17 വർഷത്തിന് ശേഷമാണ് മിസ് വേൾഡ് കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുത്ത മാനുഷി ചില്ലറിനെ തേടി സ്വപ്ന സമാനമായ ഓഫറുകളാണ് എത്തിയിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ 118 സുന്ദരിമാരെ കടത്തി വെട്ടി ലോക സുന്ദരി കിരീടം നേടിയ മാനുഷിക്ക് കോടികൾ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നായികയാകാനുള്ള അവസരം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ച് കഴിഞ്ഞു. ഇതിന് പുറമെ ഒരു വർഷം മുഴുവൻ ലോകരാജ്യങ്ങളിൽ പ്രതിഫലത്തോടെ സന്ദർശനം നടത്താനുള്ള അവസരവും ഇവരെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ പാവങ്ങൾക്കും പട്ടിണിക്കാർക്കും വേണ്ടി പണം പിരിക്കാനും മാനുഷിക്ക് അനുമതി ലഭിക്കും. മിസ് വേൾഡ് പുരസ്‌കാരത്തിന് കിട്ടുന്ന കോടികളുടെ സമ്മാനത്തുകയ്ക്ക് പുറമെ മാനുഷിയെ കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള നിലയ്ക്കാത്ത മഹാഭാഗ്യങ്ങളാണ്.

ഈ പുരസ്‌കാരം നേടുന്ന വ്യക്തിക്ക് മിസ് വേൾഡ് എന്ന ടൈറ്റിലിൽ ചെയ്യുന്ന നിരവധി ഔദ്യോഗിക പരിപാടികൾക്കും ചടങ്ങുകൾക്കും ഉയർന്ന ശമ്പളം ഒരു വർഷത്തോളം നൽകുമെന്നാണ് മിസ് വേൾഡ് വെബ്സൈറ്റ് വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ ന്യൂയോർക്കിൽ ലക്ഷ്വറി അപാർട്ട്മെന്റും ജീവിക്കാനുള്ള ചെലവും നൽകുന്നതായിരിക്കും. ഇതിന് പുറമെ പ്രഫഷണലായി കൈവരുന്ന നേട്ടങ്ങൾ എണ്ണിയാലൊടുങ്ങില്ലെന്നും വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. മാനുഷിയെ പോലെ മിസ് വേൾഡ് കിരീടം ചൂടുന്നവർക്ക് ഉടൻ ഡബ്ല്യൂഎംഇ ഐഎംജിയിൽ നിന്നും പ്രാതിനിധ്യം ലഭിക്കുന്നതായിരിക്കും.

മിസ് യൂണിവേഴ്സിന്റെ പാരന്റ് ഓർഗനൈസേഷനാണിത്. ഇത്തരമൊരു പ്രാതിനിധ്യത്തിലൂടെ ലോകമാകമാനം നിന്നും നിരവധി അസുലഭ അവസരങ്ങളായിരിക്കും മാനുഷിയെ തേടിയെത്തുന്നത്. ഹോളിവുഡ് ചലച്ചിത്രങ്ങളിലേക്കടക്കം ഇതിലൂടെ അവർക്ക് അവസരങ്ങൾ ലഭിച്ചുവെന്ന് വരാം. കൂടാതെ ന്യൂയോർക്കിൽ കഴിയുന്ന ഒരു വർഷക്കാലം മൂവി പ്രീമിയറുകൾ, ഫാഷൻ വീക്ക്, സ്പോർട്ടിങ് ഇവന്റുകൾ, തുടങ്ങിയവയിലും തിളങ്ങാൻ മാനുഷിക്ക് വഴിയൊരുങ്ങും. മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ ഫാഷൻ സ്‌റ്റൈലിസ്റ്റിൽ നിന്നുമുള്ള പഴ്സണൽ അപ്പിയറൻസ് വാർഡോബ് ആൻഡ് സ്റ്റൈലിംഗും ലഭിക്കുന്നതായിരിക്കും.

കഴിഞ്ഞ വർഷത്തെ ജേതാവിന് ഒരു വർഷം ഹെയർ പ്രൊഡക്ടുകളും ചൈനീസ് ലോൺഡ്രിയിൽ നിന്നും ഒരു വർഷം ഷൂകളും ഡയമണ്ട്സ് ഇന്റർനാഷണൽ കോർപറേഷൻസിൽ നിന്നും പരമ്പരാഗതമായ രീതിയിൽ നിർമ്മിച്ച കിരീടവും ലഭിച്ചിരുന്നു. ഇത്തരം സൗഭാഗ്യങ്ങൾ മാനുഷിയെയും തേടിയെത്തുമെന്നുറപ്പാണ്. ഇതിന് പുറമെ ഒരു വർഷം നീണ്ട് നിൽക്കുന്ന ന്യൂയോർക്ക് വാസത്തിനിടയിലും ലോക സഞ്ചാരത്തിനിടയിലും തന്റെ മനസിന് പിടിക്കുന്ന ചാരിറ്റികൾക്കായി പ്രവർത്തിക്കാനും ഫണ്ട് കണ്ടെത്താനും ലോക സുന്ദരിക്ക് അവസരങ്ങളേറെ ലഭിക്കുന്നതായിരിക്കും.

റീത്താ ഫാരിയ(1966), ഐശ്വര്യാ റായ് (1994), ഡയാന ഹെയ്ഡൻ(1997), യുക്താമുഖി(1999), പ്രിയങ്കാ ചോപ്ര(2000), എന്നീ ഇന്ത്യൻസുന്ദരികൾക്ക് ശേഷം ഇത് ആറാം വട്ടമാണ് ഇന്ത്യക്ക് മാനുഷിയിലൂടെ ലോക സുന്ദരി പട്ടം ലഭിച്ചിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തിൽ വെനിസ്വലയുടെ റെക്കോർഡിനൊപ്പം ഇന്ത്യയുമെത്തിയിരിക്കുകയാണ്. കാർഡിയാക് സർജനാകണമെന്ന് സദാ സ്വപ്നം കണ്ട് നടക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനി ലോക സൗന്ദര്യത്തിന്റെ നെറുകയിലെത്തിയെന്ന അപൂർവത കൂടി മാനുഷിയുടെ നേട്ടത്തിന് കൂടുതൽ തിളക്കമേകുന്നു. ഇന്റർനാഷണൽ പേജന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിളങ്ങാനായി തന്റെ പഠനത്തിൽ നിന്നും ഒരു വർഷം അവധിയെടുത്ത് തയ്യാറെടുത്തായിരുന്നു മാനുഷി ചൈനയിലെ മത്സരഗോദയിലെത്തിയിരുന്നത്.

ഈ വർഷം ജൂണിൽ നടന്ന എഫ്ബിബി കളേർസ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിന് ശേഷമായിരുന്നു മാനുഷി ലോക സുന്ദരീ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ തുടങ്ങിയത്. ഹരിയാണയിലെ ഭഗത്ഫൂൽ സിങ് മെഡിക്കൽ കോളജിലെ ഈ വിദ്യാർത്ഥിനിയെ തേടി ബ്യൂട്ടി വിത്ത് പർപ്പസ് പട്ടവും എത്തിയിട്ടുണ്ട്. ബ്യൂട്ടി വിത്ത് പർപ്പസ് പ്രൊജക്ടിന്റെ ഭാഗമായി മാനുഷി ആർത്തവകാലത്തെ ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയായിരുന്നു. ഇതിനായി 20 ഗ്രാമങ്ങളിൽ പോയി 5000ത്തോളം സ്ത്രീകളുമായി അടുത്തിടപഴകുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്തിരുന്നു. മാനുഷിയുടെ അച്ഛൻ ഫിസിഷ്യനായും അമ്മ ന്യൂറോകെമിസ്റ്റായുമായാണ് ജോലി ചെയ്യുന്നത്. തന്റെ അതുല്യ നേട്ടത്തിന് പുറകിൽ മാതാപിതാക്കളുടെ ഉറച്ച പിന്തുണ പ്രധാന ഘടകമായിത്തീർന്നുവെന്ന് വിജയപ്രഖ്യാപനത്തെ തുടർന്ന് മാനുഷി വെളിപ്പെടുത്തിയിരുന്നു.

1951ൽ യുകെയിൽ വച്ച് മിസ് വേൾഡ് മത്സരം ആരംഭിച്ചത് എറിക് മോർലെയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം 2000 മുതൽ അദ്ദേഹത്തിന്റെ ഭാര്യ ജൂലിയ മോർലെ ഈ പേജന്റിന്റെ കോ-ചെയറായി വർത്തിച്ച് വരുന്നു. മിസ് യൂണിവേഴ്സ്, മിസ് എർത്ത് എന്നീ മത്സരങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്നാണീ പേജന്റും നിലകൊള്ളുന്നത്. ഇവ മൂന്നുമാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൗന്ദര്യ മത്സങ്ങൾ. വർഷം തോറും നടത്തി വരുന്ന മിസ് വേൾഡ് ഫൈനൽ നടത്തുന്നത് ദി മിസ് വേൾഡ് ഓർഗനൈസേഷനാണ്.