ദോഹ. പ്രകൃതിയെ കുളിരണിയിക്കുവാനും ഇക്കോ സിസ്റ്റം സുരക്ഷിതമായി നിലനിർത്തുവാനും ധാരാളമായി മരങ്ങൾ നടുകയും കൂടുതൽ വനങ്ങൾ നശിക്കാതെ നോക്കുകയും വേണമെന്ന് മൈന്റ് ട്യൂൺ ഇക്കോ വേവ്സ് ഗ്ളോബൽ ചെയർാനും മീഡിയ പ്ളസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.

ഉപഭോഗ സംസ്‌കാരത്തിന്റെ പിറകെ നടന്നു മറ്റുള്ളരേയും തന്നെയും കബളിപ്പിച്ച് ഫൂളാക്കുന്നതിന് പകരം ഇനിയുള്ള ഏപ്രിലുകൾ കൂളാക്കുവാനുള്ള പ്രകൃതി സ്നേഹികളുടേയും പരിസ്ഥിതി പ്രവർത്തകരുടേയും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആഹ്വാന പ്രകാരം ദോഹയിൽ മീഡിയ പ്ളസ് സംഘടിപ്പിച്ച ഏപ്രിൽ കൂൾ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള താപനവും കാലാവസ്ഥ വ്യതിയാനും ലോകത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും മനുഷ്യരുടെയും ജീവജാലങ്ങളുടേയും സമാധാനപരമായ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സമകാലിക ലോകത്ത് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറെയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പല സന്ദേശങ്ങളും ആവേശപൂർവം കൈമാറുന്ന സമൂഹം ആവാസ വ്യവസ്ഥിതിയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളെ ഗൗരവമായി കാണണം. വെല്ലുവിളികളെ അവസരങ്ങളായും വീഴ്ചകളെ വിദ്യയായും രചനാത്മകമായ രീതിയിൽ പ്രയോജനപ്പെടുത്തണമെന്നാണ് ഏപ്രിൽ കൂൾ ദിനം നൽകുന്ന സന്ദേശം.

കേരളത്തിൽ സാധാരണ വർഷക്കാലത്തെത്തുന്ന പരിസ്ഥിതി ദിനത്തിൽ നാം മരം നട്ട സ്ഥലത്ത് തന്നെ തൊട്ടടുത്ത വർഷവും മരം നടേണ്ട ഒരു സാഹചര്യമാണ് പലപ്പോഴും കാണാറുള്ളത്. പരിദേവനകളും വിലാപങ്ങളുമൊക്കെ നിർത്തി ഈ ഭൂമി ഏത് നിലയിൽ ആയി കാണാനാണ് നാം ആഗ്രഹിക്കുന്നത് ആ രൂപത്തിൽ മനസ്സിൽ ചിത്രീകരിക്കുകയും അതിന് വേണ്ടി പ്രയത്നിക്കുകയും ചെയ്യുക എന്നതാണ് ഇക്കോസൈക്കോളജി. ഈ രംഗത്ത് ഏപ്രിൽ കൂൾ നൽകുന്ന സന്ദേശം മികച്ചതാണ്.

നമുക്ക് ചുറ്റും മരങ്ങൾ നിറഞ്ഞ് നിൽക്കുന്നതായി സങ്കൽപിച്ച് ഏവിടെയും പച്ചപ്പും തണലും നനവും ഇളം കാറ്റുമുള്ളതായി ഉള്ളതായി സ്വപ്നം കാണുകയും ചെയ്യുന്നതോടൊപ്പം ഭൂമിയെ ഭാവി തലമുറക്കായി സംരക്ഷിക്കുയെന്നത് നമ്മുടെ ബാധ്യതയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നൂറ്റാണ്ടുകളായി നാം നഷ്ടമായി ഭൂമിയുടെ തേജസ്സും ഓജസ്സും വീണ്ടെടുക്കുവാനുള്ള അവസരങ്ങൾ നാം പ്രയോജനപ്പെടുത്തണം.

ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി നമുക്കിടയിൽ അവനവനെയും മറ്റുള്ളവനേയും പരിഹസിച്ച് കൊണ്ട് ആചരിക്കുന്ന വിഡ്ഢി ദിനത്തിന് പകരം വേനൽ കനക്കുന്ന ഏപ്രിലിൽ പുതിയ ഒരു സംസ്‌കാരം കൊണ്ട് വരികയാണ് ഏപ്രിൽ കൂളെന്നും ഈ വേനലിൽ ഒരു മരം നട്ട് അതിനെ പരിചരിക്കുകയും വരും വേനലുകളിൽ അത് തണൽ വിരിക്കണം എന്ന ആശയവുമായാണ് വിഡ്ഢി ദിനത്തെ ക്രിയാത്മകമായി ആചരിക്കേണ്ടതെന്നും ചടങ്ങിൽ സംസാരിച്ച മാർക്കറ്റിങ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് പറഞ്ഞു. മനുഷ്യ നന്മ ഉദ്ദേശിച്ച് രൂപ കൽപന ചെയ്ത ഈ കാമ്പയിൻ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ കൂളിനോടനുബന്ധിച്ച് ഏതാനും തൈകൾ നടുകയും അവയെ സംരക്ഷിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്താണ് പരിപാടി അവസാനിച്ചത്. ഫൗസിയ അക്‌ബർ, ഷറഫുദ്ധീൻ തങ്കയത്തിൽ, അഫ്സൽ കിളയിൽ, സിയാഹുറഹ്മാൻ, സൈദലവി അണ്ടേക്കാട്, കാജാഹുസൈൻ, മുഹമ്മദ് റാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.