ദോഹ: പ്രായപൂർത്തിയാകാത്തവർക്ക്  മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രം ചികിത്സ നടത്താൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റെ (എസ് സി എച്ച്) നിർദ്ദേശം. പതിനെട്ടു വയസിൽ താഴെയുള്ളവർക്ക് മാതാപിതാക്കളോ രക്ഷിതാക്കളോ, മുതിർന്ന ബന്ധുവോ കൂടെയില്ലാതെ യാതൊരു വിധത്തിലുമുള്ള ചികിത്സയും നൽകാൻ പാടില്ലെന്നാണ് സുപ്രിം കൗൺസിൽ രാജ്യത്തെ ഹെൽത്ത് കെയർ സംവിധാനങ്ങളോടും പ്രാക്ടീഷണർമാരോടും നിർദേശിച്ചിരിക്കുന്നത്. ഈ നിർദ്ദേശം പാലിക്കാത്തവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം എമർജൻസി കേസുകളിൽ ഈ നിർദ്ദേശം പാലിക്കപ്പെടണമെന്നില്ല. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റെ ഈ നിർദ്ദേശം സ്വകാര്യ മേഖലകളിലും പബ്ലിക് സെക്ടറുകളിലുമുള്ള എല്ലാവരും പാലിച്ചിരിക്കണം. മാതാപിതാക്കൾക്കൊപ്പമല്ലാതെ എത്തുന്ന കുട്ടികളെ ചികിത്സിക്കരുതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഇതിന്റെ എല്ലാ പീഡിയാട്രിക് എമർജൻസി സെന്ററുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

വീട്ടുവേലക്കാരികൾ, ഡ്രൈവർമാർ തുടങ്ങിയവർക്കൊപ്പം കുട്ടികളെ ആശുപത്രികളിലും ക്ലിനിക്കുകളിലും വിടുന്നതിനെതിരേ ആരോഗ്യവകുപ്പ് അധികൃതർ നേരത്തെ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. കുട്ടികളുടെ രോഗവിവരത്തെ കുറിച്ച് ഏറെ അറിവില്ലാത്ത ഇത്തരക്കാർക്കൊപ്പം കുട്ടികളെ അയയ്ക്കുന്നതിലെ അപകടം മുൻകൂട്ടി ആരോഗ്യവകുപ്പ് അധികൃതർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. തുടർന്നാണ് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് തന്നെ ഇക്കാര്യത്തിൽ കർശന നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രായപൂർത്തിയാകുന്നവരുടെ മെഡിക്കൽ പരിശോധന മാത്രമല്ല, തുടർ ചികിത്സകളേയും സർജറികളുണ്ടെങ്കിൽ അവയെക്കുറിച്ചുമുള്ള ചർച്ചകൾ മാതാപിതാക്കൾ, അല്ലെങ്കിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ നടത്താവൂ എന്നും മെഡിക്കൽ പ്രാക്ടീഷണർമാരോട് നിർദേശിച്ചിട്ടുണ്ട്.