മനാമ: അമ്മ കാറിനുള്ളിൽ ഇരുത്തി കടയിൽ പോയതിനിടയിൽ അജ്ഞാതർ തട്ടിക്കൊണ്ട് പോയ ഇന്ത്യൻ ബാലികയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.ഹൂറയിൽ നിന്നും കാണാതായ സാറ എന്ന അഞ്ചുവയസ്സുകാരിയെയാണ് പ്രാർത്ഥനകൾക്കും ആശങ്കകൾക്കുമൊടുവിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബഹ്‌റൈൻ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തു. 38 വയസ്സുള്ള ഒരു ബഹ്‌റൈൻ സ്വദേശിയും37 കാരിയായ ഏഷ്യൻ വംശജയുമാണ് പിടിയിലായിരിക്കുന്നതെന്ന് ക്യാപിറ്റൽ ഗവർണറേറ്റിലെ പൊലീസ് ജനറൽ ഡയറക്ടറേറ്റ് കേണൽ ഖാലിദ് അല് റോബിൻ വ്യക്തമാക്കി .

ഹൂറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താനായത്. ഇതോടെ 24 മണിക്കൂർ നീണ്ടുനിന്ന ദുരൂഹതകളാണ് നീങ്ങിയത്. കുട്ടിയെ കാണാതെ ആയപ്പോൾ മുതൽ സോഷ്യൽ മീഡിയ ഉൾപ്പെടെ ഉള്ള മാദ്ധ്യമങ്ങളിൽ വാർത്ത നിറഞ്ഞിരുന്നു.

ചൊവ്വാഴ്‌ച്ച വൈകീട്ട് 7.15ഓടെ ഹൂറയിലാണ് സംഭവം.ഹൂറയിലെ ഡേ കെയറിൽ നിന്ന് കുട്ടിയെ കൂട്ടിയ ശേഷം കാറിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അമ്മ. ഹൂറയിലെ ഗോൾഡൻ സാൻഡ്‌സ് അപ്പാർട്ട്‌മെന്റിന് സമീപം കാർ നിർത്തിയ ശേഷം കുട്ടിയെ പിൻസീറ്റിലിരുത്തി യുവതി അടുത്തുള്ള കോൾഡ് സ്റ്റോറിൽ കയറി. ഒരു മിനിറ്റിൽ താഴെ മാത്രം സമയത്തിനുള്ളിൽ ഇവർ തിരിച്ചെത്തിയെങ്കിലും ആരോ കാറുമായി കടന്നു കളയുകയായിരുന്നു. കുറച്ച് ദൂരം ഇവർ കാറിനു പുറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് ഹൂറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കാർ കണ്ടെത്തിയെങ്കിലും കുട്ടിക്കായുള്ള തിരച്ചിലായിരുന്നു അധികൃതർ.ഹൂറയിലെ കെ.എഫ്.സിക്ക് സമീപത്താണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ജോലി ചെയ്യുന്ന കന്പനിയുടെ വാഹനമായിരുന്നു ഇത്.

കുട്ടിയുടെ മാതൃ സഹോദരൻ അനീഷിന്റെ പരാതിയിൽ ആയിരുന്നു അന്വേഷണം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നുള്ള അനീഷയുടെ സഹോദരനും ബഹ്‌റൈൻ പ്രവാസിയുമായ അനീഷ് ഫ്രാങ്ക് ചാൾസിന്റെ ഫേസ്‌ബുക് പോസ്റ്റ് ചൊവ്വാഴ്ച വൈകീട്ടുതന്നെ വൈറലായിരുന്നു. ഇത് വാട്‌സ് ആപ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കപ്പെട്ടു. തുടർന്ന് ഇവരുടെ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും ബഹ്‌റൈന്റെ പല ഭാഗങ്ങളിലും തെരച്ചിൽ നടത്തി.

പൊലീസിന്റെ തെരച്ചിൽ ഊർജ്ജിതമായി നടക്കുന്നതിനിടെയാണ് 100ലധികം പേർ വിവിധയിടങ്ങളിൽ അരിച്ചുപെറുക്കിയത്. മലയാളികളായ സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.ആർ.എഫും തെരച്ചിലിലും പൊലീസ് സ്റ്റേഷനിലും മറ്റുമുള്ള കാര്യങ്ങൾക്കും സജീവമായി രംഗത്തിറങ്ങി. ഇന്ത്യൻ എംബസിയും അധികൃതരുമായി നിരന്തര ബന്ധം പുലർത്തിയതായി ഐ.സി.ആർ.എഫ് വൃത്തങ്ങൾ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം വച്ച് വിവിധയിടങ്ങളിൽ പോസ്റ്റുകൾ പതിക്കുകയും ചെയ്തു. ഇതിനൊക്കെ ഒടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയുടെ അന്വേഷണത്തിനായി 25 പട്രോളിങ് വാഹനങ്ങളെയും പൊലീസിനെയുമാണ് വിന്യസിച്ചിരുന്നത്. ലക്‌നൊ സ്വദേശിനിയായ അനീഷ ചാൾസിന്റെ മകളാണ് സാറ. അനീഷ 'മുഹമ്മദ് ജലാൽ കമ്പനി'യുടെ ഒരു ഡിവിഷനിൽ ജീവനക്കാരിയാണ്.