അലക്‌സാഡ്രിയ(മിനിസോട്ട): അലക്‌സാഡ്രിയായിലെ മൊബൈൽ ഹോമിൽ നിന്നും ഓഗസ്റ്റ് 8 ന് തട്ടിക്കൊണ്ടുപോയ ജാസ്മിൻ ബ്ലോക്കിനെ(15) ഒരു മാസക്കാലം നടത്തിയ ഊർജ്ജിത അന്വേഷണത്തിനുശേഷം കണ്ടെത്തിയതായി അലക്‌സാഡ്രിയ പൊലീസ് ഡിപ്പാർട്ട്‌മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുടുംബാംഗങ്ങളോടൊപ്പം താമസിച്ചിരുന്ന മൊബൈൽ ഹോമിൽ നിന്നും നാൽപതു മൈൽ അകലെയുള്ള ഗ്രാന്റ് കൗണ്ടിയിലാണ് ജാസ്മിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ യുവാക്കളുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട ജാസ്മിൻ തൊട്ടടുത്തുള്ള തടാകത്തിലൂടെ അതിസാഹസികമായി നീന്തിയാണ് ഗ്രാന്റ് കൗണ്ടിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇവരെ തട്ടിക്കൊണ്ടുപോയിയെന്നു കരുതുന്ന മൂന്നു യുവാക്കളെ(തോമസ് 32, സ്റ്റീവൻ 20, ജോഷ്വ 31) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്ത് കേസ്സെടുത്തു. ജാസ്മിന്റെ കുടുംബവുമായി ബന്ധമുള്ള തോമസ് ഓഗസ്റ്റ് 8ന് ഫാമിലി എമർജൻസിയുള്ളതിനാൽ അത്യാവശ്യമായി കൂടെ വരണം എന്ന് ആവശ്യപ്പെട്ടു ജാസ്മിനെ വീട്ടിൽ നിന്നും കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് ചീഫ് റിക്ക് വെളിപ്പെടുത്തി. വീട്ടിലെത്തിയ ജാസ്മിനെ കെട്ടിയിട്ട് മൂന്ന് യുവാക്കളും ആയുധം കാട്ടി ഭീഷിണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മകളെ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് മാതാവും കുടുംബാംഗങ്ങളും.