ന്യൂഡൽഹി: 'പൊതുജനങ്ങൾക്ക് എത്താവുന്ന ഇന്ത്യയിലെ അവസാന പോയിന്റിൽ നിൽക്കുന്നു' ഇങ്ങനെ ഒരു ട്വീറ്റും പുഞ്ചിരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്യുമ്പോൾ ഡോ ദീപ ശർമ്മ ഒരിക്കലും കരുതിക്കാണില്ല അത് തന്റെ അവസാനത്തെ ട്വീറ്റാകുമെന്ന്.ടിബറ്റുമായി അതിർത്തി പങ്കിടുന്ന നഗസ്സ്റ്റി ഐടിബിപി ചെക്പോസ്റ്റിന്റെ ചിത്രം പങ്കുവച്ചായിരുന്നു ട്വീറ്റ്.ട്വീറ്റിന് നിമിഷങ്ങൾക്കു ശേഷമാണ് ഡോക്ടറെ മരണം കവർന്നത്.

ഞായറാഴ്ച ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കൂറ്റൻ പാറകൾ വാഹനത്തിലേക്കു വീണാണ് ഡോ. ദീപ ശർമയും മരിച്ചത്. ദീപയുൾപ്പടെ ഒൻപതു വിനോദസഞ്ചാരികളാണ് അന്നു മരിച്ചത്.ഉച്ചയ്ക്ക് 12.59നായിരുന്നു പോസ്റ്റ്. ബസ്‌തേരിക്കു സമീപം സംഗ്ല ചിറ്റ്കുൽ റോഡിൽ അപകടം നടക്കുന്ന ഉച്ചയ്ക്ക് 1.25നും.

സന്തോഷത്തോടെ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്‌തെടുത്ത ചിത്രത്തിനോടൊപ്പം നൽകിയ കുറിപ്പിൽ 80 കിലോമീറ്ററുകൾ കഴിയുമ്പോൾ ടിബറ്റ് എത്തുമെന്നും അവിടം ചൈന അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും പറയുന്നു.

സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും നൊമ്പരമാവുകയാണ് ട്വീറ്റ് ചെയ്ത സന്തോഷത്തോടെയുള്ള ചിത്രം. ജയ്പുർ സ്വദേശിയായ ദീപ ആയുർവേദ ഡോക്ടറാണ്