- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ക്യാപ്റ്റനും 50 ജീവനക്കാരുമായി അപ്രത്യക്ഷമായ കൈരളി കപ്പൽ; കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ പോയി കാണാതായ കോട്ടയം ദമ്പതികൾ; ഗോവൻ ചലച്ചിത്രമേള കഴിഞ്ഞ് മടങ്ങവെ കാണാതായ സോണി എം ഭട്ടതിരിപ്പാട്; കളിച്ചു കൊണ്ടിരുന്ന് കണാതായ രാഹുൽ; രാജനും ചേകന്നൂരും കുറുപ്പും; ജസ്നയുടേത് ഒറ്റപ്പെട്ട സംഭവമല്ല; കേരളത്തെ ഞെട്ടിച്ച 'തിരോധാന'ങ്ങളുടെ കഥ!
മലയാളികൾ പലപ്പോഴും തീർത്തും തെറ്റായി ഉപയോഗിക്കുന്ന ഒരു വാക്കാണ് തിരോധാനം എന്നത്. സ്വയം അന്തർധാനം ചെയ്യുന്നതാണ് തിരോധാനം. അതായത് സുകുമാരക്കുറുപ്പിന്റെ തിരോധാനം എന്ന് പറഞ്ഞാൽ ശരിയാണ്. അയാൾ സ്വയം മറഞ്ഞതാണ്. എന്നാൽ ചേകന്നൂർമൗലവിയുടെ തിരോധാനം എന്ന പ്രയോഗം ഭാഷാപരമായി തെറ്റാണ്. മൗലവിയെ ചില മതമൗലികവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ഇപ്പോൾ വ്യക്തമാണ്. മൃതദേഹം കിട്ടിയിട്ടില്ലെങ്കിലും. പക്ഷേ മിസ്സിങ്ങ് എന്ന ഇംഗ്ലീഷ് വാക്കിന്റെ തർജ്ജമല്ല സത്യത്തിൽ തിരോധാനം. പക്ഷേ 'കോളിളക്കം ഉണ്ടാക്കിയ കാണാതാവലുകൾ' എന്ന വാക്കിന് പകരമായി ഉപയോഗിച്ച് ഉപയോഗിച്ച് തിരോധാനം എന്ന വാക്ക് ഏറെ സുപരിചിതമായിപ്പോയിരിക്കുന്നു.
ആ അർഥത്തിൽ നോക്കുമ്പോൾ ഇപ്പോൾ കേരളം ഏറെ ചർച്ചചെയ്യുന്ന മുക്കൂട്ടുതറയിലെ ജെസ്ന എന്ന പെൺകുട്ടിയുടേത്, തിരോധാനം ആണോ അല്ലയോ എന്ന് ഇനിയും പറയാൻ കഴിയില്ല. മതം മാറ്റപ്പെട്ടുവെന്നും ഇപ്പോൾ സിറിയിൽ ഉണ്ടെന്നും രണ്ടുകുട്ടികളുടെ അമ്മയാണ് എന്നൊക്കെയുള്ള വാർത്തകൾ ജസ്നയെക്കുറിച്ച് സോഷ്യൽ മീഡിയിൽ അടക്കം പ്രചരിക്കുന്നുണ്ട്. അപ്പോൾ പലരും ചോദിക്കുന്നകാര്യം ഇതൊക്കെ നമ്മുടെ നാട്ടിൽ സംഭവിക്കുമോ എന്നതാണ്. പക്ഷേ മിസ്സിസംഗ് കേസുകൾക്ക് പേരുകേട്ട നാടായ അമേരിക്കയെപ്പോലും അമ്പരപ്പിക്കുന്ന കാണാതാവലുകൾ നടന്ന നാടാണ് ഈ കൊച്ചുകേരളം എന്നത് പലരും മറുക്കുന്നു. കളിച്ചുകൊണ്ടിരിക്കെ കണായായ കുട്ടി തൊട്ട് ഭക്ഷണം വാങ്ങാൻ പോയി യാതൊരു വിവരവും കിട്ടാത്ത ദമ്പതിമാർ തൊട്ട്, 50 ജീവനക്കാരും ഒരു ക്യാപ്റ്റനുമായി കാണായായ കപ്പലിന്റെ അടക്കം ഞെട്ടിപ്പിക്കുന്ന 'തിരോധാനങ്ങൾ' ഈ നാട്ടിൽ അരങ്ങേറിയിട്ടുണ്ട്.
കൈരളി കപ്പൽ മറഞ്ഞത് എവിടെ?
കേരളത്തിൽ സംഭവിച്ച ഏറ്റവും വലിയ മിസ്സിങ്ങ് കേസായി വിലയിരുത്തപ്പെടുന്നത് എം വി കൈരളി എന്ന കപ്പലിന്റെതാണ്. 1979 ജൂൺ 30-ന് 20, 583 ടൺ ഇരുമ്പയിരുമായി കിഴക്കൻ ജർമനിയിലേക്ക് പുറപ്പെട്ട 'കേരളത്തിന്റെ സ്വന്തം' എം വി കൈരളി എന്ന ചരക്കുകപ്പൽ ലക്ഷ്യത്തിലെത്തിയില്ല. ക്യാപ്റ്റൻ എം വി മരിയാദാസും 50 ജീവനക്കാരും അപ്രത്യക്ഷരായി. 40 വർഷത്തിനുശേഷവും കപ്പൽ എങ്ങനെ, എവിടെ മുങ്ങി എന്നതിനു സൂചനയില്ല. കപ്പലിന്റെ ബാക്കിയോ, കപ്പലിലെ ഏതെങ്കിലും ജീവനക്കാരുടെ മൃതദേഹമോ, വസ്ത്രമോ കിട്ടിയിട്ടില്ല. കപ്പൽ അപ്രത്യക്ഷമായി 12 ദിവസം കഴിഞ്ഞാണ് തിരച്ചിൽ ആരംഭിക്കുന്നത് തന്നെ.
കേരളാ സർക്കാർ സ്ഥാപനമായ കേരളാ ഷിപ്പിങ് കോർപറേഷന്റെ കപ്പലായിരുന്നു കൈരളി. നോർവെയിൽ നിന്ന് പഴയ വിലയ്ക്കു വാങ്ങിയ ഓസ്കാർസോർഡ് എന്ന കപ്പലാണ് എം വികൈരളി എന്ന പേര് സ്വീകരിച്ചത്. 1979 ജൂണിന് മർമ്മഗോവ തുറമുഖത്തുനിന്നും യൂറോപ്പിലെ റോസ്റ്റക്കിലേക്ക് യാത്രതിരിച്ച കൈരളി കപ്പൽ, നാല് ദിവസങ്ങൾക്ക് ശേഷം കാണാതായി.
ഇന്ത്യയിൽ നിന്നും ജർമ്മനിയിലേക്കുള്ള ഇരുമ്പയിരായിരുന്നു കൈരളിയിലുണ്ടായിരുന്നത്. ആദ്യ മൂന്നു ദിവസങ്ങളിൽ കപ്പലിൽ നിന്ന് സന്ദേശങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് ഒന്നും ലഭിച്ചില്ല. ഡിജിബൗട്ടിയിലെ കമ്പനിയുടെ ഏജന്റാണ് കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല എന്ന വിവരം വിളിച്ചറിയിച്ചത്. കടൽക്കൊള്ളക്കാരുടെ പിടിയിൽപ്പെട്ടതായി സംശയിച്ചിരുന്നെങ്കിലും അതിനും തെളിവുകിട്ടിയിട്ടില്ല. രണ്ടാഴ്ചയ്ക്കു ശേഷം പത്ര മാധ്യമങ്ങളിൽ വാർത്ത വരികയും നാവിക സേനയും വിമാനവും തിരച്ചിലിനിറങ്ങിയെങ്കിലും വിവരങ്ങളൊന്നും ലഭ്യമായില്ല. റഡാർ സംവിധാനങ്ങളില്ലാതെയാണ് കപ്പൽ യാത്ര തിരിച്ചതെന്ന് പറയപ്പെടുന്നു. ക്യാപ്റ്റന്റെ അഭിപ്രായങ്ങൾക്കു വിരുദ്ധമായി, മതിയായ സംവിധാനമില്ലാതെ കപ്പൽ പുറപ്പെട്ടത് രാഷ്ട്രീയ സമ്മർദ്ദത്തത്തുടർന്നാണെന്നും ആരോപണമുണ്ട്.
കപ്പലിൽ അനുവദനീയമായതിൽ കൂടുതൽ ഇരുമ്പയിര് കയറ്റിയിരുന്നുവെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു. ഇരുമ്പയിര് നിറച്ച കപ്പലിലെ അറകൾ വേണ്ടരീതിയിൽ നിരപ്പാക്കിയിരുന്നില്ല എന്ന സംശയവുമുണ്ട്. ഏതായാലും കൈരളി കാണാതായതുകൊണ്ട് കേരള സർക്കാറിന് സാമ്പത്തിക നഷ്ടമൊന്നുമുണ്ടായില്ല. 6.4 കോടി രൂപ ഈ ഇനത്തിൽ സർക്കാറിനു ഇൻഷുറൻസ് തുക ലഭിച്ചു. നഷ്ടമായത് 51 കുടുംബങ്ങൾക്കു മാത്രം.കാണാതായവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട സമിതി സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. അവരുടെ റിപ്പോർട്ടിൽ ഉന്നയിച്ച ചോദ്യങ്ങളും സംശയങ്ങളും ഇന്നും ഉത്തരം ലഭിക്കാതെയിരിക്കുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കപ്പൽ കാണാതായിട്ട് ബന്ധപ്പെട്ട അധികൃതർ അന്വേഷണ കാര്യത്തിൽ വിമുഖത കാണിച്ചതെന്തുകൊണ്ട് എന്ന് ഈ റിപ്പോർട്ടിൽ ചോദിക്കുന്നു. ഗോവ തുറമുഖത്തുനിന്ന് റഡാർ ശരിയാക്കിയശേഷം ജൂലൈ നാലിന് മാത്രമേ കപ്പൽ പുറപ്പെടൂ എന്ന് ക്യാപ്റ്റൻ പറഞ്ഞപ്പോൾ കേരള ഷിപ്പിങ് കോർപറേഷന്റെ അന്നത്തെ ലെയ്സൺ ഓഫിസർ ജൂൺ 30നുതന്നെ കൈരളി തുറമുഖം വിടണമെന്ന് നിർദ്ദേശിച്ചത്രെ. ഈ വിഷയത്തിൽ ലെയ്സൺ ഓഫിസറും ക്യാപ്റ്റനുമായി തർക്കം നടന്നിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. റഡാർ ശരിയാക്കി ജൂലൈ നാലിനായിരുന്നു കൈരളി പുറപ്പെട്ടിരുന്നതെങ്കിൽ ഈ ദുർവിധി ഉണ്ടാകുമായിരുന്നില്ലെന്ന് കരുതുന്നവരുണ്ട്. കപ്പൽകാണാതായതോടെ പ്രവർത്തനം നിലച്ച കോർപറേഷൻ കേരളാ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ലയിപ്പിച്ചു.
നോക്കുക, ഒരു കൂറ്റൻ കപ്പലും ലക്ഷക്കണക്കിന് രൂപയുടെ ചരക്കം 51 മനുഷ്യജീവനകളും നഷ്ടമായിട്ടും നല്ല രീതിയിൽ ഒരു അന്വേഷണംപോലും നമ്മുടെ നാട്ടിൽ നടന്നിട്ടില്ല. ഇതാണ് പ്രബുദ്ധ കേരളം!
രാജനും ചേകന്നൂരും പിന്നെ സുകുമാരക്കുറുപ്പും
കേരളത്തിന്റെ മിസ്സിങ്ങ് കേസുകൾ പഠിക്കുമ്പോൾ ആദ്യം മനസ്സിൽവരിക അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന എൻജിനിയറിങ് വിദ്യാർത്ഥി പി. രാജന്റെ മുഖമാണ്. മൃതദേഹം പൊലീസ് എന്തുചെയ്തു എന്ന് ഇന്നും വ്യക്തമല്ല. നക്സലൈറ്റ് വർഗീസ് വധക്കേസിൽ, താനാണ് അദ്ദേഹത്തെ വെടിവെച്ചതെന്ന് വെളിപ്പെടുത്തി പൊലീസുകാരൻ രാമചന്ദ്രൻനായർ മുന്നോട്ടുവന്നു. എന്നാൽ, രാജൻ കേസിൽ ആധികാരികമായി ആരും മുന്നോട്ടുവന്നില്ല. 50 വർഷം തികയാറാകുന്നു. എന്നിട്ടും ഒരു വലിയ സംഘം പൊലീസുകാർ, ഈ രഹസ്യം ഇപ്പോഴും ഒറ്റക്കെട്ടായി, ഗൂഢമായി സൂക്ഷിക്കുയാണ്. കേരളം രാജൻകേസ് ഏറെ ചർച്ചചെയ്തതിനാലും കെ കരുണാകരന്റെ രാജിക്കുവരെ ഇടയാക്കിയ സംഭവം എന്ന നിലയിൽ പരിചിതമായതിനാലും അത് അധികം എഴുതുന്നില്ല.
അതുപോലെ ചേകന്നൂർ മൗലവിയുടെ കാണാതാവലിനും ഇന്നും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. 1993 ജൂലായ് 29-ന് എടപ്പാളിലെ വീട്ടിൽനിന്ന് രണ്ടുപേർ കൂട്ടിക്കൊണ്ടുപോയ മൗലവിയെ പിന്നെ ആരും കണ്ടിട്ടില്ല. മതഗ്രന്ഥങ്ങൾക്ക് സ്വന്തം വ്യാഖ്യാനമുണ്ടാക്കിയതാണ് പ്രകോപനമെന്ന് കണക്കുകൂട്ടുന്നു. 30 വർഷമാകുന്നു. ഇരട്ടജീവപര്യന്തം തടവുശിക്ഷ കിട്ടിയ പ്രതിയെ 2018-ൽ ഹൈക്കോടതി വെറുതേവിട്ടു. മറ്റ് മൂന്നുപേർ ശിക്ഷ അനുഭവിക്കുന്നുണ്ട്. പല ശ്രമങ്ങൾ നടത്തിയിട്ടും മൃതദേഹം കണ്ടെടുക്കാനായില്ല. ഒപ്പം ഈ കേസിലെ ആസൂത്രകരെയും. കേരളത്തിൽ ഇസ്ലാമി തീവ്രാവാദത്തിന്റെ സായുധരൂപത്തിലുള്ള തുടക്കവും ഇതോടെയാണ്.
സുകുമാരക്കുറുപ്പിന്റെ തിരോധാനവും നമ്മൾ എഴുതിയും ചർച്ചചെയ്തും സിനിമയെടുത്തും ഒരു നാടോടിക്കഥപോലെ ആയിട്ടുണ്ട്. ചാക്കോ വധക്കേസ് ആസൂത്രണംചെയ്ത സുകുമാരക്കുറുപ്പ് എവിടെ എന്നത് ഇന്നും പ്രഹേളികയാണ്. ഒന്നിനോടും ബന്ധപ്പെടാതെ, തന്നെത്തേടുന്ന വലിയ സംഘം അന്വേഷണോദ്യോഗസ്ഥരെയും ഒരു ജനതയെയും കബളിപ്പിച്ചുകൊണ്ടുള്ള കുറുപ്പിന്റെ ഒളിച്ചിരിപ്പ് വിസ്മയകരമാണ്, അത്ഭുതകരമാണ്. 'കുറുപ്പ്' എന്ന സിനിമ ഇറങ്ങിയതിന് ശേഷവും ,കാശിയിൽവെച്ച് കേരളത്തിന്റെ ഈ മോസ്റ്റ് വാണ്ടഡ് ക്രിമിനലിനെ കണ്ടുവെന്ന അഭ്യൂഹങ്ങളും പൊലീസ് അന്വേഷണവും നടന്നിട്ടുണ്ട്. എന്തായാലും കുറപ്പിന്റെ കേസിലും പൊലീസ് ഫയൽ ക്ലോസ് ചെയ്തിട്ടില്ല. അന്വേഷണം ഇപ്പോഴും നടക്കയാണ്.
രാഹുലും പിന്നെ കോട്ടയം ദമ്പതിമാരും
ഗബ്രിയൽ ഗാർസിയ മാർകേസിന്റെ മാജിക്കൽ റിയലിസത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, നിന്ന നിൽനിൽപ്പിൽ ആളുകളെ കണാതായ രണ്ടു സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടായത്. 2005 മെയ് 18നാണ് ആലപ്പുഴ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജു മിനി ദമ്പതികളുടെ മകനായ രാഹുൽ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. വീടിനു സമീപത്ത പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. മുത്തച്ഛൻ ശിവരാമപണിക്കരുടെ പരാതിയെ തുടർന്ന് 2009 ലാണ് എറണാകുളം സി.ജെ.എം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കൂടെ കളിച്ചുകൊണ്ടിരുന്ന അയൽവാസിയായ ഒരു കുട്ടി രാഹുലിനെ ഒരാൾ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നൽകിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസിൽ സംശയിക്കപ്പെട്ട രാഹുലിന്റെ അയൽവാസി റോജോയെ നാർക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. 25 സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു.രാഹുലിനെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഫലം ഉണ്ടായില്ല. തെളിവില്ലെന്നു പറഞ്ഞ് സിബിഐ. കേസ് അടച്ചുപൂട്ടി.
രാഹുൽ ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ എവിടെ ആ ചിന്ത വലിയ വേദനയാണ്.
ഈയിടെയും കുട്ടിയുടെ പഴയ ചിത്രം വെച്ച് വീട്ടുകാർ രേഖാ ചിത്രം വരിച്ചിരുന്നു. എത്രയോ പേർക്കാണ് രാഹുലിന്റെ മിസ്സിങ്ങിൽ പങ്കുണ്ടെന്ന് പറഞ്ഞ് പൊലീസിൽനിന്ന് മാരകമായി മർദനം ഏറ്റത്. പക്ഷേ കുട്ടി എവിടെ എന്നത് ഇന്നും ദുരൂഹം. പക്ഷേ അമ്മയും മിനിയും, അച്ഛൻ രാജുവും ഇപ്പോഴും പ്രതീക്ഷയോടെ മകനെ കാത്തിരിക്കയാണ്.
അതുപോലെ നിന്ന നിൽപ്പിൽ കണാതായവർ ആണ് കോട്ടയം ദമ്പതികളും. കോട്ടയം താഴത്തങ്ങാടിയിൽനിന്ന് ഒരു ഹർത്താൽ ദിവസം 2017 ഏപ്രിൽ ആറിന് രാത്രി കുട്ടികൾക്കു ഭക്ഷണം വാങ്ങാൻ, രജിസ്ട്രേഷൻ നമ്പർ കിട്ടാത്ത പുത്തൻ കാറിൽ പുറത്തേക്കുപോയ ദമ്പതിമാരായ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ പിന്നീട് ആരും കണ്ടിട്ടില്ല. അഞ്ചുവർഷമാകുന്നു. മൊബൈൽ, എ.ടി.എം. ഒന്നുമെടുത്തിരുന്നില്ല. കോട്ടയത്തുനിന്ന് പുറത്തേക്ക് പോയിട്ടില്ലെന്ന് പൊലീസ് ഉറപ്പുപറയുന്ന രണ്ടുപേർ, ഒപ്പം ഒരു കാറും. എവിടെ മറഞ്ഞു. ആർക്കും ഇന്നും അറിയില്ല. കുറെ അഭ്യൂഹങ്ങൾ അല്ലാതെ
കാണാമറയത്തെ സോണി
ചാനലുകളിൽ കത്തിനിൽക്കുന്ന ഒരു അവതാരകനെ ഒരു സുപ്രഭാതത്തിൽ കാണാതാൽ എന്തുസംഭവിക്കും. അതാണ് ഇന്ത്യാവിഷന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ആയിരുന്ന സോണി എം ഭട്ടതിരിപ്പാടിന് സംഭവിച്ചത്. 2008 ഡിസംബറിൽ ഗോവൻ ചലച്ചിത്രമേള റിപ്പോർട്ടുചെയ്തു മടങ്ങിയ ഇദ്ദേഹം, അപ്രത്യക്ഷനായി. ട്രെയിനിലുള്ള മടക്കയാത്രക്കിടയിൽ കാസർഗോഡിനും നീലേശ്വരത്തിനുമിടയ്ക്ക് വച്ചാണ് ഭാര്യാപിതാവു മൊന്നിച്ചു യാത്ര ചെയ്തിരുന്ന സോണിയെ കാണാതാകുന്നത്. 15 വർഷമായിട്ടും യാതൊരു വിവരവുമല്ല.
സോണി എം.ഭട്ടതിരിപ്പാടിന്റെ ഭാര്യയും ആയുർവേദ ഡോക്ടറുമായ ജി.കെ.സീമ പറയുന്നത് ഇങ്ങനെ. 2008 ഡിസംബർ 18 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഗരീബ്രഥ് എക്സ്പ്രസിലാണ് സോണി ഗോവയിലേക്ക് വണ്ടി കയറിയത്. എറണാകുളത്തെ വീട്ടിൽ നിന്നും സീമ തന്നെയാണ് സോണിയെ കാറിൽ നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. അന്ന് ഇന്ത്യാവിഷനിൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി ജോലി ചെയ്ത സോണി ഗോവയിലെത്തി ആദ്യ രണ്ട് ദിവസം ചലച്ചിത്രമേളയെ കുറിച്ചുള്ള സ്റ്റോറികൾ ചെയ്തിരുന്നു. ഇതിനിടയിൽ സീമയെയും വിളിക്കുമായിരുന്നു. എന്നാൽ പെട്ടന്ന് അത് നിലയ്ക്കുകയും ചെയ്തു.
ടിവിയിൽ വാർത്തയും വീട്ടിലേക്ക് ഫോണും വരാതായതോടെ സീമ സോണിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ അതും നിശ്ചലമായിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോണി മംഗലാപുരം ഫാദർ മുള്ളേസ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. അടുത്തദിവസം തന്നെ നാട്ടിൽ തിരിച്ചെത്തുമെന്നും മക്കളെ കാണണമെന്നും സോണി പറഞ്ഞിരുന്നതായി സീമ പറയുന്നു. എന്നാൽ മംഗലാപുരത്ത് നിന്നും സോണി എങ്ങോട്ടാണ് പോയതെന്ന് ആർക്കും അറിയില്ല. ഇടയ്ക്ക് വീട്ടിൽ പറയാതെ ആഴ്ചകളോളം മാറിനിൽക്കുന്ന ശീലം സോണിക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണത്തിന് തയ്യാറായതുമില്ല. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സോണി തിരിച്ചെത്താത്തതിനാൽ അന്നത്തെ ഡി.ജി.പി.ജേക്കബ് പുന്നൂസിന് പരാതി നൽകി. തുടർന്ന് ഗോവ പൊലീസിലും പരാതി നൽകി.
എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ സോണിയെ കുറിച്ച് യാതൊരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയിരുന്നു. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കുന്ന സോണി മംഗലാപുരത്ത് നിന്നും മൂകാംബികയിലേക്കോ കുടജാദ്രിയിലേക്കോ പോയി കാണുമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. തന്റെ അപ്പുവേട്ടൻ ഇന്നല്ലെങ്കിൽ നാളെ, തന്നെയും മക്കളെയും കാണാനെത്തുമെന്ന് തന്നെയാണ് ഡോ. ജി.കെ.സീമ ഇപ്പോഴും വിശ്വസിക്കുന്നത്.
ഏത് അന്തപ്പുര രഹസ്യവും കണ്ടെത്തുന്നവരാണ് നമ്മുടെ മാധ്യമ പ്രവർത്തകർ. മനോരമയിലും, മനോരമ ന്യുസിലും ഇന്ത്യവിഷനിലുമൊക്കെ നിറഞ്ഞു നിന്നിരുന്ന ഒരു മാധ്യമ പ്രവർത്തകൻ, കാണാമറയത്ത് ആയിട്ടും ഒരു തുമ്പുപോലും കണ്ടെത്താൻ നമ്മുടെ മാധ്യമ ലോകത്തിന് ആയിട്ടുമില്ല.
ആരായിരുന്നു ആ രത്നവ്യാപാരി?
ഇതുവരെ കാണാതായവരെക്കുറിച്ച് നമുക്ക് ആരാണ് എന്ന് അറിയാമായിരുന്നു. എന്നാൽ ഐഡന്റിറ്റി വ്യക്തമല്ലാത്ത ദുരൂഹതകളിൽ റിക്കോർഡിട്ട ഒരു കേസാണ് രത്നവ്യാപാരി ഹരിഹരവർമയുടേത്. 2012 ഡിസംബർ 24-ന് തിരുവനന്തപുരത്ത് ഹരിഹരവർമ്മ കൊല്ലപ്പെടുന്നു. കേസ് തെളിഞ്ഞു. പക്ഷേ, കൊല്ലപ്പെട്ടത് ആരെന്ന് തെളിഞ്ഞില്ല. ഹരിഹരവർമയെന്ന പേര് വ്യാജം. മാവേലിക്കര കോവിലകം അംഗമെന്നു പറഞ്ഞു. അങ്ങനെയൊരു അംഗം ഇല്ലെന്ന് കോവിലകം. രണ്ട് ഭാര്യമാരുണ്ട്. അവർക്കുപോലും അറിയില്ല, യഥാർഥ പേര്. മൂന്നുകൊല്ലത്തെ ഫോൺ റെക്കോഡ്സ് പൊലീസ് പരിശോധിച്ചു. ഒന്നും വ്യക്തമായില്ല. പാസ്പോർട്ട്, ഐ.ഡി. ഒക്കെ വ്യാജം. 'വർമ' കേരളത്തിൽ 15 വർഷത്തെ പൊതുജീവിതം നയിച്ചു. വരേണ്യമലയാളത്തിൽ സംസാരിച്ചു. പക്ഷേ ആര്, എവിടെ ജനിച്ചു, ബന്ധുക്കൾ ആര് മരിച്ച് ഒരു ദശകമായിട്ടും വർമയെ തിരിച്ചറിയുന്ന ഒരു അജ്ഞാതസന്ദേശംപോലും പൊലീസിന് കിട്ടിയിട്ടില്ല.
ഹരിവരവർമ്മയുടെ ശരിയായ ഭൂതകാലം കണ്ടെത്താൻ, ഹൈക്കോടതി നിർദ്ദേശം പ്രകാരം, ഡിജിപി കെഎസ് ബാലസുബ്രമണ്യൻ, പ്രത്യേക സംഘത്തെ നിയോഗിച്ചുവെങ്കിലും ഒന്നും കണ്ടെത്തനായില്ല. കൊലക്കേസ് അന്വേഷണവും വർമ്മയുടെ ഭൂതകാലവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടാണ് പൊലീസ് കോടതിയിൽ സ്വീകരിച്ചത്. പാലക്കാടും തിരുവനന്തപുരത്തുമായി രണ്ടുഭാര്യമാർ, അതിൽ ഒരാൾ വാണിജ്യ നികുതി വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണർ, കൊട്ടാരം വകയെന്ന പേരിൽ കൈയിൽ രണ്ടായിരം കോടിയോളം വില മതിക്കുന്ന രക്നശേഖരം, സ്വന്തമായി കോടികൾ വിലമതിക്കുന്ന വീടുകളും വസ്തുക്കളും, വമ്പൻ റിയൽ എസ്റ്റേറ്റ് ശൃഖലയിലെ കണ്ണി.... എന്നിട്ടും ഇയാൾ ആരാണെന്ന് കണ്ടെത്താൻ കഴിയാത്തത് ഞെട്ടിപ്പിക്കുന്നതും, കേരളാ പൊലീസിന് നാണക്കേട് ഉണ്ടാക്കുന്നതുമാണ്. പൂഞ്ഞാർ രാജകുംടുംബമായി ബന്ധമുള്ളതടക്കമുള്ള ഹരിഹരവർമ്മയുടെ കൈയിലുള്ള രേഖകൾ എല്ലാം വ്യാജമായിരുന്നു. പ്രകൃതിദത്തമായ നാലായിരത്തോളം അപുർവ രത്നങ്ങളാണ് ഇയാളുടെ കൈയിൽ ഉണ്ടായിരുന്നത്. ഇതുകൊള്ളയടിക്കാനുള്ള ശ്രമത്തിലാണ് അയാൾ കൊല്ലപ്പെടുന്നതും. കൊലക്കേസിലെ പ്രതികളെ പിടിച്ചെങ്കിലും കൊല്ലപ്പെട്ടത് ആരാണെന്ന് ഇനിയും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിന്റെ ചുവടുപിടിച്ചാണ്, അടൂർ ഗോപാലകൃഷ്ണൻ ദിലീപിനെയം കാവ്യമാധവനെയും നായകിനായകന്മാരാക്കി 'പിന്നെയും' എന്ന സിനിമ എടുത്തത്. ഹരിഹരവർമ്മയുടെ കഥയെ സുകുമാരക്കുറുപ്പിലേക്ക് ലയിപ്പിക്കയാണ് ഇവിടെ ചെയ്തത്. പക്ഷേ ചിത്രം പുറത്തിറങ്ങിയപ്പോൾ, കുറുപ്പിനെ ന്യായീകരിക്കുന്നുവെന്ന് പറഞ്ഞ് വലിയ തോതിലുള്ള വിമർശനങ്ങളും ഉണ്ടായി.
ജെസ്നയുള്ളത് എവിടെ?
ഇത്തരം തിരോധാന പരമ്പരകളുടെ ഒടുവിലത്തെ കണ്ണിയാണ് ജെസ്നയെന്ന പെൺകുട്ടി. 2018 മാർച്ച് 22 ന് രാവിലെ 9.30 നാണ് ജെസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയാണ് ജെസ്ന. കാണാതാവുമ്പോൾ വെറും 20 വയസ്സ്. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസർവ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളർത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവൾ ആരോടും അവതരിപ്പിച്ചിരുന്നുമില്ല. കോളജിലേക്ക് പോകുന്നത് സഹോദരൻ ജെയ്സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലാണ് ജെയ്സ് പഠിക്കുന്നത്. ജെസ്ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാൽ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്, ജെഫിമോൾ.
22 ന് ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. പുസ്തകവുമായി വീടിന്റെ വരാന്തയിൽ ഇരുന്ന ജെസ്ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. പിന്നെയാണ് ജെസ്നയെ കാണാതായത്.
ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനിൽ പിതാവും ബന്ധുക്കളും പരാതി നൽകി. എന്നാൽ, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാൽ കേസ് അവിടേക്ക് മാറ്റി. മൊബൈൽ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈൽ ഫോൺ അടക്കം ഒരു സാധനവും ജെസ്ന എടുത്തിട്ടുമില്ല.
പിന്നെ കഥകളുടെ പ്രവാഹമായിരുന്നു. ജെസ്നയെ തമിഴ്നാട്ടിൽ കണ്ടു, ബംഗളൂരുവിൽ കണ്ടു, മലപ്പുറത്തെ പാർക്കിൽ കണ്ടു...ഇങ്ങനെ കിംവദന്തികളുടെ പിന്നാലെ പൊലീസ് നടന്നു വലഞ്ഞു. ബംഗളൂരുവിലെ ഒരു ആശ്രമത്തിൽ ജെസ്ന ചെന്നുവെന്ന വാർത്ത പുറത്തു വിട്ട് ആന്റോ ആന്റണി എംപിയും ഇളിഭ്യനായി. ഇതിനിടെ രണ്ടു അജ്ഞാത മൃതദേഹങ്ങൾക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നു. ഒന്ന് ഇടുക്കി മുതിരപ്പുഴയാറ്റിൽ കണ്ട യുവതിയുടെ കാലായിരുന്നു. മറ്റൊന്ന് തമിഴ്നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹവും. മുക്കൂട്ടുതറ, മുണ്ടക്കയം എന്നിവിടങ്ങളിലെ സിസിടിവികളിലും പലരും ജെസ്നയെ കണ്ടു.
2021 ഫെബ്രുവരിയിലാണു കേസന്വേഷണം ഹൈക്കോടതി സിബി.ഐയെ ഏൽപ്പിച്ചത്. അതിനു മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷമാണ് നടന്നത്. ജെസ്ന എവിടെയുണ്ടെന്ന് അറിയാമെന്ന് ഒരു ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി: ടോമിൻ ജെ. തച്ചങ്കരി പറഞ്ഞിരുന്നു. കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. സമാനപ്രസ്താവന പത്തനംതിട്ട എസ്പിയായിരുന്ന കെ.ജി. സൈമൺ നടത്തിയെങ്കിലും ജെസ്ന ഇപ്പോഴും കാണാമറയത്തു തന്നെയാണ്.
ജെസ്ന ജെയിംസ് രാജ്യം വിട്ടുവോ എന്നറിയാൻ സിബിഐ വിമാനടിക്കറ്റുകൾ ഉൾപ്പെടെ പരിശോധിക്കുമെന്ന വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. 2018 മാർച്ച് മുതലുള്ള ടിക്കറ്റുകളാണു പരിശോധിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങൾ വഴി യാത്രചെയ്തവരുടെ വിവരങ്ങളാണ് ആദ്യം പരിശോധിക്കുക. സിബിഐ ജെസ്നക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ജെസ്ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടെന്നുള്ള വിവരവും പറഞ്ഞുകേൾക്കുന്നുണ്ട്. ഇതും സിബിഐ. സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംശയം അവിടുത്തെ സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. യുവതി രണ്ടു തവണ പ്രസവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, അന്വേഷണം വന്നതോടെ യുവതിയും കുടുംബവും അവിടം വിട്ടത്രേ. ഇപ്പോൾ സിറിയിൽ ഉണ്ടെന്നാണ് പറയുന്നത്. ചില ജിഹാദി ഗ്രൂപ്പുക കുട്ടിയെ മതംമാറ്റിയെന്ന് പറയുന്നു. പക്ഷേ ഇതൊന്നും സിബിഐ സ്ഥിരീകരിക്കുന്നില്ല പക്ഷേ ഒരുകാര്യം പൊലീസ് സിബിഐയും സ്ഥിരീകരിക്കുന്നുണ്ട്. പെൺകുട്ടി ജീവനോടെയുണ്ട്. പക്ഷേ എവിടെ? ആ ദുരൂഹതയാണ് ഇനി കുരുക്കഴിയാണ് ഉള്ളത്.
വാൽക്കഷ്ണം: നിഗൂഡമായ കാണാതാവലുകളും, ദുരൂഹതയുള്ള കേസുകളുമൊക്കെ അമേരിക്കയിലും യൂറോപ്പിലുമൊക്കെയാണ് സംഭവിക്കുകയെന്നും നമ്മുടെ നാട് ഏറെ സുരക്ഷിതവും ശാന്ത സുന്ദരവുമാണെന്ന് കരുതുന്നവർ ഈ അനുഭവങ്ങൾ വായിക്കണം. കേരളത്തിൽ ഇങ്ങനെയാന്നും സംഭവിക്കില്ലെന്ന അമിതമായ ആത്മവിശ്വാസം നല്ലതല്ല. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നതാണെല്ലോ നമ്മുടെ ആപ്തവാക്യം!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ