ദുബായ്: ഇപ്പോഴത്തെ തലമുറയിലെ കുട്ടികളോട് സംസാരിക്കുമ്പോഴും ശകാരിക്കുമ്പോഴും സൂക്ഷിച്ചു വേണം എന്നാണ് പൊതുവേ പറയാറ്. പരീക്ഷയ്ക്ക് മാർക്കു കുറഞ്ഞതിനും മൊബൈൽ ഫോണിൽ സംസാരം കൂടിയപ്പോൾ വഴക്കുപറഞ്ഞതിനും ശകാരം കേൾക്കേണ്ടി വന്നതിനും പലവിധത്തിലാണ് കുട്ടികൾ പ്രതികരിക്കാറ്. ചിലർ കടുംകൈ ചെയ്തപ്പോൾ മറ്റുചിലർ പിണങ്ങി വീട്ടിൽ നിന്നും പോയ സംഭവങ്ങളുടെ വാർത്തകളും ഇന്ത്യക്കാർ കേട്ടിട്ടുണ്ട്.

ദുബായിലെ ഇന്ത്യൻ ദമ്പതികളുടെ മകളും മാതാപിതാക്കളെ ശരിക്കും ഭയപ്പെടുത്തി കളഞ്ഞു. മാതാപിതാക്കൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിൽ പിണങ്ങി വീടിന്റെ മുകൾത്തട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു വിദ്യാർത്ഥിനി. കുട്ടിയെ കാണാതെ മാതാപിതാക്കളാകട്ടെ നാടൂനീീളെ തിരയുകയും ചെയ്തു. ഒടുവിൽ ദുബായ് പൊലീസ് അന്വേഷിച്ചപ്പോൾ വിദ്യാർത്ഥിനിയെ കണ്ടെത്തുകയായിരു്ന്നു.

ദുബായിലെ ഉമ്മുസുഖീമിൽ ഇന്നലെയായിരുന്നു സംഭവം. ദുബായ് ബർഷയിലെ സ്വകാര്യ സ്‌കൂളിൽ 11ാം ക്ലാസ് വിദ്യാർത്ഥിനിയായ ഹരിണി കറാനി(16)യാണ് രാവിലെ ആറിന് നടക്കാൻ ഇറങ്ങിയ ശേഷം കാണാതെ പോയത്. വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ ദുബായ് പൊലീസിൽ വിവരമറിയിച്ചു. തങ്ങൾ ശകാരിച്ചതു കൊണ്ട് അവൾ വീടുവിട്ടു പോയിരിക്കാം എന്നായിരുന്നു അവർ കരുതിയിരുന്നത്.

ദുബായ് പൊലീസ് അന്വേഷണം തുടർന്നതിനൊപ്പം സാമൂഹ്യ മാധ്യമങ്ങൾ വഴിയും അന്വേഷണം ഊർജ്ജിതമാക്കുകയുണ്ടായി. ബന്ധുക്കളും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങൾ വഴിയും പൊതുജനങ്ങളോട് സഹായം ആവശ്യപ്പെട്ടിരുന്നു. എവിടെ നിന്നും പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് വീട് പരിശോധിച്ചപ്പോൾ മുകൾനിലയിൽ ഒളിച്ചിരിക്കുന്നതാണ് കണ്ടത്.

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ മാതാപിതാക്കൾ വഴക്കുപറയുകയും മൊബൈൽഫോൺ തിരിച്ചുവാങ്ങുകയും ചെയ്തിരുന്നു. ഇതിലുള്ള ദേഷ്യത്താലാണ് കുട്ടി വീടിനുള്ളിൽ ഒളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്തായാലും ഇത്രയും സമയത്തിനുള്ളിൽ മാതാപിതാക്കൾ ശരിക്കും തീതിന്ന അവസ്ഥയിലായിരുന്നു.