കോഴിക്കോട്: ചിരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് കെപിഎസി ലളിത വെള്ളിത്തിരയിൽ ഏറെയും കൈകാര്യം ചെയ്തത്. പക്ഷേ സത്യത്തിൽ ഒരു എരിയുന്ന നെരിപ്പോടായിരുന്നു അവരുടെ ജീവിതം. പുറമെ പുഞ്ചിരിക്കുമ്പോഴും അവർ മിക്കപ്പോഴും ഉള്ളിൽ കരയുകയായിരുന്നു. കുടുംബത്തെ ഒറ്റക്ക് ചുമലിൽ ഏറ്റാനുള്ള യോഗമായിരുന്നു മിക്ക സമയത്തും അവർക്ക്. ഇന്ന് കെപിഎസി ലളിത മരിച്ചപ്പോൾ കണ്ണീരൊഴുക്കുന്ന പല പ്രമുഖരും സിനിമാ ലോകത്ത് അവർക്ക് താങ്ങായിരുന്നില്ല.

സിനിമാ ലോകത്തുനിന്ന് തനിക്കുണ്ടായ കൈപ്പേറിയ അനുഭവങ്ങൾ അവർ പലപ്പോഴും പങ്കുവെച്ചിരുന്നു. അടൂർ ഭാസിയാണ് തന്നെ ഏറ്റവു കൂടുതൽ ഉപദ്രവിച്ചതെന്ന് അവർ അതന്റെ അത്മകഥയിൽ പറഞ്ഞിരുന്നു. മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'കഥ തുടരും' എന്ന തന്റെ ആത്മകഥയിൽ കെ.പി.എ.സി ലളിത, തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കക്കാലത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അന്ന് മലയാള സിനിമ അടക്കിവാണിരുന്ന അടൂർ ഭാസിക്കെതിരേയായിരുന്നു ലളിതയുടെ ആരോപണം. ആത്മകഥയിലെ ' അറിയപ്പെടാത്ത അടൂർഭാസി' എന്ന അദ്ധ്യായത്തിലാണ് കടുത്ത ഭാഷയിൽ കെ.പി.എ.സി ലളിത അടൂർ ഭാസിയെ വിമർശിച്ചിട്ടുള്ളത്.

'മദ്യപിച്ച്, ഉടുതുണിയില്ലാതെ വീട്ടിൽ കയറിവന്ന്, നിന്നെ ഞാൻ കൊണ്ടു നടന്നോളാം.. കാറ് തരാം' എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചെന്നും അടൂർഭാസിയോടൊപ്പമുള്ള പടങ്ങളിൽ തന്നെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയോ, തനിക്ക് സിനിമകൾ നിഷേധിക്കുകയോ ചെയ്തിരുന്നെന്നും കെപിഎസി ലളിത ആരോപിക്കുന്നുണ്ട്. വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ലെന്നും കെപിഎസി ലളിത തന്റെ ആത്മകഥയിൽ തുറന്നെഴുതുന്നു.

'ഇതെഴുതുമ്പോൾ ഞാൻ ദുഃഖിക്കുന്നു. പക്ഷേ, എഴുതാതെ വയ്യ. ചില അപ്രിയസത്യങ്ങൾ ചിലപ്പോഴൊക്കെ നമുക്കു പറയേണ്ടിവരും. വായനക്കാരും മരിച്ചു മണ്ണടിഞ്ഞ കലാകാരനും എനിക്കു മാപ്പു നൽകട്ടെ. എനിക്കു സിനിമയിൽ ആരെപ്പറ്റിയെങ്കിലും നല്ലതല്ലാത്ത ഒരു അഭിപ്രായമുള്ളത് അടൂർ ഭാസിയെക്കുറിച്ചു മാത്രമാണ്. മരിച്ചുപോയി. പറയാൻ പാടില്ലാത്തതാണ്. എന്നാൽപ്പോലും പറയാതെ വയ്യ. അടൂർ ഭാസിയുടെ എന്നോടുള്ള പെരുമാറ്റം അതേ രീതിയിലായിരുന്നു.''- കെ.പി.എ.സി.ലളിതയുടെ ആത്മകഥയിലെ ഭാഗം തുടങ്ങുന്നതിങ്ങനെയാണ്

മദ്യപിച്ച് തുണിയുരിഞ്ഞ് എത്തിയ അടൂർഭാസി

ആത്മകഥയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.-''അടൂർ ഭാസിയോടൊത്ത് ഒരുപാടു പടങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തിൽനിന്നും അയാളെന്നെ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുമുണ്ട്. ഒഴിവാക്കാൻ തീരേ പറ്റാത്തിടത്ത് എന്റെ വേഷം ചെറുതാക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നെ ഉപദ്രവിക്കാൻ വഴികൾ തേടിനടക്കുകയായിരുന്നു അടൂർ ഭാസി. അപ്പോഴൊക്കെ എന്നെ സഹായിച്ചത് ബഹദൂർക്കയാണ്.

ഒരു ദിവസം രാത്രി എട്ടരയായപ്പോൾ അടൂർ ഭാസി വീട്ടിൽ വന്നു. വീട്ടിൽനിന്ന് രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. അവിടെത്തന്നെ ചടഞ്ഞിരിപ്പാണ്. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല.- എന്നിട്ടു പറയുകയാണ്: 'ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടുനടക്കും. എന്റെ കാറ് ലളിതാമ്മയ്ക്കു തരാം.' എനിക്കന്ന് കാറൊന്നുമില്ല. എന്തെങ്കിലും ഉള്ളിൽച്ചെന്നാൽ ലളിത ലളിതാമ്മയാവും. ഓരോന്നിങ്ങനെ വിടുവായത്തരം പറഞ്ഞ് ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ ധർമസങ്കടത്തിലായി ഞാൻ.

അന്ന് ബാബു അവിടെ ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും ഇളയ അനിയൻ രാജനായിരുന്നു കൂടെ. അവൻ വെറും കുട്ടി. സതി എന്നു പേരായ വീട്ടിൽ നിൽക്കുന്ന ഒരു പെൺകുട്ടികൂടിയുണ്ട്. കായംകുളത്തുകാരിയാണ്. എന്റെ വീടിന്റെ അടുത്തുനിന്നുള്ള ഒരു പെൺകുട്ടി. -- ഞങ്ങൾ മൂന്നുപേരും മുറ്റത്തിറങ്ങി നിന്നു. അയാൾ അകത്തിരിപ്പാണ്. പോവണ്ടേ? എന്റെ ദൈവമേ! എന്താണൊരു വഴി. അടൂർ ഭാസിയുടെ ഡ്രൈവറുടെ പേര് കൃഷ്ണൻ, അയാളവിടെ പുറത്തിരിപ്പുണ്ട്. എന്തു പറയാനാ. - ഞങ്ങൾ നേരം വെളുക്കാറാകുന്നതുവരെ മുറ്റത്തുതന്നെ നിന്നു. അകത്തേക്കു കയറാൻ പറ്റില്ലല്ലോ. അന്ന് മാധവിക്കുട്ടി എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. എനിക്ക് രാവിലെ ഷൂട്ടിനു പോകാനുണ്ട്.

ഇങ്ങേര് പറയുന്നത് എന്താണെന്നുവച്ചാൽ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേർ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്കു തരും. വേറെ ആരെയും എടുക്കാൻ സമ്മതിക്കില്ല. എല്ലാം എനിക്കുതന്നെ. പിന്നെ അയാൾക്കവിടെ വീടുണ്ട്. എനിക്കിങ്ങനെ വാടക വീട്ടിലൊന്നും താമസിക്കേണ്ട. അവിടെ താമസിക്കാം. യാത്ര ചെയ്യാൻ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം? കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം. എന്തൊക്കെ സൗകര്യങ്ങളാണ് നിനക്കു കിട്ടാൻ പോകുന്നത്! ''ഞാൻ നിന്നെ എങ്ങനെ കൊണ്ടുനടക്കുമെന്നോ!'

നേരം നാലു മണിയായപ്പോൾ ഞാനും രാജനുംകൂടെ നടന്ന് ബഹദൂർക്കയുടെ വീട്ടിലെത്തി. കരഞ്ഞുവിളിച്ചുകൊണ്ടാണ് ചെയ്യുന്നത്. രാത്രി മുഴുവനും കരച്ചിലായിരുന്നു ഞാൻ. ഇങ്ങേരു പോകണ്ടേ? തുണി യൊന്നുമില്ലാതെ കിടക്കുകയല്ലേ? - അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവർ അയാൾ പറയുന്നതിലേ ന്യായം കാണുകയുള്ളൂ. അയാളുടേത് വേദ വാക്യം. - ഞാൻ ചെന്ന് ബഹദൂർക്കയെ വിളിച്ചു. ജമീല ഉണർന്നെണീറ്റ് കതകു - തുറന്നു പുറത്തു വന്നു. പിന്നാലെ ബഹദൂർക്കയും. സമയം അപ്പോൾ അഞ്ചു മണിയായി. രാത്രി അവിടംവരെ വന്നെത്താൻ ഞങ്ങൾ ഒരു മണി ക്കൂറെടുത്തു. - ഞാൻ കരഞ്ഞുകൊണ്ടുതന്നെയാണ് കാര്യം പറഞ്ഞത്. ബഹദൂർ ക്കയുടെ മുഖത്ത് കാരുണ്യം നിറഞ്ഞു. ''മോളേ, നീ കരയണ്ട്. നിനക്ക് എന്തു സഹായത്തിനും ഞാനില്ലേ..? നീ പേടിക്കാതിരിക്ക്. ഞാൻ വരാം.

ബഹദൂർക്കയുടെ കാറ് ഫിയറ്റാണ്. ബഹദൂർക്ക കാറെടുത്ത് ഞങ്ങളെയും കയറ്റി സ്വാമിയാർമഠത്തിലെ എന്റെ വീട്ടിലേക്കു വന്നു. അയാളെ റൂമിനകത്തുനിന്ന് വലിച്ചിഴച്ചു പുറത്തു കൊണ്ടുവന്നു. അയാൾ റൂമി ലാകെ ഛർദിച്ച് നാറ്റിച്ചിട്ടിരിക്കുകയാണ്. എനിക്കിപ്പോഴും അതൊക്കെ ഓർക്കുമ്പോൾ എന്തൊക്കെയോ തോന്നുന്നു. വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്ക് ആ മനുഷ്യനെ വെറുക്കാതിരിക്കാൻ പറ്റില്ല.

അതിനുശേഷം എന്നെ എന്തെല്ലാം തരത്തിൽ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു. എനിക്കു വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിർമ്മാതാക്കളോട് എന്നെ വേണ്ടെന്നു പറയും. ഓരോ ഷോട്ടിലും അതിൽ വേണ്ടാത്തതൊക്കെ അയാൾ കാണിക്കും; എല്ലാം എന്നെ ദ്രോഹിക്കാൻ. ഡയറക്ടർ എന്തു പറയാനാണ്. അയാൾ - വാഴുന്ന കാലമല്ലേ?

അയാൾക്കെതിരേ പെറ്റീഷനെഴുതി മൂന്നിടത്തുകൊടുത്തു. ഉമ്മുക്കയാണ് പരിഷത്തിന്റെ പ്രസിഡന്റ് . പെറ്റീഷൻ ഉമ്മുക്കയുടെ കൈയിൽ കിട്ടി. ഉമ്മുക്ക എന്നെ വിളിച്ചു ചോദിച്ചു. അതിങ്ങനെ: - 'നിനക്കു നാണമില്ലേ? ഇങ്ങനെയൊക്കെ ഒരാളെക്കുറിച്ച് ആക്ഷേപിച്ചെഴുതാൻ. അങ്ങേരാര്, നീയാര്? നിന്നെ അങ്ങേർക്ക് ഇവിടന്ന് പറത്താൻ കഴിയും.' - ''അങ്ങേരെന്തു വേണേൽ ചെയ്‌തോട്ടെ,' ഞാൻ. 'മാത്രമല്ല, ഉമ്മുക്ക പരിഷത്തിന്റെ പ്രസിഡന്റാണെന്ന് ഓർക്കണം. അതോണ്ട് ഉമ്മുക്ക എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. എന്തിനാ ഇങ്ങനെ ചെയ്യുന്നത്? അങ്ങേരുടെ ആളായി സംസാരിക്കരുത്?' അതോടെ അങ്ങേരുടെ കഷ്ടകാലം തുടങ്ങി എന്നു പറയാം. എന്നാലും വിഷപ്പല്ല് പറിഞ്ഞില്ല.- ഇങ്ങനെയാണ് കെപിഎസി ലളിത ആ കാലം ഓർമ്മിക്കുന്നത്.

ഇങ്ങനെ അക്കാലത്തെ മീടു ആരോപണങ്ങൾ ശക്തമായി ഉന്നയിച്ച ലളിതച്ചേച്ചി, നിതാ അഭിനേതാക്കളുടെ സംഘടനയായ ഡബ്ല്യു.സി.സിക്കെതിരെ രംഗത്ത് എത്തിയതും വൻ വിവാദമായി. താര സംഘടനയായ അമ്മക്കെതിരെ വാർത്താസമ്മേളനത്തിൽ രൂക്ഷ വിമർശനവുമായി എത്തിയ ഡബ്ല്യു.സി.സി. അംഗങ്ങൾക്കെതിരേയാണ് അവർ നിലപാട് എടുത്തത്. - ''സംഘടനയിൽ നടന്ന കാര്യങ്ങൾ സംഘടനകത്താണ് പറയേണ്ടത്. പുറത്തുള്ള ആളുകളെക്കൊണ്ട് കൈകൊട്ടി ചിരിപ്പിക്കരുത്. ആൺ-പെൺ വ്യത്യാസമില്ലാതെ പരാതികൾ പറയാൻ പറ്റിയ സംഘടനയാണ് അമ്മ. സംഘടനയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിൽ ഒരു മാന്യതയുണ്ട്. അവർ വന്ന് സംഘടനയോട് മാപ്പ് പറയട്ടെ.'' എന്നായിരുന്നു അക്കാലത്ത് കെപിഎസി ലളിതുടെ പ്രതികരണം.

എല്ലാം നശിപ്പിച്ച ഭരതൻ

പ്രശസ്ത സംവിധാകൻ ഭരതനെ വിവാഹം കഴിച്ചതിനുശേഷവും കെപിഎസി ലളിതുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിയിരുന്നില്ല. കടുത്ത മദ്യപാനവും എക്സെൻട്രിക്ക് സ്വഭാവവും കൂടെപ്പിറപ്പായിരുന്ന ഭരതൻ വരുത്തിയ കടം വീട്ടിയതും ഈ അഭിനേത്രിയാണ്. അതേക്കുറിച്ച് കെപിഎസി ലളിത ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.'' അത്രക്ക് സാമ്പത്തിക അച്ചടക്കമുള്ള ജീവിതം ആയിരുന്നില്ല ഭരതേട്ടന്റെത്. പൊതുവെ കലാകാരന്മാർ അങ്ങനെയാണെല്ലോ. അവസാനകാലത്ത് ഭരതേട്ടൻ നിർമ്മാണത്തിലേക്ക് തിരിഞ്ഞതും വലിയ ബാധ്യതയാണ് ഉണ്ടാക്കിയത്. മറ്റുള്ളവർക്കുവേണ്ടി ഞങ്ങൾ എടുത്ത ചിത്രങ്ങളെല്ലാം വൻ ഹിറ്റായി. എന്നാൽ ഞങ്ങളുടെ സ്വന്തം പ്രൊഡക്ഷൻ വൻ നഷ്ടമാണ് ഉണ്ടാക്കിയത്. അവസാനം ഇറങ്ങിയ മഞ്ചീരധ്വനി എന്ന ചിത്രമൊക്കെ കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കിയത്.''

ഭരതൻ മരിച്ചതോടെ ശരിക്കും ലളിതച്ചേച്ചിയുടെ ജീവിതവും പ്രതിസന്ധിയിലായി. കടക്കാരും മാർവാഡികളും വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. ജയാറാമിനെപ്പോലുള്ള നടന്മാരാണ് ഈ ഘട്ടത്തിൽ തുണയായത്. ഇങ്ങനെയുള്ള സഹായം കൊണ്ടാണ് അവർ കോടികൾ വരുന്ന ആ കടം വീട്ടിയത്. മകൻ സിദ്ധാർഥ് ഭരതൻ അഭിനയത്തതിലേക്കും, സംവിധാനത്തിലേക്കും കടന്നപ്പോൾ ഇനിയെങ്കിലും തന്റെ ദുരിതം അവസാനിക്കുമെന്നാണ് ലളിതചേച്ചി കരുതിയത്. പക്ഷേ അതിനിടയിലുണ്ടായ ഒരു ആക്സ്ഡിന്റ് എല്ലാ കണക്കൂകൂട്ടലും തെറ്റിച്ചു. മരണാസന്നനായ മകനെ ലക്ഷങ്ങൾ ചെലവിട്ട് രക്ഷിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും ഈ അമ്മയുടെ ഒറ്റ മിടുക്കാണ്.

ഇങ്ങനെയെല്ലാമായി പലവഴിക്ക് പണം ചെലവായിപ്പോകുന്നതുകൊണ്ടായിരിക്കണം, അരനൂറ്റാണ്ടോളം അഭിനയിച്ചിട്ടും കാര്യമായ ഒരു കൈയിലിരിപ്പും ലളിതചേച്ചിക്ക് ഇല്ലായിരുന്നു. അവർക്ക് അസുഖം വന്നപ്പോൾ സർക്കാർ സഹായം നൽകിയതും വിവാദമായി. കോടീശ്വരന്മാരായ സിനിമ താരങ്ങളെയാണോ സർക്കാർ സഹായിക്കേണ്ടത് എന്നാണ് ചിലർ ചോദിച്ചത്. പക്ഷേ അവർ അറിഞ്ഞിരുന്നില്ല കെപിഎസി ലളിതയുടെ സാമ്പത്തിക സ്ഥിതി. സിനിമാലോകത്തെ പ്രമുഖരും അവർക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു.