ജോഹന്നാസ് ബർഗ്: മിസ് സൗത്ത് ആഫ്രിക്കയായ 22കാരി ഡെമി-ലെയ്ഗ് നെൽ-പീറ്റേർസ് ജോഹന്നാസ് ബർഗിലെ അനാഥാലയത്തിലെ കുട്ടികളെ കാണാൻ വന്നപ്പോൾ അവരോട് പെരുമാറിയ രീതി കടുത്ത വിമർശനത്തിന് വിധേയമാകുന്നു. എയ്ഡ്സ് ബാധിച്ച് മരിച്ചവരുടെ മക്കളെ അധിവസിപ്പിച്ചിരിക്കുന്ന അനാഥാലയത്തിലെ കുട്ടികൾക്ക് സാന്ത്വനം പകരാനെന്ന് പേരിലായിരുന്നു ഈ സുന്ദരി ഇവിടെയെത്തിയിരുന്നത്. കറുത്ത കുട്ടികളുടെ കൈയിൽ പിടിക്കാൻ പോലും മടിച്ച് നിന്ന ഈ സൗന്ദര്യറാണിയുടെ തൊട്ടുകൂടായ്മയെ കടുത്ത ഭാഷയിലാണ് വിവിധ മാധ്യമങ്ങൾ വിമർശിച്ചിരിക്കുന്നത്. ഇവരിൽ ചില കുട്ടികൾക്കും എച്ച്ഐവി ഉണ്ടെന്നാണ് സൂചന.

അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന വേളയിൽ സുന്ദരി ഗ്ലൗസ് ധരിച്ചതിനെതിരെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. എന്നാൽ വംശീയപരമായ കാഴ്ചപ്പോടോടെയല്ല താൻ ഗ്ലൗസ് ധരിച്ചതെന്നും അത് ശുചിത്വുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും പറഞ്ഞ് ഡെമി വിമർശനങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഡെമിയുടെ ഈ പ്രവൃത്തിയെ വിമർശിച്ച് നിരവധി സോഷ്യൽ മീഡിയ യൂസർമാരും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തന്റെ ഉദ്ദേശ്യം തെറ്റായി വായിക്കപ്പെടുകയായിരുന്നുവെന്നും തന്റെ പ്രവർത്തി ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ഡെമി പിന്നീട് പ്രതികരിച്ചിരുന്നു.

ആ സൈറ്റിലെ വളണ്ടിയർമാരെല്ലാം ആ സമയത്ത് ഗ്ലൗസ് ധരിച്ചിരുന്നുവെന്നും ഭക്ഷണം കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ധരിക്കുന്നത് നല്ലതാണെന്ന് തന്നോട് അവർ നിർദേശിച്ചിരുന്നുവെന്നും അതിനാലാണ് അത്തരത്തിൽ പ്രവർത്തിച്ചതെന്നും സുന്ദരി വിശദീകരിക്കുന്നു. അവിടെയുള്ള 300 കുട്ടികൾക്കും അപ്പോൾ നല്ല ഭക്ഷണമാണ് നൽകിയിരുന്നതെന്നും അവർ അതിൽ വളരെ സന്തോഷമുള്ളവരായി മാറിയിരുന്നുവെന്നും ഡെമി പറയുന്നു. എന്നാൽ ഡെമിയുടെ വൃത്തി പരാമർശത്തെ പരിഹസിച്ചുള്ള ഫോട്ടോകളോട് കൂടിയ ട്വീറ്റുകളും തുടർന്ന് പെരുകിയിരുന്നു.

ഇതിലൊരു ഫോട്ടോഷോപ്പ് ചിത്രത്തിൽ ഡെമി കീ ബോർഡുപയോഗിക്കുമ്പോഴും ടെക്സ്റ്റ് ബുക്ക് വായിക്കുമ്പോഴും ഗ്ലൗസ് ധരിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതായി കാണാം. സുന്ദരിയുടെ വിശദീകരണത്തെ പരിഹസിച്ച് #MissSAchallenge എന്ന ഹാഷ് ടാഗിന് കീഴിലും പരിഹാസവചനങ്ങളും ചിത്രങ്ങളുമായി നിരവധി പേർ ഓൺലൈനിലൂടെ രംഗത്തെത്തിയിരുന്നു. എന്നാൽ തനിക്ക് വർണവിവേചനമില്ലെന്നും കാരണം താൻ വെളുത്തവർഗക്കാരിയല്ലെന്നും പകരം മിശ്രിതവർഗത്തിൽ പിറന്നയാളാണെന്നും ഡെമി സ്വയം ന്യായീകരിക്കുന്നുണ്ട്.