ഗ്വാളിയോർ: ഭോപ്പാലിലെ ആശ്രമത്തിലെത്തിയ ഭക്തയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വിവാദ സന്ന്യാസി വൈരാഗ്യ നന്ദഗിരി എന്ന മിർച്ചി ബാബ അറസ്റ്റിൽ. തിങ്കളാഴ്ച ഗ്വാളിയോർ നഗരത്തിലെ ഹോട്ടലിൽ നിന്നാണ് മിർച്ചി ബാബയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ഭോപ്പാലിലേക്ക് കൊണ്ടുപോയതായി ഗ്വാളിയോർ പൊലീസ് സൂപ്രണ്ട് അമിത് സംഘി മാധ്യമങ്ങളോട് പറഞ്ഞു.

ജൂലായ് 17-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് നാല് വർഷം പിന്നിട്ടിട്ടും കുട്ടികൾ ഉണ്ടാകാത്തതിനാലാണ് പരാതിക്കാരിയും ഭർത്താവും ബാബയുടെ അടുത്തെത്തിയത്. ചില പൂജകൾ ചെയ്താൽ ഗർഭം ധരിക്കാമെന്ന് ബാബ ഇവർക്ക് ഉറപ്പുനൽകി. ഈ പൂജയുടെ മറവിലാണ് ബാബ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഓഗസ്റ്റ് എട്ടിനാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു.

മധ്യപ്രദേശിലെ റെയ്സൻ ജില്ലയിൽ നിന്നുള്ള സ്ത്രിയാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആശ്രമത്തിൽവെച്ച് മിർച്ചി ബാബ നൽകിയ ഭക്ഷണം കഴിച്ചതോടെ ബോധരഹിതയാകുകയായിരുന്നെന്നും അബോധാവസ്ഥയിൽ ഇയാൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി പരാതിയിൽ പറഞ്ഞു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

ഐപിസി 376 അനുസരിച്ച് ബലാൽസംഗത്തിനു കേസെടുത്തെന്ന് എസിപി നിധി സക്സേന ഭോപാലിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗർഭധാരണത്തിന് ചികിൽസ നൽകാമെന്നു വൈരാഗ്യാനന്ദ ഗിരി ഇവർക്ക് വാഗ്ദാനം നൽകിയിരുന്നു.

മധ്യപ്രദേശിലെ രാഷ്ട്രീയക്കാരുമായി ഏറെ അടുപ്പമുള്ളയാളായിരുന്നു മിർച്ചി ബാബ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരസ്യമായി പിന്തുണച്ചു. തുടർന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയത്തിനായി കോൺഗ്രസിന്റെ പിന്തുണയോടെ അഞ്ച് ക്വിന്റൽ മുളക് ഉപയോഗിച്ച് യജ്ഞം നടത്തി. ദിഗ്‌വിജയ സിങ്ങിന് വേണ്ടിയും ബാബ രംഗത്തിറങ്ങി.

ദിഗ് വിജയ് സിങ് പരാജപ്പെട്ടാൽ താൻ ജലസമാധി അടയുമെന്ന് പറഞ്ഞു. ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തി. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സർക്കാർ മിർച്ചി ബാബയ്ക്കും മറ്റ് മൂന്ന് സന്യാസിമാർക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിരസിച്ചു.

2018 ലെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഉന്നത പദവി നൽകി. വിവാദ ചിത്രമായ കാളിയുടെ നിർമ്മാതാക്കളുടെ തലവെട്ടാൻ തയ്യാറുള്ളവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചാണ് ഒടുവിൽ വാർത്തകളിൽ ഇടംപിടിച്ചത്.