- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസ്ട്രേലിയൻ സുന്ദരിപ്പട്ടം തുടർച്ചയായി രണ്ടാം തവണയും ഇന്ത്യൻ വംശജയ്ക്ക്; കോവിഡ് പ്രതിസന്ധിമൂലം ഓൺലൈനിൽ നടന്ന 2020 ലെ മത്സരത്തിൽ സുന്ദരിപ്പട്ടം നേടിയത് മലയാളിയായ മരിയ തട്ടിൽ; മിസ് ആസ്ട്രേലിയയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സുന്ദരിയെ അറിയാം
തുടർച്ചയായി രണ്ട് തവണ ആസ്ട്രേലിയൻ സുന്ദരിപ്പട്ടം തേടിയെത്തിയത് ഇന്ത്യൻ സുന്ദരികളെ. 2019-ലെ മത്സരത്തിൽ, കർണ്ണാടകയിലെ മംഗലാപുരത്തിനടുത്ത് ബെൽമന്നു സ്വദേശി പ്രിയ സെർറാവു എന്ന നിയംജ്ഞ ആസ്ട്രേലിയൻ സുന്ദരിപ്പട്ടം അണിഞ്ഞപ്പോൾ ഇത്തവണ അത് ശിരസ്സിലേറ്റുവാങ്ങിയത് മരിയ തട്ടിൽ എന്ന മലയാളി സുന്ദരി. ആസ്ട്രേലിയയുടെ പതിനാറാമത് സൗന്ദര്യ മത്സരത്തിൽ മൊത്തം 26 മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇവരിൽ അഞ്ചുപേർ ഫൈനലിൽ എത്തി.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വൽ മത്സരമായിരുന്നു ഇത്തവണ സംഘടിപ്പിച്ചത്. ഒക്ടോബർ 28 ന് തന്നെ മത്സരഫലം പ്രഖ്യാപിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ രണ്ടുദിവസം വൈകി മാത്രമായിരുന്നു കിരീടധാരണം നടന്നത്. കഴിഞ്ഞ വർഷത്തെ മിസ് ആസ്ട്രേലിയയും, ഇന്ത്യൻ വംശജയുമായ പ്രിയ സെർറാവു ആയിരുന്നു മരിയയെ കിരീടം അണിയിച്ചത്. ഇന്ത്യാക്കാരിൽ നിന്നും ഇന്ത്യാക്കാരിലേക്ക് തന്നെ കൈമറിഞ്ഞെത്തിയ കിരീടം.
മരിയ ജനിക്കുന്നതിനു മുൻപ് തന്നെ മാതാപിതാക്കൾ ആസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. മലയാളിയായ പിതാവിന്റെയും കൽക്കത്ത സ്വദേശിയായ മാതാവിന്റെയും മകളായി ജനിച്ച ഈ 27 കാരി ഒരു മോഡലും, മെയ്ക്ക് അപ് ആർട്ടിസ്റ്റും ബ്ലോഗറും ആണ്.വിവിധ ജീവിത ശൈലികളും മെയ്ക്ക് അപ്പിന്റെ വിവിധ തരങ്ങളും പരിചയപ്പെടുത്തിക്കൊണ്ടുള്ള മരിയ തട്ടിൽ എന്ന യൂട്യുബ് ചാനലും ഏറെ പ്രചാരമുള്ള ഒന്നാണ്.
മെൽബോണിൽ ജനിച്ചു വളർന്ന മരിയ രണ്ടു മൂന്നു തവണ കേരളത്തിൽ തന്റെ പിതാവിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. ഇവരുടെ നിരവധി ബന്ധുക്കൾ മെൽബണിലുമുണ്ട്. പ്രെട്ടോറിയയിൽ നിന്നുള്ള മിനെ കോസ്റ്റെർ ഫസ്റ്റ് റണ്ണർ അപ്പായും സിഡ്നിയിൽ നിന്നുള്ള ടാഷ് ഗാൽഗട്ട്, സിഡ്നിയിൽ നിന്നു തന്നെയുള്ള മാഡിസൺ ക്ലോസിയോ, ബ്രയാൻസ്കിൽ നിന്നുള്ള ഡാരിയ വാർലമോവ എന്നിവർ യഥാക്രമം സെക്കന്റ്, തേർഡ്, ഫോർത്ത് റണ്ണർ അപ്പുകളായും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ തവണ ആസ്ട്രേലിയൻ സുന്ദരിപ്പട്ടം നേടിയത് മംഗലാപുരം സ്വദേശിയായ പ്രിയ സർറാവു ആയിരുന്നു. ഒമാനിലും യു എ ഇയിലുമായി ബാല്യകാലം ചെലവഴിച്ചതിനു ശേഷമാണ് പ്രിയ മാതാപിതാക്കൾക്കൊപ്പം ആസ്ട്രേലിയയിലേക്ക് കുടിയേറിയത്. മെൽബോൺ ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയ പ്രിയ വിക്ടോറിയ സർക്കാരിന്റെ പോളിസി ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.2019-ൽ പ്രിയ സുപ്രീം കോർട്ട് ഓഫ് വിക്ടോറിയയിലെ ഒരു അഭിഭാഷകയായി അംഗീകാരം നേടി.
ഇതിൽ നിന്നും തികച്ചും വിഭിന്നമാണ് മരിയയുടെ പ്രവർത്തനമണ്ഡലം.കലാകാരിയും, പ്രഭാഷകയും ഒക്കെ ആയ മരിയ തനിക്ക് ചുറ്റുമുള്ളവർക്ക് പ്രചോദനം നൽകുന്നതിനുള്ള മൈൻഡ് വിത്ത് മി എന്ന പരിപാടി അവതരിപ്പിക്കുന്നുമുണ്ട്. കൂടാതെ അറിയപ്പെടുന്ന ഒരു മെയ്ക്ക് അപ് ആർട്ടിസ്റ്റ് കൂടിയാണവർ.
ആസ്ട്രേലിയൻ സുന്ദരിയായി തെരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടും, അതിന് പിന്തുണയായി തന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടും മരിയ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ