ഇംഫാൽ: വികാര നിർഭരമായ ഒരു കൂടിക്കാഴ്ച. 2016ലെ റിയോ ഒളിമ്പിക്‌സിന് ശേഷം പരിശീലനത്തിരക്കുകൾ കാരണം കഴിഞ്ഞ ആറു വർഷത്തിനിടെ വിരളമായി മാത്രം വീട്ടിൽ സന്ദർശനത്തിനെത്തിയ മകൾ രാജ്യത്തിന്റെ അഭിമാന താരമായി ജന്മനാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ആ കാഴ്ച കണ്ട് ആ മാതാപിതാക്കൾ ആന്ദക്കണ്ണീരണിഞ്ഞു.

ഇംഫാലിൽ തിരിച്ചെത്തിയ മീരാബായ് ചാനുവിന് അച്ഛനേയും അമ്മയേയും കണ്ടതോടെ കണ്ണീരടക്കാനായില്ല. ഇരുവരേയും കെട്ടിപ്പിടിച്ച് കരഞ്ഞ് സന്തോഷം പങ്കുവെച്ചു. അമ്മ സമ്മാനമായി നൽകിയ ഒളിമ്പിക് വളയത്തിന്റെ ആകൃതിയിലുള്ള കമ്മൽ അണിഞ്ഞാണ് താരം ടോക്യോയിലെത്തിയത്. ആ കമ്മൽ ഭാഗ്യം കൊണ്ടുവരും എന്നായികുന്നു അമ്മയുടെ വിശ്വാസം.



ടോക്യോയിൽ നിന്ന് കഴിഞ്ഞ ദിവസം ന്യൂഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മീരാബായിക്ക് നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. ഇംഫാലിലേക്ക് തിരിച്ച താരത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിങ്ങ് എത്തിയിരുന്നു. അവിടെ നിന്ന് തുറന്ന വാഹനത്തിൽ ആഘോഷത്തോടെ മീരാബായ് വീട്ടിലെത്തി. മണിപ്പൂരിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള നോങ്പോങ് കാക്ചിങ്ങിലാണ് മീരാബായിയുടെ വീട്.

ഡൽഹിയിലേതിന് സമാനമായി വൻ മാധ്യമ സംഘമടക്കം ധാരാളം ആളുകൾ ചാനുവിനെ സ്വീകരിക്കാനായി ബീർ തികേന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.

 

ടോക്യോ ഒളിമ്പിക്‌സിൽ വനിത വിഭാഗം 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് സായിഖോം മീരാബായി ചാനു വെള്ളി നേടിയത്. ഇംഫാൽ വിമാനത്താവളത്തിൽ വെച്ച് മാതാവ് സായിഖോം ഓങ്ബി ടോംബി ലിമയെയും പിതാവ് സായിഖോം ക്രിതി മെയ്‌തേയ്‌യെയും കെട്ടിപ്പിടിച്ച മീരാബായി ആനന്ദാശ്രു പൊഴിച്ചു.

റിയോ ഒളിമ്പിക്‌സ് സമയത്ത് മാതാവ് സ്വന്തം ആഭരണം വിറ്റ് ചാനുവിന് സമ്മാനിച്ച ഒളിമ്പിക് വളയ ആകൃതിയിലുള്ള കമ്മൽ സമീപകാലത്ത് പ്രശസ്തമായിരുന്നു.

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള നോങ്‌പോക് കാക്ചിങ് ഗ്രാമത്തിലാണ് 26കാരിയായ ചാനുവിന്റെ വീട്. മൂന്ന് സഹോരിമാരും രണ്ട് സഹോദരന്മാരുമുണ്ട്. വിമാനത്താവളത്തിൽ നിന്നും സംസ്ഥാന സർക്കാർ ഒരുക്കിയ സ്വീകരണ പരിപാടിയിലേക്കാണ് ചാനു നേരെ പോയത്.

ടോക്യോയിൽ 202 കിലോഗ്രാം ഉയർത്തിയാണ് ചാനു കർണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡൽ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ കായികതാരമായത്. 2000 സിഡ്‌നി ഒളിമ്പിക്‌സിൽ കർണം മല്ലേശ്വരി വെങ്കലം സ്വന്തമാക്കിയിരുന്നു.