയകാര്യത്തിൽ നിർണായകമായ പരാമർശമാണ് കോടതി നടത്തിയതെന്ന് നിയമവിദഗ്ധരും നിരീക്ഷിക്കുന്നു.

2011ലെ സെൻസസ് പ്രകാരം ജമ്മുകശ്മീരിൽ 68.69 % മുസ്ലിം വിഭാഗക്കാരുണ്ട്, എന്നാൽ അർഹരായ സമുദായങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകാത്തതിനാൽ, അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗം തട്ടിയെടുക്കുകയാണ്. ഇതിലൂടെ ജമ്മുകശ്മീരിലെ യഥാർത്ഥ ന്യൂനപക്ഷങ്ങൾ കഷ്ടത അനുഭവിക്കുകയാണെന്നും ആണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും, ദേശീയ ന്യൂനപക്ഷ കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷമായ മുസ്ലിം വിഭാഗം, ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയാണെന്ന് ആരോപിച്ച്, ജമ്മുകശ്മീർ സ്വദേശിയായ അഭിഭാഷകൻ അങ്കുർ ശർമ്മയാണ് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്.