തിരുവനന്തപുരം: മിസ്ഡ് കോൾ അടിച്ച ബിജെപിയിൽ ചേരാനുള്ള ആഹ്വാനമുണ്ടാക്കിയ പുകില് ചില്ലറയല്ല. ലോകത്ത് ഏറ്റവും അധികം പേർ അംഗങ്ങളായുള്ള രാഷ്ട്രീയ കക്ഷി എന്ന റെക്കോർഡ് സ്വന്തമാക്കി എന്ന് അവകാശപ്പെട്ട് ബിജെപി രംഗത്തെത്തിയതിനു തൊട്ടുപിന്നാലെ ഈ വാദത്തെ പരിഹസിച്ച് നിരവധി പോസ്റ്റുകളും ഫോട്ടോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഏറ്റവുമൊടുവിലായിതാ കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഈ അംഗത്വമെടുത്തവരെയൊന്നും കാണാൻ ഇല്ലല്ലോ എന്ന പരിഹാസവുമായാണ് സോഷ്യൽ മീഡിയ രംഗത്ത് എത്തിയിരിക്കുന്നത്. 'പാപ്പിനിശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് 32 വോട്ട്. ആ വാർഡിൽ മിസ്ഡ് കോൾ അടിച്ച് ബിജെപിയിൽ അംഗമായവരുടെ എണ്ണം 7450. അപ്പോൾ ബാക്കി 7418 വോട്ട് എവിടെപ്പോയി' എന്നു തുടങ്ങി നിരവധി പോസ്റ്റുകളാണ് അംഗത്വ ക്യാമ്പയിനെ പരിഹസിച്ച് പുറത്തിറങ്ങിയിരിക്കുന്നത്.

വാർഡിലെ അംഗങ്ങളുടെയും വോട്ടിന്റെയും കണക്കുകൾ ഒക്കെ പെരുപ്പിച്ചു കാണിച്ചതാണെങ്കിലും ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനെ പരിഹസിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽവച്ചാണ് ഇത്തരത്തിൽ പോസ്റ്റുകൾ വ്യാപകമാകുന്നത്.

മിസ്ഡ് കോൾ അടിക്കാൻ സിം മാത്രം മതിയല്ലോ എന്നാണ് സോഷ്യൽ മീഡിയയുടെ വാദം. എതിർ വാദം ഉയരുമ്പോഴും പാപ്പിനിശേരി പഞ്ചായത്തിൽ മൊത്തം നോക്കിയാൽ ഇതിന്റെ പകുതി താമര ഉണ്ടാകില്ലെന്നും പറയുന്നു. 'Missed Call Patry പ്രചരിപ്പിക്കുന്ന കണക്ക് നോക്കുക ആണെങ്കീ പഞ്ചായത്ത് ഇനി ബിജെപ്പിയാണു ഭരിക്കേണ്ടത്. എല്ലാം ഞങ്ങടെ ഭാഗ്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തോൽപ്പിച്ച നിലക്ക് ഇനി അംഗ ബലത്തിലു തോൽപ്പിക്കാനാരും ഇല്ലല്ലോ എന്നതാണു ഒരു വിഷമം. ജയ് Missed Call Party'. എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. ടോട്ടൽ വരുമ്പോൾ ഇന്ത്യയിലെ ജനസംഖ്യയെക്കാൾ കൂടുതലാകരുത് ബിജെപി അംഗസംഖ്യയെന്നും പരിഹാസമുണ്ട്.

അംഗത്വ ക്യാമ്പയിന്റെ പേരിൽ ഏറെ പഴിയാണ് ബിജെപിക്കു കേൾക്കേണ്ടി വന്നത്. നേരത്തെ, റാംജിറാവു വരെ ബിജെപിയിൽ അംഗമായി എന്ന തരത്തിൽ സോഷ്യൽ മീഡിയയുടെ പരിഹാസശരങ്ങൾ ഉയർന്നിരുന്നു.