മനാമ: ബഹ്റൈനിൽ രണ്ടു വർഷം മുമ്പ് ഇന്ത്യൻ ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിക്ക് പന്ത്രണ്ടു വർഷത്തെ തടവും ആയിരം ദിനാർ പിഴയും ശിക്ഷ വിധിച്ചു. ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ആണ ശിക്ഷ വിധിച്ചത്.. പാക്കിസ്ഥാൻ സ്വദേശിയായിരുന്ന 38 വയസ്സു പ്രായമുള്ള ഇയാൾ ബഹ്റൈൻ പൗരത്വമെടുത്ത് ബഹ്റൈനിൽ കഴിയുകയായിരുന്നു.

തട്ടിക്കൊണ്ടു പോകൽ, പീഡനം, മയക്കു മരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്. 2016 ഓഗസ്റ്റ് രണ്ടിന് ലഖ്നൗ സ്വദേശികളായ ഇർഷാദിന്റെയും അനീഷയുടെയും മകൾ സാറ ഗ്രെയ്സ് എന്ന അഞ്ചു വയസ്സുകാരിയാണ് തട്ടിക്കൊണ്ടു പോകപ്പെട്ടത്.

സംഭവത്തിന്റെ ഞെട്ടലിൽ പിന്നീട് ഇവർ ഇന്ത്യയിലേക്ക് തിരിച്ചു പോകുകയായിരുന്നു. ബഹ്റൈൻ പൊലീസിന്റെ ഊർജ്ജിതമായ അന്വേണത്തിൽ 24 മണിക്കൂറിനകം ഹൂറയിലെ ഒരു ഫ്ളാറ്റിൽ കുട്ടിയെ കണ്ടെത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.. കുട്ടിയെ കണ്ടെത്തിയ വിവരമറിഞ്ഞ് അന്ന് മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ തന്റെ സന്തോഷം പങ്കുവെക്കുകയും ചെയ്തിരുന്നു.

ഹൂറയിൽ ഗോൾഡൻ സാൻഡ്സ് ബിൽഡിഗിനു സമീപം കാർ നിർത്തി വെള്ളം വാങ്ങാനായി കുട്ടിയുടെ മാതാവ് കടയിൽ കയറിയ സമയത്ത് പിൻസീറ്റിലിരുന്ന സാറയേയുംകൊണ്ട് പ്രതി കാറോടിച്ചു പോകുകയായിരുന്നു. പിന്നീട് പിറ്റേന്നു പുലർച്ചെ കാർ ഗുദേബിയയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.. കുട്ടിയുടെ അമ്മാവൻ അനീഷ് പരാതിപ്പെട്ടതനുസരിച്ചാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കുട്ടിയുടെ പിതാവ് ഇർഷാദ് ഇന്ത്യയിലായിരുന്നു. അനീഷയുമായുള്ള വിവാഹബന്ധം വേർപെട്ടതിനെത്തുടർന്ന് മൂന്നു വർഷം മുമ്പാണ് ഇയാൾ ബഹ്റൈൻ വിട്ടത്.