ലോകമാകമാനം നടന്ന് വരുന്ന സൗന്ദര്യമത്സരങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് കസാഖിസ്ഥാൻ യുവാവായ ഇലേയ് ഡ്യാഗിലേവ് എന്ന 22 കാരൻ. അലിന അയിലേവ എന്ന പേരിൽ സുന്ദരീ പട്ടത്തിനുള്ള മത്സരത്തിൽ പങ്കെടുക്കുകയും 4000ത്തോളം സുന്ദരികളെ തോൽപിച്ച് മിസ് കസാഖിസ്ഥാൻ പദത്തിലെത്തുകയും ചെയ്ത മിടുക്കനാണ് ഇദ്ദേഹം. തുടർന്ന് സുന്ദരീ കിരീടം ഉറപ്പായപ്പോൾ താൻ സ്ത്രീയല്ല പുരുഷനാണെന്ന് പ്രഖ്യാപിച്ച് ഏവരെയും ഞെട്ടിക്കുകയായിരുന്നു മോഡൽ കൂടിയായ ഇലേയ്. സൗന്ദര്യത്തെ സംബന്ധിച്ചുണ്ടായ ഒരു തർക്കത്തെ തുടർന്നാണ് താനീ മത്സരത്തിൽ സ്ത്രീയായി ചമഞ്ഞ് പങ്കെടുത്തതെന്ന് ഈ യുവാവ് കുറ്റസമ്മതം നടത്തുകയായിരുന്നു.

തനിക്ക് സ്വാഭാവികമായ സൗന്ദര്യമുണ്ടെന്നാണ് ഇലേയ് അവകാശപ്പെടുന്നത്. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്ന മിക്ക സ്ത്രീകളും ഒരേ മെയ്‌ക്കപ്പിട്ട് , ഒരേ സ്‌റ്റൈലിൽ നടക്കുന്നതിനാൽ അവരെല്ലാം ഒരേ പോലെയാണിരിക്കുന്നതെന്നും ട്രെൻഡുകളെ പിന്തുടർന്നാൽ തങ്ങൾക്ക് സൗന്ദര്യം വരുമെന്നാണ് അവർ വിശ്വസിക്കുന്നതെന്നും എന്നാൽ താൻ അങ്ങനെ ചിന്തിക്കുന്നില്ലെന്നും യുവാവ് പറയുന്നു. സംഘാടകരാൽ തന്നാൽ കബളിപ്പിക്കപ്പെട്ടുവെന്നും ഈ യുവാവ് അവസാനം വെട്ടിത്തുറന്ന് പറയുകയായിരുന്നു. കസാഖിസ്ഥാനിലുടനീളമുള്ള നിരവധി പേർ ഓൺലൈനിൽ ഈ യുവാവിനെ ' സൗന്ദര്യറാണി' യാക്കാൻ വോട്ട് ചെയ്തിരുന്നു.

സൗന്ദര്യകിരീടം നേടിയ ശേഷം തന്റെ ഐഡന്ററ്റി വെളിപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. തുടക്കത്തിൽ കസാഖിസ്ഥാനിലെമ്പാട് നിന്നും 4000ത്തോളം പേരായിരുന്നു ഈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷ അയച്ചിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ ആൾ പുരുഷനാണെന്ന് പ്രഖ്യാപിച്ചപ്പോൾ തങ്ങൾ ഞെട്ടിപ്പോയെന്നാണ് സംഘാടകർ പ്രതികരിച്ചിരിക്കുന്നത്. ഇദ്ദേഹം പുരുഷനാണെന്ന് വെളിപ്പെടുത്തയതിനെ തുടർന്ന് ഉടനടി മത്സരത്തിൽ നിന്നും നീക്കം ചെയ്യുകയും തുടർന്ന് അടുത്ത സ്ഥാനത്തുള്ള 18കാരിയായ അയ്‌കെറിം ടെമിർഖനോവയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. അയ്‌കെറിമിന് സെമിഫൈനലിൽ 1972 വോട്ടുകൾ ലഭിച്ചപ്പോൾ അലിന അയിലേവ 2012 വോട്ടുകളായിരുന്നു ലഭിച്ചത്.

കഴിഞ്ഞ വർഷം റഷ്യയിൽ 20 കാരനായ ആൻഡ്രി നഗോർനി ലിൻഗെറി മോഡലായി ചമഞ്ഞ് മത്സരത്തിൽ വിജയിച്ചിരുന്നു. മിസ് അവാകാഡോ എന്ന പേരിലായിരുന്നു അദ്ദേഹം മത്സരത്തിൽ പങ്കെടുത്തത്. തുടർന്ന് സത്യം വെളിച്ചത്ത് വന്നപ്പോൾ യുവാവിനെ മത്സരത്തിൽ നിന്നും പുറത്താക്കുകയായിരുന്നു.