കോഴിക്കോട്: പൊതു ഇടങ്ങളിൽ ഞരമ്പുരോഗികൾ വിളയാടുന്ന വാർത്തകൾ ഇതാദ്യമല്ല. കോഴിക്കോടുനിന്ന് കഴിഞ്ഞദിവസം ബസ്സിൽ യാത്രചെയ്ത ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടി തനിക്കെതിരെ അശ്‌ളീല പ്രദർശനം നടത്തിയ ഞരമ്പുരോഗിയുടെ ദൃശ്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് പ്രതികരിച്ചത്. ഇയാളെ കണ്ടെത്താനും തക്ക ശിക്ഷ വാങ്ങിക്കൊടുക്കാനും സഹായിക്കണമെന്ന അഭ്യർത്ഥനയോടെ പെൺകുട്ടി ദൃശ്യം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നൽകിയെങ്കിലും ഇയാളെപ്പറ്റി വിവരമൊന്നും ഇതുവരെ പുറത്തുവന്നില്ല.

പെൺകുട്ടി ഇരുന്നതിന്റെ എതിർ വശത്തെ സീറ്റിൽ ഇരുന്ന യുവാവാണ് പെൺകുട്ടിയെ കാണിക്കാൻ ലിംഗപ്രദർശനവും സ്വയംഭോഗവും നടത്തുന്നത്. സംഭവത്തിൽ പെൺകുട്ടി പ്രതികരിക്കുമെന്ന ഘട്ടമെത്തിയപ്പോൾ പെട്ടെന്ന് ബാഗ് എടുത്ത് ഈ മാനസികരോഗി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.

കെഎസ്ആർടിസി ബസ്സിലും ട്രെയിനിലും ഉൾപ്പെടെ ഇത്തരക്കാരെ ഭയന്ന് യാത്രചെയ്യാൻ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന ്ചൂണ്ടിക്കാട്ടി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. പൊതു സ്ഥലത്തുപോലും ഇത്തരത്തിൽ പ്രദർശനത്തിന് തയ്യാറായി ഇറങ്ങുന്ന ഞരമ്പുരോഗികൾ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെൺകുട്ടികളേയും സ്ത്രീകളേയും ആക്രമിക്കില്ലേ എന്നും പലരും പ്രതികരിക്കുന്നു.

പെൺകുട്ടി കുറിച്ച കുറിപ്പ് ഇങ്ങനെ:

ഹെൽപ്പ് മീ പ്ലീസ്...ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് ബസിൽ യാത്രപോകുമ്പോൾ എനിക്കുണ്ടായ ഒരു അനുഭവം സീറ്റിൽ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോൾ തന്നെ ഓടികളഞ്ഞു മാക്സിമം ഷെയർ ചെയ്തു ഈ മാന്യനെ തിരിച്ചറിയാൻ സഹായിക്കുമോ ഫസ്റ്റ് കമന്റിൽ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ...

ഇത്തരമൊരു സംഭവം പെൺകുട്ടി പോസ്റ്റുചെയ്തതോടെ നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ഈ യുവാവിനെ കണ്ടെത്തി തക്ക ശിക്ഷ നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.