കാഠ്മണ്ഡു: നേപ്പാളിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരുമായി യാത്രാമധ്യേ കാണാതായ ചെറു വിമാനം തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാംചെ നദിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതെന്നാണ് സൂചന.

വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഗ്രാമീണർ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാർ അടക്കം 22 പേർ വിമാനത്തിലുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സൂചന. മുംബൈ സ്വദേശികളായ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നീ മുംബൈ സ്വദേശികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാല് പേരുമെന്നാണ് വിവരം.

ഗ്രാമീണർ വിവരം നൽകിയതിനെ തുടർന്ന് നേപ്പാൾ സൈനികർ കര, വ്യോമ മാർഗം ഇവിടേക്കു തിരിച്ചു. നേപ്പാളിൽ ആഭ്യന്തര സർവീസുകൾ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണ് ഇന്നു രാവിലെ കാണാതായത്. താരാ എയറിന്റെ 43 വർഷം പഴക്കമുള്ള 9 എൻഎഇടി ഇരട്ട എൻജിൻ വിമാനമാണിത്. വിമാനത്തിൽ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു പേർ ഇന്ത്യക്കാരാണ്. രണ്ടു പേർ ജർമൻ പൗരന്മാരും ബാക്കി നേപ്പാൾ സ്വദേശികളുമാണ്.

ജോംസോമിന്റെ ആകാശത്താണ് അവസാനമായി വിമാനം കണ്ടത്. ദൗലാഗിരി കൊടുമുടി ലക്ഷ്യമാക്കി തിരിഞ്ഞതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ടിറ്റി മേഖലയിൽ വിമാനം തകർന്നുവീണിരിക്കാമെന്നാണ് തുടക്കത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചതായും പൊലീസ് പറയുന്നു.

മുസ്താങ് ജില്ലയിലെ ജോംസോമിൽനിന്ന് വിമാനം ദൗലഗിരിയിലേക്കു പറന്നതോടെയാണു ബന്ധം നഷ്ടപ്പെട്ടതെന്ന് ചീഫ് ജില്ലാ ഓഫിസർ നേത്രാ പ്രസാദ് ശർമ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു. മേഖലയിലെ കാലാവസ്ഥ പ്രതികൂലമായത് തിരച്ചിൽ ദുഷ്‌കരമാക്കി.

നേപ്പാൾ നഗരമായ പൊഖാരയിൽനിന്ന് ജോംസോമിലേക്കു പോകുകയായിരുന്നു വിമാനം. ഞായറാഴ്ച രാവിലെ 10.15നാണ് വിമാനം പൊഖാരയിൽനിന്നു പുറപ്പെട്ടത്. 15 മിനിറ്റിനുശേഷം കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടമായി.