അടിമാലി: കോട്ടയം പാമ്പാടി ചെമ്പൻകുഴിയിലെ വീട്ടിൽ നിന്നും കാണാതായ അച്ഛനും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് അടിമാലി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കല്ലാറുകൂട്ടി പാലത്തിനടുത്ത് കണ്ടെത്തി. ഇന്നലെ രാത്രി 8 മണിയോടടുത്താണ് ബൈക്ക് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. വിവരം ഫയർഫോഴ്സിനെയും അറിയിച്ചിട്ടുണ്ട്. രാവിലെ ഈ ഭാഗത്ത് പുഴയിൽ തിരച്ചിൽ ആരംഭിക്കുമെന്നാണ് സൂചന.

പാമ്പാടി കുരുവിക്കാട്ടിൽ ബിനീഷ് ,മകൾ പാർവ്വതി എന്നിവരെയാണ് കാണാതായത്. ബിനീഷ് മരപ്പണിക്കാരനും പാർവ്വതി പ്ലസ്വൺ വിദ്യാർത്ഥിനിയുമാണ്. ഇന്നലെ രാവിലെ 11.30 തോടെ ഇവരെ കാണാതായതായിട്ടാണ് ബന്ധു ബിജു പാമ്പാടി പൊലീസിൽ അറിയിച്ചിട്ടുള്ളത്. വൈകുന്നേരം വരെ വീട്ടുകാർ പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തെനായില്ല. തുടർന്നാണ് ബിജു സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചത്.

ഇതെത്തുടർന്ന് ബിനീഷിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അടിമാലിക്ക് സമീപമുള്ള പ്രദേശങ്ങളിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് പാമ്പാടി പൊലീസ് വിവരം അടിമാലി പൊലീസിന് കൈമാറി. അടിമാലി പൊലീസ് രാത്രി നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെത്തിയത്.