ന്യൂഡൽഹി: കോവിഡ് വാക്സിൻ ക്ഷാമമെന്ന ഒരു പ്രശ്‌നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്സിൻ പാഴാകുന്നത് ഒരു പ്രശ്നം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഒരു ശതമാനം പോലും വാക്സിൻ പാഴാകുന്നില്ല. എന്നാൽ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതൽ ഒൻപത് ശതമാനം വരെ വാക്സിനുകൾ പാഴാക്കിക്കളയുന്നുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ചെറിയ സംസ്ഥാനങ്ങൾക്ക് എട്ട് മുതൽ ഒൻപത് ദിവസത്തിനിടെ വാക്സിൻ എത്തിക്കുന്നുണ്ട്. എന്നാൽ വലിയ സംസ്ഥാനങ്ങൾക്ക് 15 ദിവസത്തിനിടെയാണ് വാക്സിൻ എത്തിക്കുന്നത്. 13.10 കോടി ഡോസ് വാക്സിനുകളാണ് വിവിധ സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകിയത്.

11.43 കോടി ഡോസുകൾ വിവിധ സംസ്ഥാനങ്ങൾ ഇതുവരെ ഉപയോഗിച്ചു. 1.67 കോടി ഡോസുകൾ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. 2.01 കോടി ഡോസുകൾ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മാന്ത്രാലയ സെക്രട്ടറി കൂട്ടിച്ചേർത്തു. രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 89.51 ശതമാനം പേരും രോഗമുക്തി നേടി. 1.25 ശതമാനം പേർ മരിച്ചു. 9.24 ശതമാനമാണ് നിലവിലെ ആക്ടീവ് കേസുകൾ.

എന്നാൽ പുതിയ കേസുകളുടെ കാര്യമെടുത്താൽ മുമ്പത്തെ ഉയർന്ന കണക്കുകൾ പലതും ഭേദിച്ചുകഴിഞ്ഞു. കേസുകൾ വർധിക്കുകയാണ്. ആശങ്ക ഉണ്ടാക്കുന്നതാണ് സ്ഥിതിവിശേഷം. പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണവും വർധിക്കുകയാണ്. മഹാരാഷ്ട്രയിലെ സ്ഥിതിയാണ് അതീവ ഗുരുതരം. ഉത്തർപ്രദേശിന്റെ കാര്യമെടുത്താൽ ശരാശരി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 89 ൽനിന്ന് 10,000 ആയി വർധിച്ചിട്ടുണ്ടെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.

കോവിഡ് വാക്‌സിൻ ദൗർലഭ്യം സംബന്ധിച്ച ആരോപണം നേരത്തെ ഉയർന്നിരുന്നു. മഹാരാഷ്ട്ര അടക്കം കോവിഡ് വ്യാപനം ഏറുന്ന സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസ് നേതൃത്വവും കേന്ദ്രത്തിന്റെ കോവിഡ് നയത്തെ വിമർശിച്ചിരുന്നു.

രാജ്യത്ത് രോഗവ്യാപനം ഏറിയതോടെ മറ്റ് രാജ്യങ്ങളിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വിദേശത്ത് ഉല്പാദിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് വേഗത്തിൽ അനുമതി നൽകാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ആഭ്യന്തര ഉപയോഗത്തിനായി വാക്സിൻ ലഭ്യത വിപുലമാക്കുക, കുത്തിവെപ്പ് വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് തീരുമാനം എടുത്തത്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നടപടികളിലൊന്നായാണ് വാക്സിനേഷനെ കേന്ദ്രം കാണുന്നത്. നിലവിൽ രണ്ടുവാക്സിനുകളാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. റഷ്യയുടെ സ്പുട്നിക്നും അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതേ മാതൃകയിൽ കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകാനാണ് കേന്ദ്ര തീരുമാനം.

അടിയന്തര ഉപയോഗത്തിനായി യൂറോപ്പ്, യുഎസ്, യുകെ, ജപ്പാൻ എന്നീ രാജ്യങ്ങൾ അനുമതി നൽകിയിട്ടുള്ളതും അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന പട്ടികയിൽ പെടുത്തിയിട്ടുള്ളതുമായ വിദേശ രാജ്യങ്ങളിൽ വികസിപ്പിച്ചടുത്തതും ഉല്പാദിപ്പിക്കുന്നതുമായ വാക്സിനുകൾക്ക് ഇന്ത്യയിൽ അനുമതി നൽകാം എന്ന വിദഗ്ധ സമിതിയുടെ ശുപാർശ സ്വീകരിച്ചുകൊണ്ടാണ് കേന്ദ്രം ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

രാജ്യത്ത് ഏപ്രിൽ ഒന്നിന് ആരംഭിച്ച മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. നാൽപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിനേഷൻ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യമേഖല. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്‌സിനേഷൻ നിരക്ക് കൂട്ടാൻ തീരുമാനിച്ചിരുന്നു. രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ രണ്ടാഴ്ചക്കുള്ളിൽ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരുന്നത്. പിന്നാലെ നാൽപത്തിയഞ്ച് വയസിൽ താഴെയുള്ളവർക്കും വാക്‌സീൻ നൽകാനുള്ള ആലോചനയിലാണ് ആരോഗ്യമന്ത്രാലയം.