മനാമ: ഇതന്റെ അവസാന പ്രതീക്ഷയാണ്..എന്റെ അച്ഛനെ കണ്ടെത്താൻ ഒന്ന് സഹായിക്കാമോ.. നഴ്‌സിങ്ങിന് പഠിക്കുന്ന എനിക്ക് ഫീസടയ്ക്കാൻ പോലും നിവൃത്തിയില്ല..അമ്മയ്ക്ക് ജോലിയുമില്ല..പതിമുന്ന് വർഷം മുൻപ് കാണാതായ പിതാവിനെത്തേടി ഒരു മകളുടെ ഫേസ്‌ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ബഹ്റിനിലേക്ക് പോയ അച്ഛനെ കണ്ടെത്താനായി തിരുവനന്തപുരം കുളത്തൂർ സ്വദേശിയായ അഞ്ജുവാണ് ഫേസ്‌ബുക്കിലുടെ സഹായം അഭ്യർത്ഥിച്ചത്.പോസ്റ്റ് ശ്രദ്ധയിൽപെട്ടയുടനെ ബഹറിനിലെ മലയാളി സമൂഹം അഞ്ജുവിനെ സഹായിക്കാനായി രംഗത്ത് വരികയായിരുന്നു.

ബഹ്‌റൈനിലെ സാമൂഹികപ്രവർത്തകരും മലയാളികളും ഒത്തുചേർന്നപ്പോൾ അഞ്ജുവിന്റെ അച്ഛൻ ചന്ദ്രനെ ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞു കണ്ടെത്തി. ഭാര്യയും മക്കളുമായി ഫോണിൽ സംസാരിച്ച ചന്ദ്രൻ ഇപ്പോൾ നാട്ടിലേക്ക് തിരിച്ചെത്താനുള്ള ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്.

2009 ഓഗസ്റ്റ് മാസത്തിലാണ് ചന്ദ്രൻ ബഹ്റൈനിലെത്തിയത്. രണ്ടു വർഷം കഴിഞ്ഞപ്പോൾ വിസ കാലാവധി തീർന്നു. പിന്നീട് പുതുക്കാനായില്ല. പാസ്സ്പോർട്ടിന്റെ കാലാവധിയും കഴിഞ്ഞതോടെ നാട്ടിൽ പോകാനുള്ള ആഗ്രഹമൊക്കെ മാറ്റിവെച്ചു. തുടർന്നു നിർമ്മാണരംഗത്തു ചെറിയ ജോലികൾ ചെയ്തു ജീവിതം തള്ളിനീക്കുകയായിരുന്നു. ഇതിനിടയിലാണ് അഞ്ജുവിന്റെ പോസ്റ്റ് കണ്ട മലയാളി സമൂഹം ചന്ദ്രനെക്കുറിച്ചുള്ള അന്വേഷണമാരംഭിച്ചതും കണ്ടെത്തിയതും.

13 വർഷം മുൻപ്, തനിക്ക് ആറു വയസ്സുള്ളപ്പോൾ നാടുവിട്ട പിതാവിനെ ഏതുവിധേനയും കണ്ടെത്തി നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നായിരുന്നു നഴ്സിങ് വിദ്യാർത്ഥിനിയായ അഞ്ജു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. നാട്ടിൽ തന്റെ അമ്മക്ക് ജോലിയൊന്നുമില്ലെന്നും തന്റെ ഫീസ് കൊടുക്കുവാൻ പോലും നിവൃത്തിയില്ലെന്നും അഞ്ജു സൂചിപ്പിച്ചിരുന്നു. അഞ്ജുവിന്റെ കരളലിയിപ്പിക്കുന്ന വാക്കുകൾ മലയാളികൾ ഏറ്റെടുത്തു. സാമൂഹിക പ്രവർത്തകരും മലയാളികളുമടങ്ങുന്ന നിരവധി ഗ്രൂപ്പുകളാണ് അഞ്ജുവിന്റെ പോസ്റ്റിനു പ്രചാരണം കൊടുത്തത്.

വിവരമറിഞ്ഞ ബഹ്‌റൈനിലെ സാമൂഹികപ്രവർത്തകരും തിരുവനന്തപുരം കുളത്തൂർ സ്വദേശിയായ കെ. ചന്ദ്രനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞദിവസമാണ് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ചന്ദ്രനെ കണ്ടെത്തിയത്. മുഹറഖ് സ്വദേശിയായ ശറഫുദ്ദിൻ, ചന്ദ്രനെക്കുറിച്ചുള്ള ആദ്യ സൂചന നൽകിയപ്പോൾ തന്നെ സുധീർ മുഹറഖിലുള്ള ചന്ദ്രന്റെ താമസസ്ഥലത്തെത്തി തിരിച്ചറിയുകയായിരുന്നു.

തുടർന്നാണ് ചന്ദ്രൻ തന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്.ഉടൻ തന്നെ നാട്ടിലുള്ള ഭാര്യയും മക്കളുമായി സംസാരിക്കാനുള്ള അവസരമൊരുക്കി കൊടുത്തു. എല്ലാവരും അതീവ സന്തോഷത്തിലാണ് സംസാരിച്ചതെന്ന് സുധീർ പറഞ്ഞു. ഏതുവിധേനയും നാട്ടിലെത്തിക്കണമെന്നു മാത്രമായിരുന്നു അവരുടെ ആഗ്രഹം.

ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ എംബസ്സിയിൽ എത്തിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഔട്ട് പാസ് വാങ്ങി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും സുധീർ തിരുനിലത്തു പറഞ്ഞു. എന്നാൽ പാസ്സ്പോർട്ടിന്റെ കോപ്പി പോലുമില്ലാത്തതിനാൽ ചന്ദ്രൻ ഇന്ത്യക്കാരനാണെന്നുള്ള തെളിവുകൾവരെ ഹാജരാക്കേണ്ടതുണ്ട്.സൽമാനിയ ആശുപത്രിയിലെ റെക്കോർഡുകളിൽനിന്നും ഇമ്മിഗ്രേഷൻ അധികൃതരിൽനിന്നുമാണ് ചന്ദ്രനെക്കുറിച്ചുള്ള നാമമാത്രമായ രേഖകളെങ്കിലും ലഭിച്ചത്.

ഇനി നാട്ടിൽനിന്ന് തിരിച്ചറിയൽ രേഖ ഹാജരാക്കിയിട്ടു വേണം ചന്ദ്രനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരാൻ.നാട്ടിൽ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന കുടുംബം ഒരു ചെറു കൂരയിലാണ് താമസിക്കുന്നത്. അഞ്ജുവിന്റെ തുടർവിദ്യാഭ്യാസത്തിനും പണം കണ്ടെത്തേണ്ടതുണ്ട്.എല്ലാത്തിനും വഴിയുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സുധീറും സാമൂഹ്യപ്രവർത്തകരും.