കോഴിക്കോട്: യാത്രയ്ക്കിടെ കർണാടകയിൽ നിന്ന് കാണാതായ മലയാളി സോളോ റൈഡറെ മുംബൈയിൽ നിന്ന് കാമുകിയോടൊപ്പം കണ്ടെത്തി. കുറ്റ്യാടി മൊകേരി സ്വദേശിയും കോഴിക്കോട് ഹൈലൈറ്റ് ബിസ്‌നസ് പാർക്കിൽ ഐ ബേർഡ് മീഡിയ കമ്പനിയിലെ മാർക്കറ്റിങ് മാനേജറുമായ എസ്. സന്ദീപ് (34) നെയാണ് മുംബൈ കൽവ പൊലീസ് സ്റ്റേഷൻ പരിധിയിലെ താനയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാൾ കോഴിക്കോട് പൊറ്റമ്മൽ സ്വദേശിനിയായ കാമുകിയുമൊത്ത് നാട് വിടുകയായിരുന്നുവെന്ന് നല്ലളം പൊലീസ് അറിയിച്ചു.

താനയിൽ ഒളിച്ചു കഴിയുകയായിരുന്ന വീട്ടിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. സന്ദീപ് നാട് വിട്ടതിന് പിന്നാലെ 2 ആഴ്‌ച്ചയ്ക്ക് ശേഷമാണ് യുവതി നാട് വിടുന്നത്. ഇവരെ കാണാനില്ലെന്ന പരാതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഇരുവരും ഒരേ കമ്പനിയിൽ ജോലി ചെയ്തതായി കണ്ടെത്തി. തുടർന്ന് യുവതിയുടെ ഫോണിലേക്ക് വന്ന അവസാന കോൾ പിന്തുടർന്നുള്ള അന്വേഷണമാണ് തിരോത്ഥാനത്തിന്റെ ചുരുൾ അഴിച്ചത്.

ഏറെ ദുരൂഹത നിറഞ്ഞ കേസിന്റെ അന്വേഷണം ഒരു മാസത്തിനൊടുവിലാണ് പൂർത്തിയാവുന്നത്.കഴിഞ്ഞ നവംബർ 24 ന് പാലാഴിയിലെ ഫ്‌ളാറ്റിൽ നിന്ന് യാത്ര തിരിച്ച സന്ദീപ് രണ്ടു ദിവസത്തിന് ശേഷവും വീട്ടിലെത്തിരുന്നതിനെ തുടർന്ന് ഭാര്യ ഷിജി നല്ലളം പൊലീസിൽ പരാതി നൽകുകയായിരുന്നു. ദുംഗ നദിക്ക് സമീപമുള്ള ബസ് വെയ്റ്റിങ് ഷെഡിന് സമീപത്തായി ബൈക്ക് നിർത്തിയിട്ട നിലയിലാണ് പൊലീസ് കണ്ടെത്തിയത്. സന്ദീപ് നാട് വിട്ടതാകാമെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതലേ പൊലീസ് അന്വേഷിച്ചത്. എന്നാൽ സന്ദീപിന്റെ ബസുക്കൾ ഇത് നിഷേധിച്ചിരുന്നു. അറസ്റ്റിലായ ഇരുവരെയും നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് എസ്‌ഐ രാമകൃഷ്ണൻ അറിയിച്ചു.

ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ശീലമുള്ളയാണ് സന്ദീപ്. പക്ഷെ രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ച് വരാതായതോടെയാണ് ഭാര്യ ഷിജി നല്ലളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.സന്ദീപീന്റെ ബൈക്ക്, ബാഗ്, ഹെൽമെറ്റ്, വാച്ച് തുടങ്ങിയവയെല്ലാം ദുംഗാ നദിക്കരയുടെ തീരത്ത് നിന്ന് കണ്ടെത്തിയിരുന്നു. സ്ഥലത്ത് പിടിവലി നടന്നതും ശ്രദ്ധയിൽ പെട്ടതും ദുരൂഹത വർധിപ്പിച്ചിരുന്നു. സംഭവത്തിന് കൊപ്പ ജയാപുര ഭാഗത്തെ മൊബൈൽ ടവറിന് പരിധിയിലാണ് സന്ദീപ് അവസാനമായി മൊബൈൽ ഉപയോഗിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെ ഫോൺ ഉപയോഗിച്ചിട്ടുണ്ട്. തന്റെ യു.എൻ റെനഗേഡ് കമാൻഡോ ബൈക്കുമായാണ് കർണാടകയിലേക്ക് പോയത്. ഇതിനിടെ വീട്ടിലേക്ക് ദിവസങ്ങൾക്ക് മുന്നെ കർണാടക ബെല്ലാരിയിൽ നിന്നും വന്ന ഫോൺ വിളിയെ അടിസ്ഥാനമാക്കിയും അന്വേഷണം നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടും സന്ദീപ് പ്രവർത്തനരഹിതമാക്കിയിരുന്നു. നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്ന സന്ദീപ് അടുത്തകാലത്തായി ഇതിൽ നിന്നെല്ലാം വിട്ട് നിന്നതായും സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു.

മൂന്ന് വർഷത്തിലധികമായി പലാഴിയിലാണ് സന്ദീപും ഭാര്യ ഷിജിയും കുട്ടിയും താമസിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലേക്ക് വിളിച്ചിരുന്നുവെങ്കിലും പിന്നെ ഒരു വിവരവും ഇല്ലായിരുന്നുവെന്നാണ് പറയുന്നത്. ഫോൺവിളിച്ചിട്ട് കിട്ടാതായതോടെ പരാതി കൊടുക്കുകയും ചെയ്യുകയായിരുന്നു.